എന്റെ വീട്ടിലേക്ക് പോകാന്നുന്നതു പോലും പുള്ളിക്ക് ഇഷ്ടമല്ലായിരുന്നു ,വീട്ടിൽ നിന്നും ആരെങ്കിലും എന്നെ കാണാൻ വരുന്നതും …ആരെങ്കിലും വന്നാൽ അന്നെനിക്ക് സ്വസ്ഥത ഉണ്ടാവാറില്ല ,അമ്മയോട് പോലും ഞാൻ ഒന്നും പറഞ്ഞില്ല …ഒരു കുഞ്ഞെന്ന മോഹം പോലും നടക്കില്ല എന്നെനിക്കു തോന്നിയിട്ടുണ്ട് .ഒരു കുട്ടിയുണ്ടായാൽ ചിലപ്പോ മാറ്റങ്ങൾ ഉണ്ടായേക്കാം എന്ന് എനിക്ക് തോന്നി …ശാരീരിക ബന്ധം സത്യത്തിൽ എനിക്ക് ഭയമുളവാക്കുന്ന ഒന്നായി .അത്രക്കും വേദനാജനകമായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തികൾ ..എങ്ങനെയോ ഏറെ വൈകി അപ്പു ഉണ്ടായി …പിന്നീടുള്ള എന്റെ ലോകം അപ്പുവിലേക്കു മാറി ,അവന്റെ ജനനത്തോടെ പ്രശാന്തേട്ടൻ മാറുമെന്ന എന്റെ കണക്കുകൂട്ടലുകൾ പിഴച്ചു ഒരുമാറ്റവും ഉണ്ടായില്ല മോനെ പോലും ഇഷ്ടമല്ലായിരുന്നു .7 ആം മാസത്തിൽ പ്രസവത്തിന് ഞാൻ എന്റെ വീട്ടിലേക്ക് പോയി ..ഒരിക്കൽ മാത്രമാണ് ഏട്ടൻ അങ്ങോട്ട് വന്നത് .മോനെ പ്രസവിച്ചു 90 കഴിഞ്ഞപ്പോൾ കൂട്ടികൊണ്ടു പോയി ,വിവാഹത്തിന് ശേഷം 6 മാസം മാത്രമാണ് ഞാൻ മനഃസമാധാനം എന്താണെന്നു അറിഞ്ഞത് .മോനുണ്ടായതിൽ പിന്നെ ഞാൻ അവനിലേക്ക് ഒതുങ്ങി .പ്രശാന്തേട്ടനെ കുറിച്ച് ഞാൻ ചിന്തിക്കാറില്ല വല്ലപ്പോഴും വരും ..കുടിച്ചു ബോധമില്ലാതെ മോനെ ഒന്നെടുക്കാറുപോലുമില്ല ..അപ്പൂന് 3 വയസ്സാകാറായപ്പോൾ ആണ് അപകടം പറ്റിയത് ,എന്തോ മയക്കുമരുന്നിന്റെ ലഹരിയിൽ ബോധമില്ലാതെ സംഭവിച്ചതാണ് .ഒരു സ്ത്രീക്കും സ്വന്തം ഭർത്താവ് മരണപ്പെടുന്നത് സഹിക്കാൻ കഴിയില്ല ,പക്ഷെ എനിക്കത് ആശ്വാസമായിരുന്നു കുടുംബജീവിതം എന്ന തടവറയിൽ നിന്നുമുള്ള മോചനം ….
ഞാൻ നിന്നെ പഴയതെല്ലാം ഓർമിപ്പിച്ചു വിഷമിപ്പിച്ചല്ലേ ..സോറി
ഏയ് …ആരോടെങ്കിലും എല്ലാമൊന്ന് തുറന്നു പറയണം എന്നുണ്ടായിരുന്നു കുറെ കാലമായി മനസ്സിൽ കെട്ടികിടക്കുന്ന ഓർക്കാൻ ഇഷ്ടമില്ലാത്ത കാര്യങ്ങളാണ് ,ഇതുവരെ പറ്റിയ ആരെയും കണ്ടില്ല ,എന്നെ മറ്റാരേക്കാളും മനസ്സിലാക്കിയത് നീയാണ് …നീ മാത്രം ..