ഓലയിൽ പറയുന്നതനുസരിച്ച് ചന്ദ്രന്റെ നിറം അർദ്ധാകൃതിയിൽ ചുവപ്പാകുന്ന നിമിഷം ചന്ദ്രഹാസത്തിന്റെ ശക്തി ആവേശിപ്പിച്ചു വച്ചിരിക്കുന്ന ആയുധത്തിനാൽ രാവണതലമുറയിൽ പെട്ടവരുടെ ചോര രാവണന്റെ അസ്ഥിയിൽ ഇറ്റിക്കുന്ന പക്ഷം രാവണ ഉയിർത്തെഴുന്നേൽപ്പ് നടക്കും…
അതിനേക്കാൾ മുന്നേ തന്റെ കയ്യിലുള്ള രാമസാന്നിദ്ധ്യങ്ങളിൽ നിന്ന് ശേഖരിച്ച മണൽത്തരികൾ ആ ചന്ദ്രഹാസത്തിന്റെ ശക്തി ഉൾക്കൊള്ളുന്ന ആയുധത്തിൽ വീഴ്ത്തിയാൽ തന്റെ ലക്ഷ്യം നിറവേറും… അല്ലെങ്കിൽ?… ഹോ… ഒരു നെഗറ്റീവ് ചിന്തയ്ക്ക് ഇവിടെ സ്ഥാനമില്ല എന്നവൻ മനസ്സിലാക്കി… അനേക കാതം താണ്ടി താനിവിടെ വന്നത് തോറ്റു പിൻമാറാനല്ല… അത് താൻ നടത്തുക തന്നെ ചെയ്യും… മുത്തശ്ശിയുടെ ആഗ്രഹം സഫലീകരിക്കും…
നിശ്ചയ ദാർഢ്യത്തോടെ രാഘവ് ഒരുക്കങ്ങൾ തുടങ്ങി… ഉച്ചഭക്ഷണത്തിനു ശേഷം മുറിയിൽ പോയി തനിക്കാവശ്യമായ സാധനങ്ങൾ എടുത്ത് അവൻ തയ്യാറായി… സ്കൈബ്ലൂ ടീഷർട്ട്… ഡാർക് ബ്ലൂ ജീൻസ്… ഒരു വൈറ്റ് ബൂട്ട്… എന്നിവയായിരുന്നു അവന്റെ വസ്ത്രധാരണം… പെയിന്റ് ചെയ്യുന്ന ആളുകൾ പെയ്ന്റിങ്ങ് പേപ്പർ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ഒരു മീറ്റർ വീതിയും 10 സെന്റിമീറ്റർ വ്യാസവുമുള്ള ഒരു പ്ലാസ്റ്റിക് പൈപ്പ് അവൻ തോളിൽ തൂക്കിയിരുന്നു…
അതിലുണ്ടായിരുന്നത് സിഗരിയ റോക്കിന്റെ ഒരു ചെറിയ മാപ്പും, തന്റെ കൃത്യത്തിനാവശ്യമായ ചില്ലുകുപ്പിയും, കട്ടികൂടിയ എന്നാൽ വണ്ണം കുറഞ്ഞ കുറച്ച് ഫൈബർ റോഡ്സും ആയിരുന്നു…