എൻ്റെ മുഖത്തും സംസാരത്തിലും എന്തോ മാറ്റമുണ്ടെന്ന് ഐഷുവിന് മനസ്സിലായി എന്ന് എനിക്ക് ആ കണ്ണുകളിൽ നിറഞ്ഞ് നിന്ന സംശയം എനിക്ക് മനസ്സിലാക്കി തന്നു. രശ്മി വന്നത് കൊണ്ടാകും അതെന്ന് കരുതിയത് കൊണ്ടാകാം അവളെന്നോട് ഒന്നും ചോദിച്ചില്ല, എന്നെ ചേർത്ത് പിടിച്ചു ആശ്വസിക്കുമ്പോഴും എൻ്റെ സങ്കടം എന്താണെന്ന് അവൾക്ക് അറിയില്ലായിരുന്നു. അത് പറയാൻ എനിക്കും കഴിയില്ലായിരുന്നു.
പിന്നെ അങ്ങോട്ട് അവളുടെ മുന്നിൽ നിന്നും നീറി പുകയുന്ന ദിവസങ്ങളായിരുന്നു, എന്നെ കാത്തിരുന്നത്.
പിറ്റേന്ന് തന്നെ പലരുടെ കയ്യിൽ നിന്നും കടം വാങ്ങിയതും, കുറെ കാലമായി ഞാൻ കൂട്ടി വെച്ച പപ്പയെയും മമ്മയെയും സോപ്പിട്ടുണ്ടാക്കിയ എൻറെ ചെറിയ സമ്പാദ്യവും ചേർത്ത് ഞാൻ രശ്മിക്ക് പറഞ്ഞ ക്യാഷ് കൊടുത്തു.
ഇതെല്ലം ഐഷു അറിയാതെ എങ്ങനെ ചെയ്തു എന്ന് ആലോചിക്കുമ്പോൾ ഇന്നുമെനിക്ക് കൈ വിറക്കും. ഹോസ്പിറ്റലിലും പിന്നെ വീട്ടിലെത്തിയിട്ടും എൻ്റെ കൂടെ തന്നെയായിരുന്നു അവൾ. പക്ഷെ അവളെ പലതിനും പറഞ്ഞ് വിട്ട് ഞാൻ എനിക്ക് വേണ്ട സമയം കണ്ടെത്തി. അന്ന് ആദ്യമായി ഐഷുവിന് അറിയാത്ത പുതിയ പാസ്സ്‌വേർഡ് ആയി എൻ്റെ ഫോൺ.
അന്ന് മുതൽ എൻ്റെ അന്വേഷണമായിരുന്നു. എനിക്ക് ചുറ്റും നടക്കുന്ന നിഗൂഢതകളുടെ ചുരുളഴിക്കാൻ.
രശ്മി പറയുന്നതെല്ലാം കള്ളമാണെന്നും, അവൾ മറ്റാരെയോ കൂട്ടുപിടിച്ച് പണത്തിന് വേണ്ടി ചെയ്യുന്നതാണെന്നും ഞാൻ ഉറച്ച് വിശ്വസിച്ചു. പക്ഷെ അത് അവളോട് ചോദിയ്ക്കാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല. അവളെല്ലാം ഐഷുവിനോട് പറയുമോ എന്ന് ഞാൻ ഭയപ്പെട്ടിരുന്നു, ഇന്നും ഭയപ്പെടുന്നു.
പക്ഷെ എൻ്റെ അന്വേഷണം ആരംഭിച്ചത് അവൾ നിരത്തിയ തെളിവുകളിൽ നിന്ന് തന്നെയായിരുന്നു. അവൾ കാണിച്ച ഞാൻ അവൾക്കയച്ചു എന്ന് പറയുന്ന മെസ്സേജുകളിൽ നിന്നും.
അവൾ പറഞ്ഞെതെല്ലാം തന്നെയായിരുന്നു അതിലുണ്ടായിരുന്നത്. അത് പ്രകാരം ആദ്യമൊന്നും സമ്മതിക്കാതിരുന്ന അവളെ പണം കൊടുക്കാം എന്ന് പറഞ്ഞ് പ്രലോഭിച്ചാണ് ഇതിന് കൂട്ടു പിടിച്ചത്. മുമ്പെങ്ങോ അവളുടെ ചേട്ടന് വിദേശത്ത് പോകാൻ പണം വേണമെന്ന് ഐഷു എന്നോട് പറഞ്ഞത് മാത്രമേ എൻ്റെ ഓർമയിലുള്ളു.
അതിൽ പറയുന്നത് അനുസരിച്ചാണെങ്കിൽ ഞാൻ ആ ഫോട്ടോ എടുക്കുന്നതിന്റെ തലേന്ന് തന്നെ. ഞാൻ ഫോട്ടോ എടുക്കുമെന്ന് പ്ലാൻ ചെയ്തിരുന്നു. പക്ഷെ എൻ്റെ ഓർമ്മ അനുസരിച്ച് അവളെന്റെ ഫോട്ടോ സ്റ്റാറ്റസ് ഇട്ടതിന്റെ ദേഷ്യത്തിനാണ് ഞാൻ അങ്ങനെ ചെയ്തത്. അങ്ങനെ ഉത്തരമില്ലാത്ത പല സമസ്യകളിൽ ഒന്ന് മാത്രമായിന്നു അത്.
ചോദ്യങ്ങൾ പലതും അങ്ങനെ തന്നെ നിന്നെങ്കിലും എനിക്ക് കിട്ടിയ മാറ്റ് തെളിവുകൾ വെച്ച് എൻ്റെ അന്വേഷണം തുടർന്നു. സാഗറിന് അയച്ച ശേഷം അവൾ അയച്ചു എന്ന് പറയുന്ന മെയിൽ ആരുടെയാണ് എന്ന് കണ്ടുപിടിക്കാൻ ഞാൻ തീരുമാനിച്ചു. ജിമെയിൽ എടുത്ത് ലോഗിൻ ചെയ്യാൻ മെയിൽ കൊടുത്തു പക്ഷെ പാസ്സ്‌വേർഡ്?