മുത്തശ്ശി പറഞ്ഞതു പോലെ സന്ദർശിക്കേണ്ട സ്ഥലങ്ങൾ ഏതൊക്കെയെന്ന് അവൻ ഒരു ലിസ്റ്റുണ്ടാക്കി… കൂടുതൽ വിവരങ്ങൾ അറിയാൻ അവൻ ചെയ്തത് അവന്റെ സന്തത സഹചാരിയായ ഗൂഗിളിനെ ആശ്രയിക്കുക എന്നതായിരുന്നു… അതിൽ സെർച്ച് ചെയ്തപ്പോൾ അവന് കാര്യങ്ങൾ കുറേക്കൂടി വ്യക്തമായി…
ഒരു രാത്രിയുടെ ഏഴാം യാമത്തിൽ താൻ സന്ദർശിക്കേണ്ട സ്ഥലങ്ങളുടെ ഒരു ലിസ്റ്റ് അവൻ തയ്യാറാക്കി…
1) ജനക്പൂർ – സീതയുടെ ജന്മ സ്ഥലം – നേരത്തേ ബീഹാറിൽ അയിരുന്ന ഈ സ്ഥലം ഇപ്പോൾ നേപ്പാളിലെ കാഠ്മണ്ഡുവിലാണ്
2) അയോദ്ധ്യ – രാമന്റെ ജന്മസ്ഥലം – ഉത്തർപ്രദേശിലെ ആ സ്ഥലനാമത്തിന് ഇപ്പോഴും മാറ്റമൊന്നുമില്ല
3) ദണ്ഡകാരണ്യം – രാമ സീതാ ലക്ഷ്മണൻമാർ കാനനവാസം നടത്തിയ സ്ഥലം – ആന്ധ്യാപ്രദേശ്, ഒറീസ, ചണ്ഢീഗണ്ഡ് എന്നീ മൂന്ന് സംസ്ഥാനങ്ങൾ കൂടിച്ചേരുന്ന ആ കാനന പ്രദേശത്താണ് ഇപ്പോൾ മാവോയിസ്റ്റുകൾ പ്രാധാനമായും ഉള്ളത്…
4) രാമക്കൽമേട് – ഇടുക്കി ജില്ല
5) ശബരീപീഠം – ശബരിമല – പത്തനംതിട്ടജില്ല
6) ജടായുപ്പാറ – ചടയമംഗലം- കൊല്ലം ജില്ല
7) രാമേശ്വരം – തമിഴ് നാട്
ഏറ്റവും അവസാനം
8) ശ്രീലങ്ക- രാവണന്റെ പഴയ ലങ്കാ സാമ്രാജ്യം – തന്റെ ലക്ഷ്യം
പോകേണ്ട സ്ഥലങ്ങളുടെ ലിസ്റ്റ് റെഡിയായപ്പോൾ അവൻ അതുമായി തന്റെ വീടിന്റെ ഗോവണിയിൽ വന്ന് ആകാശത്തേക്ക് നോക്കി… തെളിഞ്ഞ ആകാശത്തിൽ കാണുന്ന അർദ്ധ ചന്ദ്രൻ തന്നെ നോക്കി ചിരിക്കുന്നതായി അവനു തോന്നി… ചന്ദ്രഹാസം… രാവണൻ ഉഗ്രതപസ്സ് അനുഷ്ഠിച്ച് ശിവന്റെ പക്കൽ നിന്നും വരദാനമായി മേടിച്ച ആ വാളിന് അർദ്ധ ചന്ദ്രാകൃതി ആയിരിക്കുമെന്ന് അവൻ നിനച്ചു… ഐതീഹ്യവും ചരിത്രവും ശാസ്ത്രവും കൂടിച്ചേർന്ന് തന്നെ എവിടേക്കാണ് കൂട്ടികൊണ്ട് പോകുന്നത് എന്ന് ചിന്തിച്ചപ്പോൾ അവന്റെ ചുണ്ടിൽ ഒരു മന്ദഹാസം വിടർന്നു…