മസാല ദോശ ഒറ്റക്ക് കഴിക്കാമെന്ന് വിചാരിച്ച ഞാൻ അവിടെയും പരാജയപെട്ടു. അവളതിൽ നിന്നും പകുതി അകത്താക്കി. വിശപ്പ് കാരണം പിന്നെയും രണ്ട് ദോശ ഓർഡർ ചെയ്തു അതിൽ നിന്നും ഒരെണ്ണം അവൾ തിന്ന് തീർത്തു.
എല്ലാം കഴിഞ്ഞ് സമദാനമായില്ലേ എന്ന രീതിയിൽ അവളെന്നെ നോക്കി. തൃപ്തിയായി…!
അങ്ങനെ അവിടെ നിന്നുമിറങ്ങി വീട്ടിലേക്ക് വിളിച്ചതിന് ശേഷമാണ് ഞങ്ങൾ യാത്ര തുടർന്നത്. സാറക്ക് ഞാൻ പോന്നതിൽ ചെറിയ സങ്കടമുണ്ടന്ന് അവളുടെ സംസാരത്തിൽ നിന്നും മനസ്സിലായി. എല്ലാം തിരിച്ചെത്തിയിട്ട് വേണം റഡിയാക്കാൻ.
അവിടെ നിന്നുള്ള യാത്ര അല്പം വേഗത്തിൽ തന്നെയായിരുന്നു. അതിനിടക്ക് പുറകിലൊരു R15 ഞങ്ങളെ ഓവർ ടേക്ക് ചെയ്യാൻ ശ്രമിക്കുന്നുണ്ടായിരുന്നു. വളവായത് കൊണ്ട് ഒന്ന് രണ്ട് തവണ ശ്രമിച്ചിട്ടും പറ്റിയില്ല പിന്നെ ഒരു നേരെ ഉള്ള ഭാഗം വന്നപ്പോൾ അത് കേറി പോയി. പക്ഷെ പോകുമ്പോൾ അതിൻ്റെ പുറകിലിരുന്ന ആളെ ഒറ്റ നോട്ടത്തിൽ എനിക്ക് മനസ്സിലായി.
“ ഐഷു രശ്മി അല്ലെ അത് ”
ഐഷു അപ്പോഴാണ് അവളെ ശ്രദ്ധിക്കുന്നത്.
“ അതേടാ അവൾ തന്നെയാ.”
അവളെ കണ്ടെതും എൻ്റെ മനസ്സിൽ പഴയ ഓർമ്മകൾ വരാൻ തുടങ്ങി. എല്ലാത്തിന്റെയും തുടക്കമോ അവസാനമോ എന്ന് അറിയാത്ത ആ ദിവസം… അതാണ് ആദ്യം എൻ്റെ മനസ്സിലേക്ക് വന്നത്. ഐഷു പോലുമറിയാതെ ഓരോ നിമിഷവും ഞാൻ നീറാൻ തുടങ്ങിയത് അന്ന് മുതലാണ്. അതോർക്കുമ്പോഴേ എൻ്റെ ഹൃദയം വല്ലാതെ നോവാൻ തുടങ്ങി.
“ ഡാ അവളെ പിടിക്ക് നമുക്ക് ഒന്ന് സംസാരിക്കാം.” ഐഷുവിൻ്റെ വാക്കുകളാണ് എന്നെ ഓർമ്മയിൽ നിന്നുമുണർത്തിയത്.
പിന്നെ അവൾക്ക് മറുപടിയൊന്നും നൽകാതെ ഞാൻ ആക്‌സിലേറ്റർ നന്നായി തിരിച്ചു. ബുള്ളറ്റ് വലിയ ശബ്ദത്തോടെ മുന്നേറുമ്പോൾ, എഞ്ചിന്റെ ചൂടിനേക്കാൾ വലിയ ചൂടിൽ എൻ്റെ ഹൃദയം കത്തിയെരിയുകയായിരുന്നു, ഒപ്പം ചില ഓർമ്മകളും.
##############################################################################
അന്ന് സാഗറുമായി അടിയുണ്ടായി ഹോസ്പിറ്റലിൽ കിടന്ന ദിവസം, ഐഷു എന്തിനോ പുറത്ത് പോയപ്പോഴാണ് റൂമിലേക്ക് രശ്മി വന്നത്.
“ ആഹ് രശ്മിയോ കേറി വാടോ? ” അവള് ചെയ്ത കാര്യത്തിന് എനിക്ക് നല്ല ദേഷ്യമുണ്ടെങ്കിലും, ഹോസ്പിറ്റലിൽ നമ്മളെ കാണാൻ വരുന്നവരോട് അത് കാണിക്കാൻ പാടില്ലല്ലോ? പിന്നെ ഇവളുടെ കാര്യം ഐഷു നോക്കാം എന്നല്ലേ പറഞ്ഞത് അപ്പോൾ ഞാനായിട്ട് ഒന്നും പറയണ്ട എന്ന് വെച്ചു. അല്ലെങ്കിലും ഒന്നുമവൾ മനപ്പൂർവമല്ലാലോ?
“ നിനക്കിപ്പോൾ എങ്ങനെ ഉണ്ടെടാ…!” എൻ്റെ കട്ടിലിന്റെ അടുത്ത് ചേർന്ന് നിന്നവൾ എൻ്റെ സുഖവിവരം തിരക്കി.
“ ഏയ് കുഴപ്പമൊന്നുമില്ല. പിന്നെ ഈ കൈക്ക് കുറച്ച് വേദനയുണ്ട്” എൻ്റെ വലത് കൈ ചൂണ്ടി ഞാൻ പറഞ്ഞു.