നോക്കിക്കൊണ്ടിരിക്കുകയാണ് ഞാൻ…..
എന്നെ ഇഷ്ടമാണെന്നു അവൾ തുറന്നു സമ്മതിച്ച ശേഷം ആദ്യമായി കിട്ടിയതാ അവളെ ഇത്രേം അടുത്ത്….
നേർമയായ് ചുണ്ടിൽ തേച്ചിരിക്കുന്ന
ലിപ്ഗ്ലോസ്.. കരിമഷി എഴുതിയ കണ്ണുകളും…
നെറ്റിയിൽ നേർത്ത ഒരു ബ്ലാക്ക് സ്റ്റിക്കർ
പൊട്ടും മാത്രം…… അതിലേറെ മിഴിവേകിയ ആ
ചുവന്ന മൂക്കുത്തി പെണ്ണിനെ സാക്ഷാൽ ദേവി
ആക്കിയോ എന്നൊരു ഡൌട്ട്…..
ഈ പെണ്ണെന്നെ ഭ്രാന്ത് പിടിപ്പിക്കും…!
ഇന്ന് കാണുമെന്നു ഉറപ്പായപ്പോഴേ കുരുത്തം കേട്ടൊരു കുഞ്ഞു മോഹം ഉള്ളിൽ
കേറീണ്ട്… പറ്റുമെങ്കിൽ ആ കവിളത്തൊരു മുത്തം കൊടുക്കണം…
ഒന്നിച്ചു നടക്കുമ്പോൾ ഒരു തവണ ആരും
കാണാത്തിടത്തു വച്ചു ഇത്തിരി നേരം
കൈ ഒന്ന് ചേർത്ത് പിടിക്കാൻ അവൾ
സമ്മതിച്ചിരുന്നു… അത് തന്നെ ഒരുപാട് വട്ടം
“പ്ലീസ്, പ്ലീസ് ” എന്നും പറഞ്ഞു മുഖം വാട്ടി പിന്നാലെ കൂടിയതിനു ശേഷം മാത്രം …
പക്ഷെ ഇതിപ്പോ അത് പോലെ ആണോ..
എങ്ങനെ ചോദിക്കും? ചിലപ്പോ അത് മതിയാകും
ഇത്രേം നാൾ കഷ്ടപ്പെട്ട് അവളുടെ മനസ്സിൽ
കേറികൂടിയിടത്ത് നിന്നും ഇറക്കി വിടാൻ..
പക്ഷേ അവളെ ഇത്ര അടുത്ത് ഇങ്ങനെ കാണും
തോറും മനസ്സിലെ മോഹത്തിന്റെ വലുപ്പം
കൂടുന്നേയുള്ളൂ….
വെള്ളം വറ്റിയ തൊണ്ടയിൽ ഉമിനീരിറക്കികൊണ്ട്
ഇടറിയ ശബ്ദത്തിൽ ചോദിച്ചു ..
“ ഞാനൊന്ന് ഉമ്മവച്ചോട്ടേ..”
അത്രേം നേരം റേഡിയോ തുറന്നു വെച്ച
പോലെ വർത്താനം പറഞ്ഞിരുന്നവൾ പെട്ടെന്ന്
സംസാരം നിർത്തി എന്നെ നോക്കി , പിന്നെ മെല്ലെ
തല താഴ്ത്തി ….
സ്റ്റാർട്ടിംഗ് ട്രബിൾ മാറിയ ധൈര്യത്തിൽ വീണ്ടും
ചോദിച്ചു… ഇല്ല വേണം എന്നോ , വേണ്ടാ എന്നോ,
ഒന്നും പറയാതെ ചുരിദാർ ഷാളിന്റെ അറ്റം കൊണ്ട് ഓല മെടഞ്ഞു താഴോട്ട് നോക്കി ഇരിക്കുന്നു അവൾ…
അവളുടെ മനസ്സിൽ ഒരു വടംവലി മത്സരം
തന്നെ നടക്കുന്നുണ്ടെന്ന് തോന്നുന്നു…
സങ്കടത്തോടെ ആ വടംവലിയും നോക്കിയിരിക്കെ
മനസ്സിൽ ലഡു പൊട്ടി…
മൗനം സമ്മതം എന്നാണല്ലോ…
അവളാണെങ്കിൽ മിണ്ടുന്നുമില്ല… ഇത് തന്നെ അവസരം എന്ന് തോന്നിയപ്പോ തട്ടത്തിൻ മറയത്തിൽ വിനോദ് ആയിഷക്ക് കൊടുത്ത ഉമ്മയും മനസ്സിൽ ധ്യാനിച്ചു പതിയെ മുഖം അവളുടെ കവിളിനോടടുപ്പിച്ചു …