ഒരു പ്രണയലേഖനം എഴുതി ഇഷ്ടം അവരെ അറിയിക്കുക എന്നതാണ് ആദ്യപടി….
ഈ പ്രണയലേഖനമെഴുതുവാൻ താൻ കഴിഞ്ഞേ ആൾ ഉള്ളൂ എന്നാണ് എല്ലാവരും പറയുന്നത്….
കാര്യം കാണാൻ വേണ്ടി പൊക്കി പറയുന്നതാണോ എന്ന സംശയം ഇല്ലാതില്ല..!
കുറേനാൾക്ക് മുന്നേ ആത്മാർത്ഥ സുഹൃത്ത്
സജിമോന് അടുത്ത ക്ലാസ്സിലെ സുന്ദരി
പെണ്ണിനോട് മുടിഞ്ഞ പ്രണയം… അവനാണെങ്കിൽ കറുത്തു മെലിഞ്ഞു ,
പല്ലും പൊങ്ങിയ ഒരുകോലം…..
ഇഷ്ട്ടം തോന്നിയതോ വെളുത്തു തുടുത്തു സിനിമാ നടിയെപോലെയുള്ള ഒരു പെൺകുട്ടിയോടും…
ഒരിക്കലും ആ കുട്ടി ഈ കോലത്തെ ഇഷ്ട്ട
പ്പെടുകില്ല എന്നുറപ്പാണ്… അവന്റെ നിർബന്ധം സഹിക്കാതെ വന്നപ്പോൾ എഴുതുവാൻ തയ്യാറായി….
ആദ്യമായാണ് ഈ മേഖലയിൽ കൈ
വയ്ക്കുന്നത്.. എന്തെക്കെയോ എഴുതി ഒപ്പിച്ച് സജിമോനെ ഏൽപ്പിച്ചു…
വായിച്ചു പോലും നോക്കാതെ അവനത്
ആ കുട്ടിക്ക് നൽകുകയും ചെയ്തു….
പക്ഷെ ,അടുത്ത ദിവസം ഞങ്ങളുടെ പ്രതീക്ഷ
കളെ തട്ടിത്തെറിപ്പിച്ചു കൊണ്ടു അവൾക്കും
സജിമോനെ ഇഷ്ടമാണെന്ന് എഴുതിയ മറുപടി ലെറ്ററും ഉയർത്തിപ്പിടിച്ചു അവൻ തന്നെ കെട്ടി പിടിച്ചപ്പോൾ ശരിക്കും ഞെട്ടി…..
അളിയാ…..
നിന്റെ എഴുത്തിൽ അണെടാ അവൾ വീണത്… നിന്നെ സമ്മതിച്ചു. നീ ഒരു സംഭവം തന്നെ…
അതിനു ശേഷം തന്റെ ജോലി ലൗ ലെറ്റർ എഴുത്തു മാത്രമായിരുന്നു. ഒരു പാട് പ്രണയങ്ങൾ, തന്റെ അക്ഷരങ്ങൾ കൊണ്ട് ഒന്നായി മുന്നിലൂടെ കൈ കോർത്ത് പിടിച്ചു നടന്നു പോയി …!
വെള്ളിയാഴ്ച ഉച്ചയ്ക്ക് പതിവ് പോലെ പെപ്പിൻ
ചുവട്ടിൽ നിന്നും വെള്ളം മൊത്തിക്കുടിച്ചു
കൊണ്ടിരിക്കെ പൈപ്പിൻ ചുവട്ടിൽ ആരോ ഉപേക്ഷിച്ച് പോയ ഒരുതുണ്ട്, വാസനസോപ്പ്
കണ്ണിൽപ്പെട്ടു, അതെടുത്തു കൈ നന്നായ് കഴുകി..
കൂടെ ഇരിക്കുന്നവർ ഉച്ചയ്ക്ക് ഊണിനൊപ്പം കഴിച്ച കറിയുടെ മണം അറിയിക്കാൻ കൈ
മൂക്കിനോട് ചേർക്കും. എന്ത് കറിയെന്ന് വാസനയിൽ നിന്നും പറയണം..
പട്ടിണി കിടക്കുന്നവന്റെ കൈയ്ക്ക്
കറിയുടെ വാസന ഉണ്ടാവില്ലല്ലോ അത് ഒഴിവാക്കാൻ സാധാരണ പച്ചിലകൾ പറിച്ചാണ് വാസന വരുത്തുക ..!
ഇന്ന് അല്പം ആർഭാടം ആയിക്കോട്ടെ എന്നു കരുതി നന്നായി കൈയ്യും മുഖവും കഴുകി ഗ്രൗണ്ടിലെ അരളി മരച്ചോട്ടിലെ
തണലിൽ ഇരുന്നു….