ഞാൻ എത്ര നേരമായി തിരക്കിയിരിക്കുന്നൂന്ന് അറിയ്വോ…???
എന്തായാലും എന്റെ വേണുഗോപൻ സാർ ഒരുപാട് ക്ഷീണിച്ചു വന്നതല്ലേ…ഞാനൊരു കോഫി എടുത്തിട്ട് വരാം….
ത്രേയ അതും പറഞ്ഞ് വിഷയം മാറ്റി കിച്ചണിലേക്ക് നടന്നു….വേണുവിന് മുഖം കൊടുക്കാതെ നിന്ന വേദ്യ ഒന്ന് പരുങ്ങി കളിച്ച് പതിയെ റൂമിലേക്ക് നടന്നു….അത് കണ്ട് വേണു പതിയെ പ്രഭയ്ക്കരികിലേക്ക് നടന്നു ചെന്നു….
വേണു…ഈയിടെയായി ത്രേയെടെ കുറുമ്പിത്തിരി കൂടുന്നുണ്ട്… അതൊന്ന് കുറയ്ക്കാൻ വേണ്ടി പറഞ്ഞതാ ഞാൻ… അല്ലാതെ…
അതിന് ഞാനത് ചോദിയ്ക്കാനൊന്നും വന്നതല്ല പ്രഭ അളിയാ…. എന്റെ മോള് പണ്ട് മുതലേ അങ്ങനെ ആയിരുന്നു…അവളങ്ങനെ തന്നെ വളരുന്നതാ എനിക്കിഷ്ടം….. അതിന്റെ പേരിൽ ആരുടേയും സഹതാപം നിറഞ്ഞ മുഖം അവൾക്ക് നേരെ ഉണ്ടാകാതിരുന്നാൽ മതി പ്രഭ അളിയാ…..
ഞാൻ വന്നത് മറ്റൊരു കാര്യം പറയാനാ…..വൈദിയേട്ടനും കേൾക്കാനുള്ള കാര്യമാ….
അത് കേട്ടതും വൈദിയും പ്രഭയും ഒരുപോലെ വേണുവിന്റെ വാക്കിന് കാതോർത്തു…
ഇന്ന്…ഇന്നായിരുന്നു ആ ദിവസം…. ഓർമ്മയുണ്ടോ രണ്ടാൾക്കും….!!!
വേണുവിന്റെ മുഖത്തെ ഗൗരവം കണ്ട് വൈദിയും പ്രഭയും പരസ്പരം മുഖത്തോട് മുഖം നോക്കി നിന്നു….
എന്താ… രണ്ടാൾക്കും ഞാൻ പറഞ്ഞതിന്റെ അർത്ഥം മനസിലായില്ലാന്നുണ്ടോ…??
വേണുവിന്റെ ശബ്ദത്തിൽ നിറഞ്ഞു നിന്ന ഗാംഭീര്യം കേട്ട് വൈദി വേണുവിനെ തറപ്പിച്ചൊന്ന് നോക്കി….
നീ കാര്യം തെളിച്ചു പറ വേണു… വെറുതെ ഇങ്ങനെ തലയും വാലുമില്ലാതെ പറഞ്ഞാൽ എങ്ങനെ മനസിലാവാനാ…???
നിങ്ങൾക്ക് മനസിലാവും വൈദിയേട്ടാ… ഞാൻ പറഞ്ഞത് കൃത്യമായി നിങ്ങൾക്ക് രണ്ടാൾക്കും അറിയാം…. അത് എന്റെ നാവിൽ നിന്നും കേൾക്കണം ല്ലേ….
ഇളയ അളിയൻ എന്താ ഇങ്ങനെ…???കാര്യമങ്ങ് തെളിച്ചു പറയരുതോ….
പ്രഭേടെ ആ ചോദ്യത്തിന് തുറിച്ചൊരു നോട്ടമായിരുന്നു വേണൂന്റെ മറുപടി… അതുകണ്ട മാത്രയിൽ തന്നെ പ്രഭ ഒരു കള്ളമൊളിയ്ക്കും വിധം വേണുവിൽ നിന്നും നോട്ടം മാറ്റി നിന്നു…..
നിങ്ങൾക്ക് രണ്ടാൾക്കും അറിയാത്ത സ്ഥിതിയ്ക്ക് ഞാൻ തന്നെ ആ കാര്യമങ്ങ് പറഞ്ഞേക്കാം…. ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത…..!!!
മംഗലം ഗ്രൂപ്പ് MD മാധവിന്റേയും,കുടുംബത്തിന്റേയും തിരോധാനം നടന്ന ദിവസമാണ് ഇന്ന്….അവരെവിടെ എന്നാർക്കും അറിയില്ല…. മരിച്ചു പോയോ…അതോ ജീവനോടെയുണ്ടോ…. ഒന്നും…
ഒന്നും വ്യക്തമല്ല….. പക്ഷേ ഒരുകാര്യം മാത്രം എനിക്കറിയാം….ഈ ഞാനായിരുന്നു അവരെ ആ ദുർവിധിയിലേക്ക് തള്ളിവിട്ടത്…. അതിന്റെ ശാപം പേറി നടക്ക്വാ ഞാൻ….. ഒരുപക്ഷേ എന്റെ…. എന്റെ ചിത്ര എന്നെ വിട്ടു പോയതും ആ ശാപം ഒന്നുകൊണ്ടു മാത്രമായിരിക്കും….!!!
വേണുവിന്റെ ശബ്ദം ഇടറി തുടങ്ങിയതും വൈദി അതിനെ അവഗണിച്ച് കൊണ്ട് അയാളെ മറികടന്ന് നടക്കാൻ ഭാവിച്ചു…. അയാൾക്ക് പിന്നാലെ തന്നെ പ്രഭയും കൂടി….