ഒരുപാട് വർഷങ്ങൾക്കു ശേഷമാണ് പൂവള്ളിയിലെ ഡൈനിംഗ് ടേബിളിന് ചുറ്റും അത്രയും അംഗങ്ങൾ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിയ്ക്കുന്നത്… മുതിർന്ന അംഗങ്ങളെല്ലാം കഴിച്ചെഴുന്നേറ്റ ശേഷം സ്വസ്ഥമായും സമാധാനമായും ചളിയും മണ്ടത്തരങ്ങളും പുറത്തിറക്കി കൊണ്ടാണ് ഇളം തലമുറകൾ ഭക്ഷണം കഴിച്ചു തുടങ്ങിയത്…. അതിനിടയിലാണ് രാവൺ ഫുഡ് കഴിയ്ക്കാനായി ഡൈനിംഗ് ഏരിയയിലേക്ക് നടന്നടുത്തത്….മറ്റൊന്നിലും ശ്രദ്ധ കൊടുക്കാതെ മൊബൈൽ സ്ക്രോൾ ചെയ്ത് വന്ന രാവൺ ത്രേയയ്ക്ക് അരികിലായി കിടന്ന ചെയർ വലിച്ചിട്ടിരുന്നു….
ഫുഡ് പ്ലേറ്റിലേക്ക് എടുത്ത് വച്ചപ്പോഴാണ് അവന്റെ നോട്ടം ത്രേയയിലേക്ക് പോയത്….
ഞൊടിയിട നേരം കൊണ്ട് അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു… ഇനിയെന്താണ് നടക്കാൻ പോകുന്നതെന്ന ആകാംക്ഷയായിരുന്നു ചുറ്റിലുമുള്ള മുഖങ്ങളിൽ…ആ മുഖങ്ങളിലേക്കൊന്നും നോട്ടം കൊടുക്കാതെ പ്ലേറ്റ് ടേബിളിലേക്ക് തന്നെ ഒരൂക്കോടെ നീക്കി വെച്ച് അവനെഴുന്നേറ്റു…
രാവൺ… എവിടേക്കാ…ഇരിക്കെടാ…രാവിലെയും ഇങ്ങനെ ആയിരുന്നില്ലേ…
അഗ്നീടെ വാക്കുകൾ കേട്ടിട്ടും ഒന്ന് തിരിഞ്ഞു പോലും നോക്കാതെ കാറ്റുപോലെ അവൻ നടന്നകന്നു….എല്ലാവരിലും അത് സങ്കടമുളവാക്കിയെങ്കിലും അതെല്ലാം കണ്ട് സന്തോഷിച്ചു നിൽക്ക്വായിരുന്നു വേദ്യ…
രാവണിനെ നേരിട്ട് കണ്ട് എല്ലാം സംസാരിയ്ക്കണം എന്ന് മനസ്സിലോർത്തു കൊണ്ടാണ് ത്രേയ കഴിച്ചെഴുന്നേറ്റത്…..പിന്നീടുള്ള സമയമത്രയും രാവണിനെ ഒന്നൊറ്റയ്ക്ക് കിട്ടാൻ ത്രേയ ആത്മാർത്ഥമായി പ്രാർത്ഥിച്ചു…
ഉച്ചയൂണ് കഴിഞ്ഞ് റൂമിലേക്ക് ചെന്ന് ഡ്രസും ബുക്സും ഒക്കെയൊന്ന് അടുക്കി വച്ചപ്പോഴേക്കും നിദ്രാദേവത അവളെ മാടി വിളിച്ചു തുടങ്ങി….പിന്നെ അതിന് വഴങ്ങി അവള് കുറേ നേരം സുഖസുഷ്പ്തിയിലാണ്ടു….ഉച്ചയുറക്കമൊക്കെ കഴിഞ്ഞെഴുന്നേറ്റപ്പോഴും പൂവള്ളിയാകെ നിശബ്ദമായിരുന്നു…കാരണം ആൺപടകളെല്ലാം outing ന് ഇറങ്ങിയ സമയമായിരുന്നു അത്….ഒരസ്സല് കുളിയൊക്കെ പാസാക്കി വിളക്ക് വെച്ച് തൊഴുതപ്പോഴും മറ്റംഗങ്ങളൊന്നും ത്രേയയിലേക്ക് ശ്രദ്ധ കൊടുക്കാൻ പോയില്ല…എല്ലാറ്റിനും ഒടുവിൽ രാത്രിയിലെ ഫുഡ് കഴിപ്പും കഴിഞ്ഞ് എല്ലാവരും പിരിഞ്ഞപ്പോഴാണ് ത്രേയയുടെ പ്രാർത്ഥന കേട്ടപോലെ ആ അവസരം വീണു കിട്ടിയത്..
രാവൺ ഒറ്റയ്ക്ക് റൂമിലേക്ക് കയറി പോകുന്നത് കണ്ട് ചുറ്റിലും ആരുമില്ല എന്നുറപ്പ് വരുത്തി ത്രേയ അവന് പിറകേ വച്ചു പിടിച്ചു….മുഖ്യ ശത്രുക്കളായ വൈദിയും,പ്രഭയും തറവാട്ടിൽ തിരിച്ചെത്തിയിരുന്നില്ല…പിന്നെയുള്ള മുഖ്യ ശത്രുക്കൾ വേദ്യയും ഊർമ്മിളയും ആയിരുന്നു…അവര് നേരത്തെ കിടക്കേം ചെയ്തു… എല്ലാം മനസിൽ കണക്ക് കൂട്ടി കൊണ്ട് ത്രേയ രാവണിന്റെ റൂമിന് മുന്നിലേക്ക് വന്നു നിന്നു…
ശ്വാസം ഒന്ന് നീട്ടിയെടുത്ത ശേഷം ഡോറിന്റെ ഹാന്റിൽ ലോക്ക് തിരിച്ചു കൊണ്ട് അവൾ ഡോറ് തുറന്ന് അകത്തേക്ക് കയറി…റൂമിന്റെ സെന്ററിലായുള്ള ടേബിളിൽ നിരത്തി വച്ചിരുന്ന മദ്യക്കുപ്പികളും ഐസ് ക്യൂബ്സും കണ്ട് അവളൊന്ന് ഞെട്ടി… അവളുടെ ഞെട്ടലോടെയുള്ള ആ നോട്ടം പിന്നെ നേരെ പോയത് നെഞ്ചിൽ മദ്യം നിറച്ച ഗ്ലാസിട്ടുരുട്ടി ചിന്തയിലാണ്ടിരിക്കുന്ന രാവണിലേക്കാണ്…
ആ കാഴ്ച കണ്ട് മനസിലെന്തൊക്കെയോ കണക്ക് കൂട്ടിയുറപ്പിച്ചു കൊണ്ട് അവൾ ഡോറടച്ച് കുറ്റിയിട്ടു….ഡോറടച്ച ശബ്ദം കേട്ട് രാവണിന്റെ നോട്ടം ത്രേയയിലേക്ക് വീണു….
മദ്യ ലഹരിയുടെ തളർച്ചയോ ആലസ്യമോ അവന്റെ കണ്ണുകളിൽ ബാധിച്ചിരുന്നില്ല…അവളെ കണ്ട മാത്രയിൽ തന്നെ ആ കണ്ണുകളിൽ ദേഷ്യത്തിന്റെ കനൽ പടർന്നു….ചുവപ്പ് തെളിഞ്ഞ അവന്റെ കണ്ണുകളും മുഖത്തെ വരിഞ്ഞു മുറുകിയ ഞരമ്പുകളും ത്രേയയിൽ ചെറിയ പേടിയുളവാക്കി തുടങ്ങി…. എങ്കിലും പഴയ രാവണെ മനസ്സിലോർത്ത് അവളൊന്ന് ശ്വാസം വലിച്ചു വിട്ടു തയ്യാറെടുത്തു നിന്നു…