കസേരയിൽ അവളും ഇരുന്നു. അപ്പോഴും എനിക്ക് അവളുടെ മുഖത്ത് നോക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.
“ഡാ നീയെന്താ, ഇങ്ങനെ കിളി പോയത് പോലെ ഇരിക്കുന്നത്” എന്റെ താഴ്ന്നിരുന്ന മുഖം പിടിച്ചു ഉയർത്തി ഐഷു ചോദിച്ചു.
“ഡി ഞാൻ…” എനിക്ക് പറയാൻ വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല.
” ഇത് ചെയ്തത് നീ അല്ല എന്നല്ലേ? ” അവൾ എന്നോട് ചോദിച്ചു. എന്റെ ചങ്കിടുപ്പിന്റെ വേഗം ക്രമാതീതമായി കൂടുന്നത് ഞാൻ അറിഞ്ഞു. എന്റെ ശ്വസച്ചതിന്റെ വേഗതയും വർധിച്ചിരുന്നു.
“ഡി അത്” എങ്ങനെ പറഞ്ഞ് മനസ്സിലാക്കണം എന്ന് അറിയാതെ വീണ്ടും എന്റെ വായിൽ നിന്നും വാക്കുകൾ വരാൻ മടിച്ചു.
“ഡാ നീ അത് ചെയ്യില്ല എന്ന് എനിക്ക് അറിയില്ലേ? ഇത് ആരോ നമുക്ക് രണ്ട് പേർക്കും ഇട്ടു ആരോ പണി തന്നതാണ്.” അവളുടെ വാക്കുകൾ എന്റെ പോയ എല്ലാ കിളികളും തിരിച്ചു കൊണ്ട് വന്നു. ഞാൻ അത്ഭുതത്തോടെ അവളുടെ കണ്ണിലേക്കു നോക്കി. എന്നോടുള്ള അടങ്ങാത്ത പ്രണയമാണ് ഞാൻ അവിടെ കണ്ടത്, അതോ തന്റെ കുട്ടിയോട് അമ്മക്കുള്ള നിർമാല്യമായ സ്നേഹമോ?
“നീ എന്താടാ ഇങ്ങനെ നോക്കുന്നത്. നീ ഏത് വരെ പോകും എന്ന് എനിക്ക് നന്നായി അറിയാം. ഇത് നീ ചെയ്യില്ല അതെനിക്ക് നന്നായി അറിയാം” ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിടർത്തി കൊണ്ടാണ് അവൾ അത് പറഞ്ഞതെങ്കിലും അവളുടെ കണ്ണുകളിൽ ഒളിച്ചിരിക്കുന്ന തീ എനിക്ക് അറിയാൻ കഴിയുന്നുണ്ടായിരുന്നു.
“ദാ രണ്ട് ലൈം…” കാന്റീനിലെ ചേട്ടൻ കൊണ്ട് വന്ന ക്ലാസ്സ് ഞങ്ങളുടെ മേശപ്പുറത്ത് വെച്ച് കൊണ്ട് പറഞ്ഞു.
ഞാൻ പിന്നെ ഒന്നും നോക്കിയില്ല, അതിൽ കിടന്ന സ്ട്രോ എടുത്ത് മാറ്റിയ ശേഷം ഒറ്റ വലിക്ക് മുഴുവൻ കുടിച്ചു. അഹ് എന്തൊരാശ്വസം.
എന്റെ പ്രവർത്തി കണ്ട് ഐഷുവിന്റെ മുഖത്തു ഒരു ചെറു പുഞ്ചിരി വിരിഞ്ഞു. ഞാൻ ഗ്ലാസ്സ് താഴെ വെച്ചപ്പോൾ അടുത്ത ക്ലാസ്സ് എടുത്ത് അവളും കുടിക്കാൻ തുടങ്ങി.
അവൾ കുടിക്കുന്നതും നോക്കി ഇരിക്കുമ്പോൾ എന്റെ ഐഷുവിന് എന്നോടുള്ള വിശ്വാസത്തിൽ എനിക്ക് വല്ലാത്ത സന്തോഷം തോന്നി.
ഞാൻ എന്റെ ഫോണിൽ എടുത്ത ഫോട്ടോ തന്നെയാണ് അവിടെ ഒട്ടിച്ചിരുന്നത്. അത് എങ്ങനെയാണ് പുറത്ത് പോയത് എന്ന് എനിക്ക് ഒരു പിടിയും കിട്ടുന്നില്ല. ഞാൻ അറിയാതെ പുറത്ത് പോകാൻ ഒരു വഴിയും എന്റെ അറിവിൽ ഇല്ല. അത് എനിക്ക് അറിയുന്നത് പോലെ ഐഷുവിനും അറിയാം, പക്ഷെ എന്നിട്ടും അവൾ എന്നെ തള്ളിപറഞ്ഞില്ല.
ഈ അവസ്ഥയിൽ ഞാൻ ആയിരുന്നെങ്കിലും ഇങ്ങനെ ചെയ്യുമോ എന്ന് എനിക്ക് ഒരുറപ്പുമില്ല.
എന്നാലും എങ്ങനയാണ് ആ ഫോട്ടോ പുറത്ത് പോയത്. അത് എടുത്ത ശേഷം എന്റെ ഫോൺ ആരെങ്കിലും എടുത്തായിരുന്നോ?
“ഉള്ള ചെറ്റത്തരം മൊത്തം കാണിച്ചിട്ട് രണ്ടും ഇവിടെ വന്നിരിക്കുവാണല്ലേ” അങ്ങനെ ഒരു സ്ത്രീ ശബ്ദം കേട്ടാണ് ഞാൻ എന്റെ ചിന്തകൾ അവസാനിപ്പിച്ച് ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയത്.
പ്രിയയാണ് കൂടെ വിഷ്ണുവും ഉണ്ട്.
“എടാ എന്നാലും നീ എന്ത് നാറിയ പരുപാടിയ കാണിച്ചത്. നിന്റെ പല കന്നന്തരിവിനും ഞാൻ കൂട്ട് നിന്നിട്ടുണ്ട്. പക്ഷെ ഇത് മഹാ ചെറ്റത്തരം ആയിപോയി.” വിഷ്ണു നിന്ന് കത്തി കെറുവാണ്. ഐഷു ഉള്ളത് കൊണ്ട് ഇവൻ അഭിനയിക്കുന്നത് ആണോ അതോ ശരിക്കും പറഞ്ഞതാണോ എന്ന് പോലും എനിക്ക് മനസ്സിലായില്ല.