ഈ സംഭവത്തിലെ ശരിതെറ്റുകൾ എനിക്ക് അറിയില്ല കേട്ടോ.
ഏതായാലും മകന് പേടി തട്ടി എന്നും, കുറേക്കാലം ഭയം കാരണം പുറത്തേക്കു ഇറങ്ങിയില്ല എന്നും അപ്പയുടെ അമ്മ സാക്ഷ്യം പറഞ്ഞിട്ടുണ്ട്.
പിന്നെയുള്ളത് അന്ന് അദ്ദേഹം ഓടിച്ചു എന്ന് പറയുന്ന സൈക്കിളിന്റെ കാര്യമാണ്.
ആ സൈക്കിളിന്റെ മുന്നിലെ ടയർ വളഞ്ഞു പിരിഞ്ഞു പോയിരുന്നു.
പിറ്റേദിവസം രാവിലെ ദേശത്തെ കുറച്ചു ചേട്ടന്മാർ അതെടുത്ത് തറവാട്ടിൽ വച്ചിട്ട് പോയി.
കുറേക്കാലം തറവാട്ടിലെ പിന്നാമ്പുറത്ത് കിടന്ന ആ സൈക്കിൾ കുട്ടിക്കാലത്ത് ഞാനും കണ്ടിട്ടുണ്ട്.
മുന്നിലെ ടയർ ആരോ പിടിച്ചു വളച്ചത് പോലെ ഉണ്ടായിരുന്നു.
പിന്നീട് ആ സൈക്കിൾ മുത്തുവാ ഏതോ തമിഴന് ഇരുമ്പ് വിലയ്ക്ക് വിറ്റു എന്നും ഞാനറിഞ്ഞു.
ആ സൈക്കിളാണ് അന്നത്തെ സംഭവത്തിന് ഏക തെളിവെന്ന് അപ്പയുടെ അമ്മ എപ്പോഴും പറയാറുണ്ട്.
അന്ധവിശ്വാസത്തെ എതിർത്തും,പ്രേതമില്ല എന്ന് തർക്കിച്ചും നടന്ന മുത്തുവാ ആ സംഭവത്തോടെ എന്തോ ഒരു പോസിറ്റീവ് എനർജി ഈ ഭൂമിയിൽ ഉണ്ടെന്ന നിഗമനത്തിൽ എത്തിച്ചേർന്നതാണ് സംഭവത്തിന്റെ ക്ലൈമാക്സ്.
നിങ്ങളോട് ഒരു കാര്യം പറയാനുള്ളത് ഇത് ഞാൻ നേരിട്ട് അനുഭവിച്ചതോ കണ്ടതോ ആയ കാര്യങ്ങളല്ല എന്നുള്ളതാണ്.
തറവാട്ടിലെ മറ്റുള്ളവർ പറഞ്ഞു കേട്ടിട്ടുള്ളതും,
മുത്തുവാ പറഞ്ഞതും അതുപോലെ ഇവിടെ പകർത്തി എന്നുമാത്രം.
അന്നത്തെ സംഭവത്തിന് സാക്ഷിയായ ആ സൈക്കിൾ ഞാനും നേരിട്ട് കണ്ടിട്ടുണ്ട്.
മുന്നിലത്തെ ടയറ് കണ്ടാൽ ബോധ്യമാകും എന്തായിരുന്നു അന്നത്തെ ഭീകരാവസ്ഥ എന്നത്.
മുത്തുവാ മരിക്കുന്നതിന് മുമ്പ്, കുറച്ചു കാലം വയ്യാതെ കിടന്നിരുന്നു. ആ സമയത്ത് ഒരിക്കൽ ഞാൻ തറവാട്ടിൽ പോയി അദ്ദേഹത്തെ കണ്ടിരുന്നു.
പഴയ സംഭവം അന്ന് ഞാൻ ഒന്നുകൂടി ചോദിച്ചു വ്യക്തത വരുത്തിയിരുന്നു.
കാരണം കുട്ടിക്കാലത്ത് കേട്ടത് ചിലതൊക്കെ ഞാൻ മറന്നു പോയിട്ടുണ്ട്.
അതുകൊണ്ടാണ് ഇത്ര വിശദമായി എഴുതാൻ സാധിച്ചത്.
പണ്ട് പാഞ്ചിയുടെ വീടിരുന്ന സ്ഥലത്തും അന്ന് ഞാൻ ചെന്നിരുന്നു.
പാഞ്ചിയുടെ വീട് പൊളിച്ചു, അവിടെ ഇപ്പോൾ ഒരു ഫർണിച്ചർ ഷോപ്പാണ്.
പാഞ്ചി തൂങ്ങിമരിച്ച മാവും ഇന്നില്ല.
ഒരുകാലത്ത് പാഞ്ചിയുടെ പ്രേതം വിഹരിച്ച പറമ്പിലൂടെ ഞാൻ ചുമ്മാ നടന്നു.