പ്രാണേശ്വരി 3 [പ്രൊഫസർ]

Posted by

അവൻ പറഞ്ഞു തീർത്തതും ഞാൻ അടുത്തിരുന്ന കുപ്പി എടുത്തു വായിൽ കമിഴ്ത്തി, കുറച്ചു കവിൾ കുടിച്ചു കഴിഞ്ഞാണ് കുപ്പി വായിൽ നിന്നും എടുക്കുന്നത്

” അയ്യേ ഇതടിച്ചിട്ടാണോ നിങ്ങൾ കിടന്നാടുന്നത്, എനിക്ക് കുടിച്ചിട്ട് ഒന്നും തോന്നുന്നില്ല. ആകെ തോന്നുന്നത് വായിൽ ഒരു കൈപ്പാണ് ”

വീണ്ടും ഒരിക്കൽകൂടി കുപ്പി വായിൽ കമിഴ്ത്തി..

കുടിക്കഴിഞ്ഞതും അവന്മാർക്ക് കനാൽ ബണ്ടിൽ പോയിരിക്കണം എന്ന്

ഞങ്ങളുടെ കോളേജിന്റെ അടുത്താണ് ഭൂതത്താൻകെട്ട് ഡാം, അതിൽ നിന്ന് വരുന്ന ഒരു കനാൽ ഞങ്ങളുടെ റൂമിന്റെ സൈഡിൽ കൂടെ ഒഴുകുന്നുണ്ട്, അതിന്റെ ബണ്ടിൽ പോയിരിക്കാം എന്നാണ് ഇവർ പറയുന്നത്,

കുടിയും കഴിഞ്ഞു അവിടെ പോയിരുന്നു, സമയം വൈകിട്ട് ഒരു ആറ് ആറര ആയിട്ടുണ്ടാവും, പതിയെ ഇരുട്ട് പടർന്നു തുടങ്ങിയിരിക്കുന്നു, ആ സമയത്തു ആ ചെരിവില് ആ പുല്ലിൽ ഇരിക്കുന്നത് ഒരു പ്രിത്യേക സുഖമാണ്,

ഞാൻ ആ ചെരുവിൽ കിടന്നു, ആകാശത്തേക്ക് നോക്കി അതാ ചന്ദ്രൻ നിൽക്കുന്നു, ഞാൻ തല ഒരു സൈഡിൽ നിന്നും മറ്റേ സൈഡിലേക്ക് ചെരിച്ചു അപ്പോ ദാ വരുന്നു ചന്ദ്രൻ ആ കൂടെ

ഞാൻ ബസ്സിൽ പോകുമ്പോൾ ഒക്കെ കണ്ടിട്ടുണ്ട് നമ്മുടെ ബസ്സിന്റെ ഒപ്പം ചന്ദ്രൻ വരുന്നത് പക്ഷെ ഇങ്ങനെ ആദ്യമായാണ് കാണുന്നത്, ഞാൻ അത് അവന്മാരോട് പറയുകയും ചെയ്തു

” ടാ ഇത് കൊള്ളാട്ടോ, ഞാൻ തല തിരിക്കുമ്പോൾ എന്റൊപ്പം ചന്ദ്രനും തിരിയുന്നു ”

” ഒന്ന് ഷോ ഇറക്കാതെ പോയെടാ ചെക്കാ, ആകെ രണ്ടു കവിളും കുടിച്ചിട്ട് രണ്ടു കുപ്പി കുടിച്ച കോപ്രായം ആണ് കാണിക്കുന്നത് ”

” ആരാ പറഞ്ഞെ ഞാൻ രണ്ടുകവിളെ കുടിച്ചുള്ളു എന്ന്, ഞാനാണ് ആ കുപ്പി മുഴുവൻ കുടിച്ചു തീർത്തത് ”

” ആ അത് ശരിയാ ആ കുപ്പി കുടിച്ചു തീർത്തത് നീയാ, പക്ഷെ ആ കുപ്പിയിൽ ആകെ കുറച്ചേ ബാക്കി ഉണ്ടാരുന്നുള്ളൂ”

ഞാൻ പിന്നെ ഒന്നും പറയാൻ പോയില്ല,പിന്നേം കൊറേ നേരം എന്തൊക്കെയോ സംസാരിച്ചു പക്ഷെ എനിക്കൊന്നും ഓർമയില്ല, രാവിലെ എഴുന്നേൽക്കുമ്പോൾ ഞാൻ എന്റെ കട്ടിലിൽ ഉണ്ട്, എപ്പോ വന്നെന്നോ എങ്ങനെ വന്നെന്നോ അറിയില്ല

പിന്നെയും സ്ഥിരം പരിപാടി, എഴുന്നേൽക്കുന്നു പല്ലുതേക്കുന്നു, കുളിക്കുന്നു ക്യാന്റീനിൽ പോണു കഴിക്കുന്നു ക്ലാസിൽ പോണു, അങ്ങ് ദൂരെ നിന്നൊക്കെ കോളേജിൽ എത്തുന്ന പിള്ളേരൊക്കെ സമയത്തു ക്ലാസ്സിൽ കേറും തൊട്ടടുത്തു കിടക്കുന്ന ഞങ്ങൾ എന്നും എത്തുമ്പോ കാൽ മണിക്കൂർ വൈകും. പിന്നെ അതിനുള്ള വഴക്കും കൂടെ കേട്ടിട്ട് വേണം ക്ലാസ്സിൽ കേറാൻ

ക്ലാസ്സിൽ കേറാൻ ലേറ്റ് ആയതുകൊണ്ട് തന്നെ രാവിലെ ലക്ഷ്മിയെ കാണാൻ പറ്റീല്ല, പിന്നെ ഇന്റെർവെല്ലിനു ഇറങ്ങിയാണ് അവളെ കാണാൻ പോയത്,

ഞാൻ കോളേജ് മുഴുവൻ നോക്കിയിട്ടും അവളെ കണ്ടില്ല, ഇനി പോകാൻ ഒരു സ്ഥലവും ബാക്കിയില്ല ലൈബ്രറി അല്ലാതെ, അവിടെ ആരും അങ്ങനെ പോയിരിക്കാറില്ലാത്തതു കൊണ്ട് അവിടെ ഉണ്ടാവാൻ സാധ്യത ഇല്ല,

Leave a Reply

Your email address will not be published. Required fields are marked *