“ഞാൻ നിന്നോട് അത് പറഞ്ഞില്ലെങ്കിലും അതൊന്നും എന്റെ മനസ്സിൽ നിന്നും ഒരു കാലത്തും പോകില്ല ഇന്നും സുഖമുള്ളൊരു നൊമ്പരമായി എന്റെ ഉള്ളിൽ തന്നെയുണ്ട്”
“ഐഷു ഞാൻ പറഞ്ഞില്ലേ നമുക്ക് ഇത് ഇവിടെ നിർത്താം എല്ലാം കഴിഞ്ഞതല്ലേ”
“പ്ലീസ് ഡാ ഇന്നെങ്കിലും ഞാൻ ഇത് നിന്നോട് പറഞ്ഞില്ലെങ്കിൽ എനിക്ക് പറ്റില്ലടാ. പ്ലീസ്…” അവൾ എന്നോട് കെഞ്ചി.
“ശരി നീ പറഞ്ഞോ… പക്ഷെ അതും പറഞ്ഞ് ഇവിടെ കിടന്ന് മോങ്ങിയാൽ ഞാൻ നിന്നെ എടുത്ത് ആ കടലിലിടും”
“പോടാ നീ ഇട്ടാൽ കടല് കൊണ്ട് പോകുന്നത് എന്നെ മാത്രമാകില്ല മോനെയും ഞാൻ കൊണ്ട് പോകും” അവൾ എന്നെ ചുറ്റി പിടിച്ചു കൊണ്ട് പറഞ്ഞു.
“എന്തെ ഇപ്പോൾ പറയണ്ടേ?” കുറച്ച് നേരം എന്നെ മുറുകെ കെട്ടി പിടിച്ച് ഇരുന്നിട്ടും അവൾ ഒന്നും പറയാത്തത് കൊണ്ട് ഞാൻ ചോദിച്ചു.
“ആഹ് പറയാം…” എന്ന് പറഞ്ഞ് അവൾ എന്റെ നെഞ്ചിൽ നിന്നും എഴുന്നേറ്റു.
“അത് വേണ്ട! ഇങ്ങനെ കിടന്ന് തന്നെ പറഞ്ഞാൽ മതി.” എന്ന് പറഞ്ഞ് ഞാൻ വീണ്ടും അവളെ പിടിച്ച് എന്റെ നെഞ്ചിലേക്കിട്ട്.
അതിന് അവൾ ഒന്ന് മൂളുക മാത്രം ചെയ്തു.
“എന്നാൽ പറഞ്ഞോ” ഞാൻ അവളോട് പറഞ്ഞു.
“നിന്നെ ഞാൻ ഒരുപാട് പിച്ചുകുയും മന്തുകയുമൊക്കെ ചെയ്തിട്ടുണ്ട്, പക്ഷെ ഒരിക്കലും ഞാൻ നിന്റെ വലതു വേദനിപ്പിക്കില്ല.” അത് പറഞ്ഞ് അവളുടെ ചുണ്ടുകൾ എന്റെ വലത്തെ തോളിലേക്ക് ചേർത്ത് വെച്ചു.
“നിനക്കോർമ്മയുണ്ടോ അന്ന് നിന്റെ അനിയത്തിയുടെ ബെർത്ത് ഡേയ്ക്ക് നിനക്ക് കിട്ടിയ ചോക്ലേറ്റ് അവൾക്ക് കൊടുത്തത്”
“അയ്യേ നീ ഇപ്പോഴും അതൊക്കെ ഓർത്തോണ്ടിരിക്കുവാണോ.” ഞാൻ അവളെ കളിയാക്കി ചിരിച്ചു.
“കളിയാക്കണ്ട എനിക്ക് ആ ദിവസം ഒരിക്കലും മറക്കാൻ കഴിയില്ല” അത് പറഞ്ഞ് അവൾ എന്റെ നെഞ്ചിലേക്ക് വീണ്ടും ചേർന്നു.
ഞാനതിന് ഒരു മൂളൽ മാത്രം നൽകി.
“അന്ന് നീ എനിക്ക് തരാതെ ചോക്ലേറ്റ് അവൾക്ക് കൊടുത്തപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ല. അപ്പോഴത്തെ പോട്ട ബുദ്ധിക്ക് ഏതോ സിനിമയിൽ കണ്ട അറിവ് വെച്ച് നിന്നെ തള്ളിയിടാൻ ഞാൻ അടുക്കളിയിൽ പോയി എണ്ണ എടുത്ത് കൊണ്ട് വന്ന് നീ നിന്നതിനടുത്ത് ഒഴിച്ചു. ഒഴിച്ചത് രണ്ടാമത്തെ നിലയിലാണെന്നോ അതും സ്റ്റെയറിന്റെ ഫ്രിണ്ടിൽ ആണെന്നോ അതിൽ ചവിട്ടിയാൽ തെന്നി വീഴുന്നത് നേരെ താഴേക്ക് ആണെന്നോ എന്റെ അന്നത്തെ വിവരം വെച്ച് എങ്ങനെ അറിയാനാണ്” അത് പറയുമ്പോൾ അവളുടെ കണ്ണുനീർ എന്റെ നെഞ്ചിലേക്ക് വീഴുന്നുണ്ടായിരുന്നു.
“ദേ പെണ്ണേ ഞാൻ ആദ്യമേ പറഞ്ഞതാണ് കിടന്ന് ചിണുങ്ങാനാണെങ്കിൽ പറയണ്ടയെന്ന്” ഞാൻ അവളുടെ കവിൾ തുടച്ച് കൊണ്ട് പറഞ്ഞു.
“ഇല്ല ഞാൻ കരയുന്നില്ല.” എന്ന് പറഞ്ഞ് അവൾ വീണ്ടും എന്നെ ഘാടമായി ചുറ്റിപ്പിടിച്ചു.
അതിനു ഞാൻ ഒന്ന്മൂളി. അവളുടെ ശരീരം എന്നോട് ഒട്ടി ചേർന്ന് ഇരിക്കുമ്പോൾ ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ കാമുകൻ ഞാനാകും എന്ന് ഞാൻ ഓർത്തു.