അത് തന്റെ അടുത്തേക്ക് നീങ്ങി വരുന്നതായി അവനു തോന്നി… അടുത്ത് വരുന്തോറും അതിന്റെ വട്ടം ഒരു ഭാഗത്ത് നിന്ന് കുറഞ്ഞ് കുറഞ്ഞ് തന്റെയടുത്തെത്തിയപ്പോൾ ഒരു ചിരിക്കുന്ന സ്മൈലി പോലെ തോന്നി അവന്… ചന്ദ്രഹാസം… അതിൽ പിടിക്കാനായി കൈ നീട്ടിയതും ഒരു ഭയങ്കര ശബ്ദത്തോടെ അത് പൊട്ടിത്തെറിച്ചു…
” സീതേ… ” ഉറക്കെ ഉച്ചയെടുത്തു കൊണ്ട് രാഘവ് ഞെട്ടിയുണർന്നു…
അവന്റെ മുഖം വെട്ടി വിയർത്തിരുന്നു… അവൻ അടുത്തിരുന്ന കൂജയിൽ നിന്ന് തണുത്ത വെള്ളമെടുത്ത് തന്റെ അണപ്പ് മാറ്റി… വാച്ചിൽ സമയം നോക്കിയപ്പോൾ സമയം 12.30… ഉറക്കത്തിൽ നിന്ന് ഞെട്ടിയെഴുന്നേറ്റപ്പോൾ താൻ എന്തോ വിളിച്ചു പറഞ്ഞതായി അവന് തോന്നി… പക്ഷേ എത്ര ശ്രമിച്ചിട്ടും അതെന്താണെന്ന് അവന് ഓർത്തെടുക്കാൻ പറ്റിയില്ല…
രാഘവ് മൊബൈലെടുത്ത് ജാനകിയുടെ നമ്പർ ഡയൽ ചെയ്തു…
” ഹായ് രാഘവ്… ഇതെന്താ ഈ സമയത്ത്?… ” മറുതലയ്ക്കൽ ഉറക്കച്ചടവോടെയുള്ള ജാനകിയുടെ ശബ്ദം രാഘവ് കേട്ടു…
” ഏയ് ചുമ്മാ നിന്റെ ശബ്ദം കേൾക്കണമെന്ന് തോന്നി എനിക്ക്… ” രാഘവിന്റെ പ്രേമമൂർന്ന സ്വരം കേട്ടപ്പോൾ ജാനകിയുടെ ഉറക്കം എവിടെയോ പോയി…
” പിന്നെ പിന്നെ ചുമ്മാ എന്നെ സുഖിപ്പിക്കാൻ ഒന്നും പറയണ്ടാട്ടോ…” അവനെ വെറുതെ ദേഷ്യം പിടിപ്പിക്കാൻ അവൾ പറഞ്ഞു…
” നോ നോ… ഐ റിയലി ലവ് യൂ മൈ ഡിയർ ജാനു… ” രാഘവിന്റെ ഹൃദയത്തിൽ നിന്നുതിർന്ന ആ വാക്കുകൾ അവളുടെ മനസ്സിൽ മകരമഞ്ഞ് പെയ്യിച്ചു…
” ഐ ടൂ ഡിയർ… പിന്നേ എനിക്കൊന്ന്… ” ജാനകി അവനെയൊന്ന് കാണണമെന്ന് പറയാൻ തുടങ്ങവേ കോൾ കട്ടായി… അവൾ ഫോൺ കിടക്കയിലിട്ട് നിരാശയോടെ പുതപ്പ് തലവഴി മൂടി…
ജാനകിയുമായി സംസാരിച്ചു കഴിഞ്ഞപ്പോൾ മനസ്സിനൊരു ആശ്വാസം തോന്നിയവന്… അവൾ പറയാൻ തുടങ്ങിയ കാര്യം ഏന്താണെന്ന് അവന് അറിയാമായിരുന്നു… തന്റെ ലക്ഷ്യം നിറവേറ്റാതെ ഇനി അവളെ കാണരുതെന്ന് അവൻ തീരുമാനിച്ചതാണ്… പതിയെ പതിയെ ഉറക്കം അവനെ തേടിയെത്തി…