റൂമിന്റെ ഒരു കോണിൽ പോലും അവനവളെ കണ്ടെത്താൻ സാധിച്ചില്ല… അടർന്നു വീഴുന്ന ഇഷ്ടികച്ചീളുകളിൽ നിന്നും ഒഴിഞ്ഞു മാറിക്കൊണ്ട് അവനടുത്ത റൂമിലേക്കും ത്രേയയെ തിരഞ്ഞിറങ്ങി…
ത്രേയാ…ത്രേയാ…
അവന്റെ ശബ്ദത്തിന് തിരിച്ച് പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല… ശക്തമായ മഴയും കാറ്റും കാരണം പരിസരമാകെ ഇരുട്ട് മൂടി തുടങ്ങിയിരുന്നു….. തിടുക്കപ്പെട്ട് നടത്തിയ തിരച്ചിലിനൊടുവിൽ ഉള്ളിലായുള്ള ഇരുട്ട് നിറഞ്ഞ ഒരു റൂമിന്റെ കോണിലായി ത്രേയയെ കണ്ടതും രാവണിന്റെ മനസിന് തെല്ലൊരാശ്വാസം വന്നു…കാൽമുട്ടിനുള്ളിൽ മുഖം മറച്ചിരിക്ക്യായിരുന്നു അവൾ…ആ കാഴ്ച കണ്ടതും രാവൺ വെപ്രാളപ്പെട്ട് അവൾക്കരികിലേക്ക് പാഞ്ഞടുത്തു….
അവൾക്കരികിലായ് ചെന്നിരുന്ന് അവളുടെ തോളിൽ ഒന്നുലച്ച് കൊണ്ട് അവനവളെ വിളിച്ചുണർത്താൻ ശ്രമിച്ചു… പക്ഷേ അവൾടെ ഭാഗത്ത് നിന്നും യാതൊരു വിധ അനക്കങ്ങളും ഉണ്ടായില്ല…
ത്രേയ…ഡീ…
അവൻ വീണ്ടും അവളെ തട്ടിവിളിച്ചെങ്കിലും അതിനും ഫലം കണ്ടില്ല.. ഒടുവിൽ അവളുടെ മുഖം ഉയർത്താൻ ശ്രമിച്ചതും ഒരു തളർച്ചയോടെ അവളവന്റെ നെഞ്ചിലേക്ക് വീണു….രാവണിന്റെ ഹൃദയം നിലച്ചു പോയ പോലെയായിരുന്നു അപ്പോൾ…. താൻ ചെയ്തത് തിരുത്താൻ കഴിയാത്ത തെറ്റായോ എന്നവൻ സ്വന്തം മനസാക്ഷിയോട് തന്നെ ചോദിച്ചു കൊണ്ടിരുന്നു…
അവളുടെ മുഖം കൈതണ്ടയിലേക്ക് ചേർത്ത് കൊണ്ട് വീണ്ടും അവനവളെ വിളിച്ചുണർത്താൻ ശ്രമിച്ചു…
ത്രേയാ…കണ്ണ് തുറക്കെടീ…
ത്രേയാ…
രാവണിന്റെ ശബ്ദം ആർത്തലച്ചു പെയ്ത മഴയേയും തോൽപ്പിച്ച് കൊണ്ട് അവിടമാകെ മുഴങ്ങി കേട്ടു….അതിന്റെ ഫലമായി അവളുടെ പുരികക്കൊടികളിലും കൺപോളകളിലും നേരിയ അനക്കങ്ങൾ കണ്ടപ്പോഴാണ് രാവണിന് ശരിയ്ക്കും ആശ്വാസമായത്…പിന്നെ അധികം സമയം പാഴാക്കാതെ മഴയിൽ കുതിർന്നിരുന്ന അവളെ ഇരു കൈയ്യാലെ കോരിയെടുത്ത് കൊണ്ട് അവനാ റൂം വിട്ടു പോകാൻ ഭാവിച്ചു….
അങ്ങിങ്ങായി അടർന്നു വീണുകൊണ്ടിരിക്കുന്ന ഇഷ്ടികച്ചീളുകളിൽ നിന്നും ഒഴിഞ്ഞു മാറി കൊണ്ട് ത്രേയയുമായി അവൻ പുറത്തേക്കു കടന്നു….
അപ്പോഴും പുറത്ത് മഴ കനക്കുകയായിരുന്നു…
തിടുക്കപ്പെട്ട് പുറത്തേക്കിറങ്ങിയ രാവൺ ത്രേയയെ ഭദ്രമായി കാറിലേക്ക് കൊണ്ടിരുത്തി അവനും സീറ്റിലേക്ക് കയറിയിരുന്നു….
ത്രേയ…ഡീ…കണ്ണുതുറക്കെടീ…
രാവൺ വെപ്രാളപ്പെട്ട് അവളുടെ കവിളിൽ തട്ടിവിളിച്ചു കൊണ്ടിരുന്നു… നിരന്തരമായ അവന്റെ പരിശ്രമത്തിനൊടുവിൽ ത്രേയ കണ്ണുകൾ മെല്ലെ വലിച്ചു തുറന്നു…വെള്ളത്തുള്ളികൾ അവളുടെ മുഖത്ത് അങ്ങിങ്ങായി പറ്റിപ്പിടിച്ചിരിപ്പുണ്ടായിരുന്നു…കണ്ണ് തുറന്ന മാത്രയിൽ തന്നെ അവൾ കണ്ട മുഖം രാവണിന്റേതായിരുന്നു….അവന്റെ മുഖത്ത് നിഴലിച്ചിരുന്ന പരിഭ്രമം കണ്ട് അവളുടെ കവിളിൽ ചേർത്തിരുന്ന അവന്റെ കൈയ്യിനെ ദേഷ്യത്തോടെ അവൾ തട്ടിയെറിഞ്ഞു….