വൈദീടെ ആ ചോദ്യം കേട്ട് നിസ്സഹായനായി നിൽക്കാനേ രാവണിന് കഴിഞ്ഞുള്ളൂ…അവന് ആശ്വാസം പകരാനായി അഗ്നിയും അച്ചുവും അവന് ഇരുവശങ്ങളിലായി വന്നു നിന്നു…..സുഗതും വസുന്ധരയും ചേർന്ന് വൈദിയെ സമാധാനിപ്പിക്കാൻ കിണഞ്ഞ് പരിശ്രമിച്ചു…. വേണുവിന്റെ കുറവ് അപ്പോഴും ആ കൂട്ടത്തിൽ പ്രകടമായിരുന്നു….
എന്താ രാവൺ…എന്താടാ ഉണ്ടായത്…???
നമ്മുടെ നിത്യ…അവളെങ്ങനെ…ആരാടാ അവളെ..???
അഗ്നിയുടെ ശബ്ദമൊന്നിടറിയതും രാവണിന്റെ കണ്ണ് നിറഞ്ഞു തുടങ്ങി…
അറിയില്ല അഗ്നി… എനിക്കറിയില്ല…ത്രേയേടെ കരച്ചില് കേട്ടാ ഞാനിവിടേക്ക് വന്നത്…വന്നപ്പോ നിത്യ….അവള്…അവള് നമ്മളെ വിട്ടു പോയിരുന്നു…ആര്…എങ്ങനെ… ഒന്നും… ഒന്നും എനിക്കറിയില്ല…
രാവണിന്റെ അവസ്ഥ മനസിലാക്കി അഗ്നി അവനെ ചേർത്ത് പിടിച്ച് നിന്നതും വേദ്യ അവിടേക്ക് ഓടിയടുത്തു… പടിക്കെട്ടിൽ ജീവനറ്റു കിടന്ന നിത്യയുടെ മുഖം കണ്ടതും അവളൊരു ഭ്രാന്തിയെപ്പോലെ അലറിവിളിയ്ക്കാൻ തുടങ്ങി….തലമുടിയിഴകൾ ചിതറിയെറിഞ്ഞ് അവളാ ശവശരീരത്തിലേക്ക് വീണു…ഇരു കൈകളാലും അവളെ പൊതിഞ്ഞു പിടിച്ചു കൊണ്ട് അലറിവിളിച്ചു കരഞ്ഞ വേദ്യയെ വൈദി തന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചു…അതിലൊന്നും സമാധാനം കണ്ടെത്താൻ കഴിയാതിരുന്ന വേദ്യ ഒരു തേങ്ങലോടെ വൈദിയുടെ കൈയ്യിലേക്ക് തന്നെ ഊർന്ന് വീണു….
അതിനെല്ലാം സാക്ഷിയായി മറ്റംഗങ്ങൾ അവിടെ നിലയുറപ്പിച്ചിരുന്നു…വേദ്യയുടെ കരച്ചില് ത്രേയിലും ചെറിയ പേടിയും അസ്വസ്ഥതയും ഉളവാക്കിയതും അവള് വൈദേഹിയിലേക്ക് മുഖമൊളിപ്പിച്ച് ചുരുണ്ട് കൂടാൻ തുടങ്ങി…അത് മനസിലാക്കിയ രാവൺ തന്നെ ത്രേയയെ റൂമിലാക്കി വരാൻ വൈദേഹിയോട് നിർദ്ദേശമിട്ടു…
സംഭവം നടന്ന് മണിക്കൂറുകൾക്കകം പോലീസിനേയും നാട്ടുകാരേയും കൊണ്ട് പൂവള്ളി തറവാട്ട് മുറ്റം നിറഞ്ഞു…….
പരിഭ്രമത്തോടെ വിറങ്ങലിച്ചിരുന്ന ത്രേയയ്ക്കരികിലേക്ക് പോലീസുകാർ ഓരോരുത്തരായി നടന്നു ചെന്നു…പൂവള്ളിയിലെ ബാക്കി അംഗങ്ങളെല്ലാം ത്രേയയുടെ വാക്കുകൾ കേൾക്കാൻ കാതോർത്തു നിൽക്കുകയായിരുന്നു…
കുട്ടിയല്ലേ ആദ്യമായി ശവം നേരിട്ട് കണ്ടത്…..???
അ…അതെ….
കുട്ടി എന്തിനാണ് അവിടേക്ക് പോയത്..???
ത്രേയ ആ ചോദ്യം കേട്ട് വിറയലോടെ വൈദേഹിയുടെ മുഖത്തേക്ക് നോക്കിയതും അവര് ഉത്തരം പറയാനായി ആക്ഷനിട്ടു… പോലീസ് ആ ക്ഷണനേരം തന്നെ വൈദേഹിയെ ഒരു നോട്ടത്താലെ തടുത്തു വച്ചു….
പറയൂ.. എന്തിനാണ് അവിടേക്ക് പോയത്…??
ഞാൻ… ഞാൻ…ഞാനെന്നും തറവാട്ട് കുളത്തിലാ കുളിയ്ക്കാറ്….
ഓക്കെ… കുട്ടി അവിടേക്ക് ചെല്ലുമ്പോ മറ്റാരെയെങ്കിലും സംശയാസ്പദമായി അവിടെ കണ്ടിരുന്നോ… അല്ലെങ്കിൽ ആരെങ്കിലും അവിടെ ഉണ്ടായിരുന്നതായി തോന്നിയിരുന്നോ….
ത്രേയ അതുകേട്ട് ഭയത്തോടെ ഉമനീരിറക്കി…
പറയൂ.. ആരെങ്കിലും അവിടെ ഉണ്ടായിരുന്നോ…
ന്മ്മ… ഉണ്ടായിരുന്നു…
ത്രേയേടെ ആ മറുപടി കേട്ട് എല്ലാവരുടേയും മുഖം സംശയത്തോടെ ചുളിഞ്ഞു…
ഈ കുടുംബത്തിലെ ആരെങ്കിലും ആയിരുന്നോ അത്…???
ന്മ്മ…അതേ…ഈ കുടുംബത്തിലെ ഒരാളായിരുന്നു…പ്രഭയങ്കിളിന്റേയും ആയമ്മേടെയും രണ്ടാമത്തെ മകൻ രാവൺ… ഹേമന്ത് രാവൺ..