പോകുന്ന വഴി തന്റെ ലിസ്റ്റിൽ നിന്ന് രാമക്കൽമേട് എന്ന പേര് അവൻ വെട്ടിക്കളഞ്ഞു…
അടുത്ത ആഴ്ച ഹോസ്റ്റലിൽ നിന്ന് വീട്ടിലെത്തിയ രാഘവിന്റെ കഴുത്തിൽ ചെറിയ രുദ്രാക്ഷങ്ങൾ കോർത്ത ഒരു മാല അവന്റെ അച്ഛൻ രഘു കണ്ടു… അവന്റെ താടി വളർന്നിരിക്കുന്നു… ഒരു ബ്ലാക് വിനെക്ക് ബനിയനും അതേ നിറത്തിലുള്ള ഒരു പാന്റും…
” എന്താ മോനേ… നിന്റെ ഗെറ്റപ്പ് ഒക്കെ ആകെ മാറിയല്ലോ.. ” തന്റെ മകന്റെ വേഷപ്പകർച്ച അടിമുടി നോക്കി കൊണ്ട് രഘു പറഞ്ഞു…
” ഞാൻ ശബരിമല ദർശനത്തിന് പോകേണ് അച്ഛാ… ” ഒരു പുഞ്ചിരിയോടെ രാഘവ് പറഞ്ഞു…
” അതേതായാലും നന്നായി മോനേ… അയ്യപ്പസാമിയുടെ അനുഗ്രഹം എന്റെ മോന് എപ്പോഴും ഉണ്ടാകും…” അവന്റെ അമ്മ സന്തോഷത്തോടെ പറഞ്ഞു…
” അപ്പൊ കെട്ടു നിറയ്ക്കുന്നത് എന്നാ?… ” അച്ഛന്റെ ചോദ്യത്തിനു മുന്നിൽ അവനൊന്നു പതറി… രാഘവിന്റെ ഉദ്ദേശം ശബരീപീഠം സന്ദർശിക്കുക എന്നതാണ്… അതിനൊരു മാർഗ്ഗം മാത്രമാണ് ഈ വേഷം…
” അത് പിന്നെ അച്ഛാ… ഞാൻ കെടുനിറച്ചും വ്രതം എടുത്തൊന്നുമല്ല പോകുന്നത്… അവിടം വരെ പോകാൻ ഒരാഗ്രഹം… അത്രേയുള്ളൂ… ” അവൻ ഒതുക്കത്തിൽ പറഞ്ഞു…
” ഉം… നീ ഉദ്ദേശിക്കുന്നത് ഒരു ടൂറാണല്ലേ… എന്താന്ന് വച്ചാൽ ആയിക്കോളൂ… സ്വാമിയേ ശരണമയ്യപ്പാ…” അതു പറഞ്ഞ് രഘു അകത്തേക്ക് കേറിപ്പോയി… അമ്മയുടെ പരിഭവം കേൾക്കാൻ നിൽക്കാതെ രാഘവ് തന്റെ മുറിയിലേക്കും പോയി…
അടുത്ത ദിവസം പുലർച്ച തന്നെ തന്റെ ലിസ്റ്റിലെ രണ്ടാമത്തെ സ്ഥലത്തേക്ക് രാഘവ് യാത്ര ആരംഭിച്ചു… എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷനിൽ നിന്ന് പമ്പയിലേക്ക് നേരിട്ടുള്ള ബസിലായിരുന്നു യാത്ര… കറുപ്പ് നിറത്തിലുള്ള ഷർട്ടും ബനിയനും അതേ നിറത്തിലുള്ള ഒരു തോർത്തും… രാമക്കൽമേട്ടിലെ പാറപ്പൊടി ഉൾക്കൊള്ളുന്ന ചില്ലു കുപ്പി അടങ്ങുന്ന ഷോൾഡർ ബാഗുമായി രാഘവ് പമ്പയിൽ ബസിറങ്ങി…