🖤രാവണത്രേയ 2🔥 [ മിഖായേൽ]

Posted by

അവൻ…അവനെ ഞാനവിടെ കണ്ടു….ത്രേയേടെ ആ മറുപടി കേട്ട് രാവൺ നിന്ന നില്പിൽ ഞെട്ടിത്തരിച്ചു… അവന്റെ മുഖം ഒരുതരം അമ്പരപ്പോടെ വിടർന്നു…ത്രേയ അവന് മുഖം കൊടുക്കാതെ ബാക്കി കൂടി പറയാൻ തുടങ്ങി…

ഞാൻ കണ്ടു സാർ.. ഞാനവിടെ എത്തും മുമ്പ് രാവൺ….രാവണവിടെ ഉണ്ടായിരുന്നു…നിത്യയെ കുളത്തിലേക്ക് വലിച്ചെറിയുന്ന കാഴ്ച കണ്ടാണ് ഞാനവിടേക്ക് ചെന്നത്….

ത്രേയ പൊട്ടിക്കരഞ്ഞു കൊണ്ട് അത്രയും പറഞ്ഞതും രാവൺ നിയന്ത്രണം വിട്ട് അവൾക്കരികിലേക്ക് പാഞ്ഞടുത്തു…

ത്രേയ…നീ…നീയെന്തൊക്കെയാടീ ഈ പറയുന്നേ…. ഞാൻ…ഞാനങ്ങനെ ചെയ്തോ…നിന്റെ രാവൺ അങ്ങനെ ചെയ്യ്വോ…

രാവണിന്റെ കണ്ണിൽ നിന്നും കണ്ണീര് നിയന്ത്രണം വിട്ട് ഒഴുകിയിറങ്ങി…അവനവളെ പിടിച്ചുലച്ചതും ത്രേയ ഒരൂക്കോടെ അവന്റെ കൈകൾ തട്ടിയെറിഞ്ഞു…

അതേ… നീയാണ്… നീയാണ് നിത്യയെ കൊന്നത്… ഞാൻ കണ്ടു… ഞാൻ കണ്ടു…നീയാണ് അവളെ…

ത്രേയ ഒരു ഭ്രാന്തിയെപ്പോലെ അലറിക്കരഞ്ഞതു കേട്ട് ഒരു പ്രതിമ കണക്കെ അവൾക് മുന്നിൽ നിൽക്കാനേ രാവണിന് കഴിഞ്ഞുള്ളൂ…. എല്ലാം കേട്ട് സ്തബ്ധയായി നിന്ന ഒരു മുഖം കൂടി പൂവള്ളിയിൽ അവശേഷിച്ചു…അത് വേദ്യയുടേതായിരുന്നു….ത്രേയയുടെ ആ ഒരൊറ്റ മൊഴിയിൽ രാവയിനെ പോലീസ് അറസ്റ് ചെയ്തു….പൂവള്ളി തറവാട്ട് മുറ്റത്ത് നിന്നും രാവണിനെ പോലീസ് ജീപ്പിലേക്ക് കയറ്റുമ്പോ ആ ദൃശ്യം കാണ്ടുനിൽക്കാനാവാതെ ഭിത്തിയുടെ മറ ചേർന്ന് പൊട്ടിക്കരയുകയായിരുന്നു ത്രേയ….

പോലീസ് സ്റ്റേഷനിൽ എത്തി രാവണിനെ ചോദ്യം ചെയ്യുമ്പോഴും അവന്റെ നിരപരാധിത്വം തെളിയിക്കാൻ മറ്റ് വഴികളൊന്നും രാവണിന് നിശ്ചയമില്ലായിരുന്നു…..ഏറെനേരം നീണ്ട ചോദ്യം ചെയ്യലിൽ സത്യങ്ങൾ മാത്രമാണ് രാവൺ പറഞ്ഞത്… പക്ഷേ ത്രേയയുടെ സാക്ഷി മൊഴികളെ വിശ്വസിച്ച അന്വേഷണ ഉദ്യോഗസ്ഥർക്ക് രാവണിന്റെ മൊഴിയിൽ വൈരുദ്ധ്യങ്ങളും,സംശയങ്ങളും ധ്വനിപ്പിച്ചു….

പതിനാല് ദിവസത്തേക്ക് ലോക്കപ്പിൽ റിമാൻഡ് ചെയ്ത രാവണിനെ കാണാനായി പൂവള്ളി തറവാട്ടിലെ എല്ലാ അംഗങ്ങളും എത്തിയിരുന്നു…അവിടെയും ത്രേയ മാത്രം വിട്ടു നിന്നു….ആ ഒരൊറ്റ സംഭവത്തോടെ ത്രേയ പ്രഭയുടെ മുഖ്യ ശത്രുവായി മാറുകയായിരുന്നു…ഗൂഢലക്ഷ്യങ്ങൾ മുന്നിൽ കണ്ട് പ്രവർത്തിച്ച വൈദിയ്ക്ക് രാവണിനെ എല്ലാവർക്കും മുന്നിൽ തള്ളി പറയാൻ മനസനുവദിച്ചില്ല…. അങ്ങനെ ഒരു ദിവസം അഗ്നിയും,അച്ചുവും,ശന്തനുവും ചേർന്ന് രാവണിനെ കാണാനായി പോലീസ് സ്റ്റേഷനിൽ എത്തി….

രാവൺ…മറ്റാര് മനസിലാക്കിയില്ലെങ്കിലും നിന്നെ ഞങ്ങൾക്ക് മനസിലാകും…നീ അങ്ങനെ ഒരിക്കലും ചെയ്യില്ല… പക്ഷേ ത്രേയ…അവളെന്തിനാ ഇങ്ങനെ ഒരു കള്ളം പറഞ്ഞത്….(അഗ്നി)

ത്രേയ ആരെയോ ഭയപ്പെടുന്നു രാവൺ…എനിക്കങ്ങനെയാ തോന്നിയത്…അവളുടെ കണ്ണിൽ ആ ഭയപ്പാടുണ്ട്…(അച്ചു)

ആർക്കുവേണ്ടിയും നിന്നെ തള്ളി പറഞ്ഞിട്ടില്ലാത്ത ത്രേയ ഇങ്ങനെ എന്തിന് പറയണം രാവൺ….ഇനി ചിലപ്പോ ആ കാഴ്ച കണ്ടതിന്റെ ഷോക്കിൽ പറഞ്ഞതാകുമെങ്കിലോ… കോടതിയിൽ നമുക്ക് അങ്ങനെ പ്രൂവ് ചെയ്താലോ രാവൺ… അല്ലാതെ നീയിങ്ങനെ ഒരു തെറ്റ് ചെയ്യില്ല…(ശന്തനു)

എല്ലാവരുടേയും വാക്കുകൾക്ക് മുന്നിൽ നിസ്സഹായനായി നിൽക്കാനേ രാവണ് കഴിഞ്ഞുള്ളൂ… എന്തൊക്കെയോ ചോദ്യങ്ങൾ അവന്റെ മനസിലും മിന്നിമറഞ്ഞു കൊണ്ടിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *