🖤രാവണത്രേയ🔥 [ മിഖായേൽ]

Posted by

പിന്നെ നിന്റച്ഛനോട് പറയേണ്ട ആവശ്യമെന്താ…ഞാനൊരു വാക്ക് പറഞ്ഞാൽ ഒരു ഫോണിന് പകരം പത്ത് ഫോൺ വാങ്ങി തരും എന്റെ പപ്പ….

എങ്കില് അതിലൊരെണ്ണം എനിക്കും കൂടി തരണേ വേദ്യേ….കാശെല്ലാം പാളീസായിട്ടിരിക്ക്യാടീ….

ത്രേയ ഒരു നർമം കലർത്തി അങ്ങനെ പറഞ്ഞതും  വേദ്യ നിന്ന നിൽപ്പിൽ നിലത്തൊന്ന് ചവിട്ടി തുള്ളി…ആ രംഗവും കണ്ടുകൊണ്ടാണ് വൈദിയും പ്രഭയും അവിടേക്ക് വന്നത്…..വൈദിയുടെ മകളായതുകൊണ്ട് വേദ്യയോട് ഒരു പ്രത്യേക സ്നേഹമായിരുന്നു പ്രഭയ്ക്ക്….അതിന്റേതായ കൊഞ്ചല് വേറെയും….പ്രഭയെ കണ്ടപാടെ വേദ്യ പരിഭവം ഭാവിച്ച് അയാൾക്കരികിലേക്ക് ചെന്നു നിന്നു…..

എന്താപറ്റിയേ പ്രഭയങ്കിളിന്റെ വേദ്യകുട്ടിയ്ക്ക്….???

പ്രഭ ഒരു കൊഞ്ചലോടെ അങ്ങനെ പറഞ്ഞതും അതിനെ പുച്ഛിച്ചു കൊണ്ട് മുഖം കോട്ടി കാണിച്ച് ത്രേയ തിരിഞ്ഞു നടക്കാൻ തുടങ്ങി….

ദേ അവളെന്റെ മൊബൈൽ തല്ലിപ്പൊളിച്ചു പ്രഭയങ്കിൾ…..

വേദ്യ ആ പരിഭവ ഭാവത്തോടെ തന്നെ അങ്ങനെ പറഞ്ഞതും പ്രഭ അല്പം അലോസരത്തോടെ ത്രേയയെ ഒന്ന് നോക്കി….ആ സമയം തന്നെ മൊബൈൽ സ്ക്രോൾ ചെയ്തു നിന്ന വൈദിയുടെ കണ്ണുകളും ത്രേയയിൽ ചെന്നു നിന്നു…..

ത്രേയ… ഒന്നു നിന്നേ…

വൈദീടെ ഘനഗംഭീരമായ ശബ്ദം അവിടെ മുഴങ്ങി കേട്ടതും ത്രേയ ചെറിയൊരു പേടിയോടെ നടത്തം നിർത്തി….അതേ നിൽപ്പിൽ നിന്നും തിരിഞ്ഞൊന്ന് നോക്കാൻ പോലും അവളൊന്ന് മടിച്ചു….അത് മനസിലാക്കിയ വൈദി മൊബൈൽ പോക്കറ്റിൽ തിരുകി ത്രേയയെ ലക്ഷ്യമാക്കി അവൾക്കരികിലേക്ക് നടന്നു…..

എന്തായിത് ത്രേയ… നീയെന്താ കൊച്ചുകുട്ടിയാണോ….??

വൈദിയുടെ ശബ്ദം ത്രേയയിൽ ചെറിയൊരു പേടിയുളവാക്കി….അവള് ആ പേടിയിൽ തന്നെ വൈദിയ്ക്ക് നേരെ പതിയെ മുഖം തിരിച്ചു….

അത്…വല്യച്ഛാ… ഞാൻ… അറിയാതെ…ഓടിവന്നപ്പോ വേദ്യയെ മുട്ടിയതാ…കണ്ടില്ല…

അത് പാടില്ല…. പെൺകുട്ടികൾക്ക് ഒരടക്കോം ഒതുക്കോം ഉണ്ടാവണം….അല്ലാണ്ട് റോക്കറ്റ് പായും പോലെ ഇങ്ങനെ ഓടിനടക്കാൻ പാടില്ല…

ത്രേയ അതുകേട്ട് അനുസരണയോടെ തലയാട്ടി നിന്നു…ആ നില്പ് ശരിയ്ക്കും ആസ്വദിച്ച് നോക്കി കാണുകയായിരുന്നു വേദ്യ….

എങ്ങനെ അടക്കോം ഒതുക്കോം ഉണ്ടാവാനാ…അമ്മയില്ലാത്ത കുട്ടിയാണെന്ന് കരുതി ഇവളെ കൊഞ്ചിച്ച് വഷളാക്കി വച്ചിരിക്ക്യല്ലേ എന്റെ ഭാര്യ വൈദേഹി….അവളെയാ ആദ്യം പറയേണ്ടത്…
പ്രഭ കൂടി വൈദിയ്ക്ക് സപ്പോർട്ടിനു നിന്നതും ത്രേയ ശരിയ്ക്കും അവിടെ ഒറ്റപ്പെടുകയായിരുന്നു….

അമ്മയില്ലാത്ത കുട്ടിയാണ് എന്റെ മോള്… അതിങ്ങനെ ഇടയ്ക്കിടേ ഓർമ്മിപ്പിക്കണംന്നില്ല പ്രഭ അളിയാ….

വേണൂന്റെ ശബ്ദം അവർക്കിടയിലേക്ക് എത്തിയതും ത്രേയ ഒരു ഞെട്ടലോടെ അയാളിലേക്ക് ശ്രദ്ധ കൊടുത്തു…വാടി തുടങ്ങിയ മുഖത്ത് ചെറിയൊരു പുഞ്ചിരി വിരിയിച്ചു കൊണ്ട് അവൾ അയാൾക്കരികിലേക്ക് ഓടിയടുത്തു..

ഒന്നും ഉണ്ടായില്ല അച്ഛാ..പ്രഭ അങ്കിൾ വെറുതേ പറഞ്ഞതാ…ഞാനൊരു കുറുമ്പ് കാണിച്ചു…അതിന് കിട്ടേണ്ടത് മാത്രേ തന്നുള്ളൂ….

Leave a Reply

Your email address will not be published. Required fields are marked *