“സത്യത്തിൽ നിനക്ക് എങ്ങനാടി ഞാൻ ഈ ചെറ്റത്തരം മൊത്തം കാണിച്ചിട്ട് എന്റെ കൂടെ ഇങ്ങനെ നിൽക്കാൻ പറ്റുന്നത്” ഞാൻ അല്പം ഗൗരവത്തിലാണ് അത് ചോദിച്ചത്.
“വീണ്ടും തുടങ്ങിയോ ചെറുക്കന്? ഞാൻ പറഞ്ഞതല്ലേ നിന്റെ ഭാഗത്ത് തെറ്റൊന്നുമില്ലയെന്ന്” അവൾ അല്പം ദേഷ്യത്തിലാണ് അത് പറഞ്ഞത്.
“അതല്ലടി ഞാൻ സീരിയസ് ആയിട്ട് ചോദിച്ചതാ. പ്രിൻസി പറഞ്ഞത് പോലെ എന്റെ ഫോണിലെടുത്ത് ഫോട്ടോ ഞാനറിയത്തെ പുറത്ത് പോകില്ലല്ലോ? പിന്നെ അവിടെ ഒട്ടിച്ചിരുന്നതും പ്രിൻസി കാട്ടിയത് എല്ലാം ഞാൻ എടുത്ത ഫോട്ടോ തന്നെയാണ്. ഇത്രൊക്കെയുണ്ടായിട്ടും നീ എന്ത് കണ്ടിട്ടാടി എനിക്ക് വേണ്ടി വാദിച്ച് എന്റെ നെഞ്ചോട് ചേർന്ന് ഇങ്ങനെ കിടക്കുന്നത്.”
“അതോ? അത് എനിക്ക് എന്റെ ചെക്കനെ നല്ല വിശ്വാസമാണ്. നിനക്ക് ഞാൻ വിഷമിക്കുന്നതൊന്നും ചെയ്യാൻ പറ്റില്ല, അതെനിക്കറിയാം. ഇടക്ക് കുറച്ച് കുസൃതിയൊക്കെ കാണിച്ച് പിണങ്ങുമെങ്കിലും എന്റെ മുഖം വാടിയാൽ നിനക്ക് സഹിക്കാൻ പറ്റില്ലാന്ന് എനിക്കറിയില്ലേ.”
“പോടീ അവിടുന്ന് ഒരുപാട് സോപ്പന്നും വേണ്ട. നീ കാര്യം പറ, പുറത്ത് വിട്ടത് ഞാൻ അല്ലെങ്കിലും ഫോട്ടോ എടുത്തത് ഞാനല്ലേ അപ്പോൾ ഞാനും ഒരു കാരണമാണ്. അപ്പോൾ എന്റെ ഭാഗത്തും തെറ്റുണ്ട്. നീ എത്ര നിഷേധിച്ചാലും അത് അല്ലാതാകില്ല. എന്നിട്ടും എന്തിനടി… നീ…” ഞാൻ പറഞ്ഞ് തീർക്കുന്നതിന് മുമ്പ് അവൾ എന്റെ ചുണ്ടിൽ വിരൽ വെച്ച് സംസാരം തടസപ്പെടുത്തി.
“ഞാൻ നിന്നോട് ഒരുപാട് പിണങ്ങിയിട്ടുണ്ട്. പക്ഷെ വേറെയാരെയെങ്കിലും നിന്നെ എന്തെങ്കിലും പറഞ്ഞാൽ ഞാൻ കേട്ട് കൊണ്ട് നിന്നിട്ടുണ്ടോ?” അവൾ എന്നോട് ചോദിച്ചു.
“അതില്ല…”
“അത് നീ ഞാൻ കാരണം ആരുടെയും മുന്നിൽ തലകുനിയുന്നത് എനിക്ക് സഹിക്കാൻ പറ്റാത്തത് കൊണ്ടാണ്. ഇന്നലെ തന്നെ ആ സ്റ്റാറ്റസ് ഇട്ടതിന്റെ വിഷമത്തിൽ ഞാൻ നേരെ ചെവ്വേ ഒന്ന് ഉറങ്ങിയത്പോലുമില്ല അറിയോ?” അത് പറയുമ്പോൾ അവളുടെ തൊണ്ട ഇടറുന്നുണ്ടായിരുന്നു.
“ഇതിനും മാത്രം എന്നെ സ്നേഹിക്കാൻ ഞാൻ നിനക്ക് എന്താടി തന്നിട്ടുള്ളത്” ഞാൻ രണ്ട് കൈകളും കൊണ്ട് അവളെ എന്നിലേക്ക് അമർത്തി ചോദിച്ചു.
“നീ തന്നിട്ടുള്ളതൊന്നും ഈ ഐഷുവിന് ഒരിക്കലും തിരിച്ചു തരാൻ കഴിയല്ല മോനെ” അവൾ വാക്കുകളിൽ തമാശ കൊണ്ട് വരാൻ ശ്രമിക്കുമ്പോഴും അവളുടെ കണ്ണിൽ നിന്നും ഈർന്നു വീഴുന്ന കണ്ണുനീർ ആ വാക്കുകളിലെ ആത്മാർത്ഥത എനിക്ക് മനസ്സിലാക്കി തന്നു.
“ഡി അതെന്താടി നിനക്ക് തിരിച്ച് തരാൻ പറ്റാത്തത് ഞാൻ തന്നിട്ടുള്ളത്.” അവളുടെ കണ്ണുനീർ തുടച്ച് കൊണ്ട് ഞാൻ ചോദിച്ചു.
“നിന്നെ ഞാൻ നുള്ളാറില്ലേ…” അവളുടെ ചോദ്യത്തിൽ വീണ്ടും കുസൃതി വന്നു.
“നീ നുള്ളാത്തതും പിച്ചാതതുമായ ഏതെങ്കിലും ഭാഗം എന്റെ ശരീരത്തുണ്ടോ മോളെ” അവളെ കളിയാക്കി കൊണ്ട് ഞാൻ ചോദിച്ചു.
“ഉണ്ട്…” അത് പറഞ്ഞ് എന്റെ വലത്തെ കയ്യിൽ അമർത്തി ചുംബിച്ചു.
“അതേത് സ്ഥലം” ഞാൻ അത്ഭുദത്തോടെ ചോദിച്ചു.
“നിനക്ക് കുട്ടിക്കാലത്ത് ക്രിക്കറ്റ് കളിക്കാൻ ഒരുപാട് ഇഷ്ടമായിരുന്നുല്ലേ” അവളുടെ ആ ചോദ്യം കൂടി കേട്ടപ്പോൾ വണ്ടി എങ്ങോട്ടാണ് പോകുന്നത് എന്ന് എനിക്ക് ഏകദേശം ധാരണ കിട്ടി. എന്നിട്ടും തടയാൻ തോന്നിയില്ല.
“ആയിരുന്നു അതിനെന്താ?”
“പിന്നെ എന്തിനാണ് നീ കളി നിർത്തിയത്”
“ഐഷു മതി നമുക്ക് ഈ ടോപ്പിക്ക് ഇവിടെ നിർത്താം വെറുതെ പഴയതൊക്കെ ഓർത്ത് വിഷമിക്കാൻ വേണ്ടി”