അതെ…വിവാഹത്തിൽ നിന്നും പിന്മാറാൻ വേണ്ടി നിന്നെ കൊല്ലാനൊന്നും പറ്റില്ലല്ലോ…
അതുകൊണ്ട് ഇന്നൊരു രാത്രി നീ ഇവിടെ കഴിയുന്നു…നാളെ നീ ഇവിടെ നിന്നും വന്നിടത്തേക്ക് തന്നെ തിരികെ പോകുന്നു…
ഇല്ല രാവൺ..നീ ഈ പറയുന്ന കാര്യങ്ങളൊന്നും നടക്കാൻ പോകുന്നില്ല…
ഞാൻ പറയുന്നതേ നടക്കൂ
ത്രേയമ്പക വേണുഗോപൻ….
രാവണതും പറഞ്ഞ് ത്രേയയെ വീണ്ടും നിലത്തേക്ക് തള്ളിയിട്ട് ആ റൂം വിട്ടിറങ്ങാൻ തുടങ്ങി…ത്രേയയെ റൂമിലാക്കി ഡോറടയ്ക്കാൻ തുടങ്ങിയതും നിലത്ത് നിന്നും ചാടിപ്പിടഞ്ഞെഴുന്നേറ്റ് അവള് രാവണിനടുത്തേക്ക് ഓടിവന്നു….
രാവൺ..പ്ലീസ്..എന്നെയിവിടെ ഒറ്റയ്ക്കാക്കി പോവല്ലേ…പ്ലീസ് രാവൺ….
ത്രേയ കേണപേക്ഷിച്ചിട്ടും അതിനെ നിർദാക്ഷിണ്യം അവഗണിച്ച് കൊണ്ട് രാവണവളെ റൂമിനുള്ളിലേക്ക് തന്നെ തള്ളിയിട്ട് ഡോറ് പൂട്ടിയിറങ്ങി…അവനാ കെട്ടിടം വിട്ടകന്നു നടക്കുമ്പോഴും ത്രേയ ഡോറിൽ കൈകൊട്ടി അവനെ വിളിയ്ക്കുന്നുണ്ടായിരുന്നു…അതിനെ പാടെ അവഗണിച്ച് കൊണ്ട് രാവൺ അവിടം വിട്ടകന്ന് കാറിലേക്ക് കയറി…
കാറ് സ്റ്റാർട്ട് ചെയ്ത് പിന്നിലേക്ക് എടുക്കുമ്പോഴേക്കും പ്രകൃതി അതിന്റെ രൗദ്ര രൂപം പ്രാപിച്ചിരുന്നു…. ചുറ്റിലും കോടക്കാറ്റ് ആഞ്ഞു വീശി തുടങ്ങി… അന്തരീക്ഷം കറുത്തിരുണ്ട് പുകമറ മൂടാൻ തുടങ്ങിയതും രാവൺ കാറുമായി അവിടം വിട്ടകന്നു…. കാറ് കുറേ ദൂരം മുന്നോട്ടു പോയതും വാനിൽ ഉരുണ്ടു കൂടിയ മഴമേഘങ്ങൾ ശക്തിയോടെ താഴേക്ക് പെയ്തിറങ്ങാൻ തുടങ്ങി…
കാറിന്റെ wiper ഇരുവശങ്ങളിലേക്കും ആ മഴത്തുള്ളികളെ തട്ടിമാറ്റി….ഗ്ലാസിൽ തെളിഞ്ഞു വന്ന പുകമറ മഴയുടെ ശക്തിയെ എടുത്ത് കാട്ടാൻ തുടങ്ങിയിരുന്നു…മുന്നിലെ കാഴ്ചകൾ കോടയാൽ മങ്ങി തുടങ്ങിയതും രാവണിന്റെ മനസിൽ ചില പഴയ കാല ഓർമ്മകൾ തെളിഞ്ഞു വന്നു….
രാവൺ… എനിക്ക് ഇരുട്ട് പേടിയാ രാവൺ…
എന്നെ ഒറ്റയ്ക്കാക്കി പോവല്ലേ….
മുമ്പെപ്പോഴോ ഭയപ്പാടോടെ ത്രേയ പറഞ്ഞ വാക്കുകളായിരുന്നു അത്…അവളുടെ കുട്ടിക്കാലം മുതൽ ത്രേയയെ പേടിപ്പെടുത്തിയിരുന്ന ഒന്നായിരുന്നു ഇരുട്ടും,ഒറ്റപ്പെടീലും…. താനിപ്പോൾ അവളെ ഒറ്റയ്ക്ക് ആ കെട്ടിടത്തിൽ ഉപേക്ഷിച്ചിട്ടാണ് വന്നിരിക്കുന്നതെന്ന ബോധ്യം അവന്റെയുള്ളിൽ ഒരുൾക്കുത്തലുണ്ടാക്കി…. പിന്നെയധികം ചിന്തിച്ച് സമയം കളയാതെ അവൻ കാറ് റിവേഴ്സെടുത്ത് ആ കെട്ടിടം ലക്ഷ്യമാക്കി പാഞ്ഞു… വർഷങ്ങൾ പഴക്കമുള്ള ആ കെട്ടിടത്തിനരികിൽ വണ്ടി നിർത്തി തനിക്ക് മുന്നിലുള്ള ദൃശ്യം കണ്ട് ഒരു ഞെട്ടലോടെ അവൻ കാറിൽ നിന്നും ഇറങ്ങി…
ആഞ്ഞു വീശിയ കാറ്റിലും ശക്തമായി പെയ്തിറങ്ങുന്ന മഴയിലും ആ കെട്ടിടത്തിന്റെ ഓരോ കോണം തകർന്നു തുടങ്ങിയിരുന്നു…ഇഷ്ടികയാൽ കെട്ടിയുയർത്തിയിരുന്ന ഭിത്തികൾ ഓരോന്നും നിലത്തേക്ക് ഊർന്നു വീഴുന്നത് കണ്ട് ഒരുതരം പരിഭ്രാന്തിയോടെ രാവൺ കെട്ടിടത്തിനടുത്തേക്ക് പാഞ്ഞു…. മുന്നിലുള്ള വരാന്തയിലേക്ക് നടന്നു കയറുമ്പോ ഇഷ്ടികയും പലകകളും ഒരൂക്കോടെ അവന്റെ മുകളിലേക്ക് അടർന്നു വീഴാൻ തുടങ്ങി…
അവനതിൽ നിന്നും ഒഴിഞ്ഞു മാറി വാതിലിനരികിലേക്ക് ചെന്ന് ആ പലകയെ ശക്തിയോടെ തള്ളി തുറന്നു…. കോരിച്ചൊരിയുന്ന മഴ ഉൾഭിത്തികളേയും നനച്ചിറങ്ങുന്നുണ്ടായിരുന്നു….റൂമിനുള്ളിലേക്ക് പ്രവേശിച്ച രാവണിന്റെ കണ്ണുകൾ ഒരു തരം പരിഭ്രാന്തിയോടെ ഓരോ കോണിലേക്കും പാഞ്ഞു…
ത്രേയ…ത്രേയാ….