ചെറുപ്പം മുതൽ അവളുടെ കുത്തിവരകൾ
കൗതുകത്തോടെയാണ് തറവാട്ടിലുള്ളവർ കണ്ടിരുന്നത്.. പക്ഷേ വളരുംതോറും ആ വരകൾ മിഴിവുള്ള അക്ഷരങ്ങൾ ആയി മാറിയപ്പോൾ അത് ആശ്ചര്യത്തിലേയ്ക്ക് വഴി മാറി ….
സ്കൂളും കഴിഞ്ഞ് കോളജിലെത്തിയപ്പോളായിരുന്നു, അവളിലെ യഥാർത്ഥ കലാകാരിയെ എല്ലാവരും അറിഞ്ഞത്. അവളുടെ കവിതകൾ കേട്ട് കോളേജ് കാമ്പസ്സ് കോരിത്തരിച്ചു ….
തറവാട്ടിൽനിന്നും നല്ല പ്രേത്സാഹനമായിരുന്നു അവൾക്ക് ലഭിച്ചത് .. ഒരുപാട് സമ്മാനങ്ങൾ വാരിക്കൂട്ടി. മാസികൾക്കും മറ്റും കവിതകൾ
പോസ്റ്റ് ചെയ്യുന്നത് ഏട്ടന്മാരായിരുന്നു…..
കുഞ്ഞോളുടെ കഴിവിൽ അവർക്ക് അല്പം
അഹങ്കാരവുമുണ്ടായിരുന്നു ….
ആയിടയ്ക്കാണ് തറവാട്ടിൽ ആ രഹസ്യ
സന്ദേശമെത്തിയത്. ചാരുലത കോളേജിലെ ഏതോ പയ്യനുമായ് പ്രണയത്തിലാണത്രെ ….
അതറിഞ്ഞ പിള്ളയും , ഏട്ടന്മാരും അവളെ
പിന്തിരിപ്പിക്കുവാൻ ആവുന്നതും നോക്കി …
” ജീവിക്കുകയാണെങ്കിൽ കുമാറിനൊപ്പം”
എന്നവൾ ഒറ്റക്കാലിൽ നിന്നു .. അവളുടെ
നിശ്ചയദാർഢ്യം അറിയാവുന്ന പിള്ള അവളുടെ
സമ്മതമില്ലാതെ മറ്റൊരു വിവാഹം നിശ്ചയിച്ചു …
വിവാഹത്തിന്റെ മൂന്ന് നാൾ മുന്നെ ചാരു സ്നേഹിക്കുന്ന ചെറുപ്പക്കാരനൊപ്പം ഒളിച്ചോടി എവിടെക്കോ പോയി എന്ന വാർത്ത ആ നാട്ടിലാകെ പരന്നു …
അച്ഛന്റെ കൂടെ ഇറങ്ങിത്തിരിച്ചശേഷമായിരുന്നു , അമ്മയുടെ ജീവിതം തന്നെ മാറിയത്…..
അത് വരെ അനുഭവിച്ച സൗഭാഗ്യങ്ങളിൽ നിന്നും മാറി പച്ചയായ ജീവിതത്തിന്റെ കയ്പ് രുചിച്ചിട്ടും ,
അമ്മയ്ക്ക് അച്ഛന്റെ സ്നേഹം മാത്രം
മതിയായിരുന്നു …
അച്ഛന്റെ മരണത്തിൽ തകർന്ന അമ്മയും, മനസ്സുകൊണ്ട് അച്ഛനൊപ്പം പോയി എന്ന്
പലപ്പോഴും തോന്നിയിട്ടുണ്ട് …
അച്ഛന് ബന്ധുക്കൾ ആരുമില്ലായിരുന്നു. അതു കൊണ്ടു തന്നെ വിശന്നു കരയുന്ന തനിക്കായ് എന്തെങ്കിലും ജോലിക്ക് ഇറങ്ങാതെ അമ്മയ്ക്ക്
മറ്റൊരു വഴിയില്ലായിരുന്നു…
അങ്ങിനെ ആണ് അടുത്തുള്ള ബ്രഡ് കമ്പനിയിൽ അയൽ വീട്ടിലെ രാധചേച്ചിയോടോപ്പം അമ്മ
ജോലിക്കുപോയി തുടങ്ങിയത്….
ചുരുങ്ങിയ നാൾ കൊണ്ടു പാവം അമ്മയുടെ
കോലം തന്നെമാറിപ്പോയി.. വിളറിയ മുഖവുമായ്
വാടിത്തളർന്ന് ജോലി കഴിഞ്ഞ് വന്ന് കയറുന്ന
അമ്മ , നടുവേദനയിൽ പുളയുന്നത് പലപ്പോഴും കണ്ടു എന്തു ചെയ്യണമെന്നറിയാതെ കണ്ണീരോടെ
നോക്കി നിൽക്കാനെ എനിക്ക് ആയുള്ളൂ…
വേദന സഹിക്കാൻ പറ്റാത്ത നില വരുമ്പോൾ തന്നെ വിളിച്ചു നടുവിന് വിക്സ് പുരട്ടിത്തരൻ
ആവശ്യപ്പെടും ….