അദ്ദേഹം മേൽപ്പറഞ്ഞ പുരോഗമന സംഘത്തിൽ ഉണ്ടായിരുന്ന ആളായിരുന്നു.
അദ്ദേഹത്തെ ഞാൻ മൂത്തുവ എന്നാണ് വിളിച്ചിരുന്നത്.
അക്കാലത്ത് ടൗണിൽ ഒരു ഓലമേഞ്ഞ കൊട്ടകയുണ്ട്. വലിയ തീയറ്ററുകളിൽ ഓടി തേഞ്ഞ സിനിമകളാണ് അവിടെ കളിച്ചിരുന്നത്.
അന്ന് ഏതോ ഒരു തമിൾ പടം വന്നിരുന്നു.
പടം കാണാൻ പ്രസ്തുത കൊട്ടകയിൽ മൂത്തുവ കൂട്ടുകാരോടൊപ്പം പോയി.
ഞങ്ങളുടെ തറവാട്ടു വീട്ടിൽ നിന്നും കാപ്പി കുടിയും കഴിഞ്ഞാണ് അവർ പുറപ്പെട്ടത്.
സിനിമ കഴിഞ്ഞു ടൗണിൽ നിന്നും മൂത്തുവ പാതിരാത്രിയോടെ മടങ്ങി.
ധൈര്യശാലി എന്ന് സ്വയം വിശേഷിപ്പിക്കുന്ന മൂത്തുവ രണ്ടും കൽപ്പിച്ചാണ് അന്ന് ഇറങ്ങിയത്.
താൻ പാതിരാ നേരത്ത് പാഞ്ചിയുടെ വീട്ടിന് മുന്നിലൂടെ വന്നെന്നും, പാഞ്ചി പോയിട്ട് ഒരു ഇഞ്ചി പോലും അവിടെ ഇല്ലായിരുന്നു എന്നും നാട്ടുകാരോട് വീമ്പിളക്കാൻ കിട്ടിയ അവസരമായി അദ്ദേഹം അതിനെ കണ്ടു.
കൊണ്ടുവിടാമെന്ന് കൂട്ടുകാർ പറഞ്ഞെങ്കിലും മൂത്തുവ അതൊന്നും ചെവിക്കൊണ്ടില്ല.
ഒരു കൂട്ടുകാരന്റെ സൈക്കിൾ കടംവാങ്ങി അദ്ദേഹം ദേശത്തേക്കു വന്നു.
നല്ല നിലാവുള്ള രാത്രിയായിരുന്നു അത്.
പാഞ്ചിയുടെ വീടിന് അടുത്തെത്തിയപ്പോൾ അദേഹത്തിന് നേരിയ തോതിൽ ഭയം തോന്നിയിരുന്നത്രെ.
നാട്ടിൽ പറഞ്ഞു പ്രരചരിച്ച ഭീകരമായ കഥകൾ മനസ്സിലുണ്ട്.
എങ്കിലും ധൈര്യം സംഭരിച്ച് സൈക്കിൾ ചവിട്ടി.
അവിടെ എത്തിയപ്പോൾ കണ്ണ് നേരെ പോയത് പാഞ്ചി തൂങ്ങിമരിച്ച മാവിൻ ചുവട്ടിലും. ഒന്നേ നോക്കിയുള്ളൂ.
നിലാവെളിച്ചത്തിൽ പാഞ്ചിയുടെ തൂങ്ങിമരിച്ച ദേഹം മുത്തുവാ വ്യക്തമായി കണ്ടെന്നാണ് പറയുന്നത്.
ഭയവും വിറയലും ബാധിച്ച അദ്ദേഹം സൈക്കിൾ വേഗത്തിൽ ചവിട്ടി.
അപ്പോൾ മുന്നിലൂടെ എന്തോ ഒന്ന് പാഞ്ഞുപോയത്രെ. ഒരു വെള്ളിടി പോലെ.
സൈക്കിൾ അതിൽ ഇടിച്ച് അദ്ദേഹം നിലത്തേക്ക് മറിഞ്ഞു വീണു.
കൈയും കാലുമൊക്കെ മുറിഞ്ഞു.
മുത്തുവാ വീണിടത്ത് നിന്നും ചാടി പിടഞ്ഞ് എഴുന്നേറ്റ് കൂവി വിളിച്ചുകൊണ്ട് ഓടി.
ഭാഗ്യത്തിന് അതൊരു മണ്ഡലകാലം ആയിരുന്നു.
നിരത്തിൽ മാലയിട്ട കുറച്ചു അയ്യപ്പന്മാർ ഉണ്ടായിരുന്നു.
ദൂരെനിന്നും ഒരാൾ കൂവിയാർത്തു വരുന്നത് കണ്ടപ്പോൾ അവർക്ക് സങ്കതി മനസ്സിലായി.
അവര് ഓടിച്ചെന്നു അദ്ദേഹത്തെ താങ്ങി പിടിച്ചു വീട്ടിലെത്തിച്ചു.
ഇതാണ് മൂത്തുവാ എന്നോട് പറഞ്ഞ അനുഭവം.