“മ്മ്മ്… ഐഷു എന്ത് പിടിയ പിടിച്ചത് എൻ്റെ ജീവൻ പോകുന്നത് പോലെ തോന്നി. പിന്നെ നിന്നെ ഓർത്ത് മാത്രമാണ് ഞാൻ അവളെ ഒന്നും ചെയ്യാത്തത്.” തൊണ്ട ഒന്ന് അനക്കി അവൾ പറഞ്ഞു.
കോളേജിൽ വെച്ച് ഐഷു അവളുടെ കഴുത്തിൽ കുത്തി പിടിച്ച കാര്യമാണ്. അല്ല അവസാനം പറഞ്ഞത് ഒരു ഭീഷണിയല്ലേ? അതിനിടക്ക് എന്തോ പറഞ്ഞല്ലോ എന്നെ ഓർത്തിട്ടാണെന്നോ മറ്റോ? ഇവളെന്തിനാ എന്നെ ഓർക്കുന്നെ?
“ എന്നെ ഓർത്തിട്ടോ…?” ഞാൻ സംശയത്തോടെ ചോദിച്ചു.
“ പിന്നല്ലാതെ എല്ലാം നിൻ്റെ പ്ലാൻ അല്ലായിരുന്നോ? ” അവൾ എന്നോട് ചേർന്ന് നിന്ന് ശബ്ദം താഴ്ത്തി പറഞ്ഞു.
എൻ്റെ പ്ലാനോ എന്ത് പ്ലാൻ. ഇവൾക്കെന്താ വട്ടായോ? ഇനി ഐഷു കഴുത്തിൽ പിടിച്ച് ഭിത്തിയിൽ ഒട്ടിച്ചപ്പോൾ താൾ ഇടിച്ചു കിളി വല്ലതും പോയോ…?
“ എൻ്റെ പ്ലാനോ? എന്തൊക്കെയാ രശ്മി നീ ഈ പറയുന്നത്.” ഞാൻ എൻ്റെ സംശയം മറച്ച് വെച്ചില്ല.
“ പോടാ കളിക്കാതെ? നീ പറഞ്ഞിട്ടല്ലേ ആ ഫോട്ടോ ഞാൻ ഐശോര്യയുടെ ഫോണിൽ നിന്നും ചോർത്തിയതും, സാഗറിന് അയച്ചിട്ട് അപ്പോൾ തന്നെ ഡിലീറ്റ് ചെയ്തതും. പിന്നെ നീ പറഞ്ഞ മൈലിൽ അയച്ചതും.” അവളത് പറഞ്ഞപ്പോൾ എൻ്റെ കിളി മൊത്തം പോയി. ഇവളെന്ത് കൊപ്പക്കെയാ പറയുന്നേ? ഇതൊക്കെ ഇവളെ കൊണ്ട് ചെയ്യിച്ചത് ഞാനാണെന്നോ? കൈ വയ്യാണ്ടിരിക്കുന്നു, ഇല്ലെങ്കിൽ അവളുടെ പല്ല് അടിച്ച് താഴെ ഇട്ടേനെ…!
“ കൊള്ളാം നല്ല അഭിനയം നീയും നിൻ്റെ മറ്റവനും കൂടി എല്ലാം ചെയ്ത് വെച്ചിട്ട് എല്ലാം എല്ലാവർക്കും മനസ്സിലായപ്പോൾ പുതിയ അടവുമായിട്ട് ഇറങ്ങിയിരിക്കുകയാണല്ലേ? ” ഒരു ലോഡ് പുച്ഛം വാരി വിതറി ഞാനത് പറഞ്ഞു.
“ ഡാ ഞാൻ സീരീസ് ആണ്, ഐഷു എൻ്റെ ഏറ്റവും ബെസ്റ്റ് ഫ്രണ്ടാണ് അവളെ പറ്റിക്കാൻ ഞാൻ കൂട്ടു നിന്നത് നീ പറഞ്ഞത് കൊണ്ട് മാത്രമാണ് ” അവൾ ഗൗരവത്തിൽ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് കലിയാണ് കേറി വന്നത് എൻ്റെ ഐഷുവിനെ ഞാൻ പറ്റിക്കുകയെ അതിന് ഇവളെ കൂട്ട് പിടിക്കുകയെ?
“ രശ്മി എനിക്ക് നന്നായിട്ട് ദേഷ്യം വരുന്നുണ്ട് ഒന്ന് കഴിയുമ്പോൾ അടുത്ത ഓരോ ഉടായിപ്പും കൊണ്ട് വന്നോളും.” ഇനിയും ഇവളിവിടെ നിന്നാൽ ഞാനെന്തെങ്കിലും ചെയ്തത് പോകും എന്ന് എനിക്ക് തോന്നിയത് കൊണ്ട് ഞാനവളെ ഒഴിവാക്കാൻ നോക്കി.
“ അത് കൊള്ളാല്ലോ എല്ലാം കഴിഞ്ഞപ്പോൾ നിനക്ക് ദേഷ്യം വരുന്നല്ലേ? എന്നെ ഒഴിവാക്കണമല്ലേ അപ്പോൾ മോൻ ഇത് കൂടി കണ്ടോ?” എന്ന് പറഞ്ഞ് അവൾ അവളുടെ ഫോൺ ഓപ്പൺ ചെയ്ത് എന്തോ ചെയ്ത് എൻ്റെ മുന്നിലേക്ക് കാണിച്ചു. എൻ്റെ ചാറ്റ് ലിസ്റ്റായിരുന്നു അത്. അതിൽ ഞാനയച്ചിട്ടില്ലാത്ത കുറെ മെസ്സേജുകളും.
ഞാൻ നോക്കി അന്തം വിട്ട് നിന്നപ്പോൾ അതിൽ ഉണ്ടായിരുന്ന ഒരു വോയിസ് ക്ലിപ്പ് അവൾ പ്ലേ ചെയ്തു.