ഏറെ പ്രിയപ്പെട്ട ഒരു നേഴ്സ് കുസൃതിയോടെയാണ്, ” വായിക്കുന്നെങ്കിൽ ഇതൊക്കെ വായിക്കേടോ, അസുഖമൊക്കെ പമ്പ കടക്കും” എന്നു പറഞ്ഞു ചിരിച്ചുകൊണ്ട് എന്റെ ഫോണിൽ ഈ സൈറ്റ് ആദ്യമായി കാണിച്ചു തന്നത്. ഇങ്ങനെയും ഒകെ കഥകൾ എഴുതുമോ എന്നുള്ള അതിശയം ആയിരുന്നു ആദ്യം. പക്ഷെ ചില കഥകൾ വായിച്ചപ്പോഴാണ് കഥയിൽ എരിവും പുളിയും ചേർക്കുന്നുണ്ടെങ്കിലും അസാമാന്യ പ്രതിഭകളാണ് എഴുത്തുകാരിൽ പലരും എന്നു തിരിച്ചറിഞ്ഞത്.
തികച്ചും അനിവാര്യമായ വിധി എന്നോണം ഞാൻ വായിക്കാൻ തുടങ്ങി ഏകദേശം ഒരു മാസത്തിനുള്ളിൽ “കുരുതിമലക്കാവ് ” പ്രസിദ്ധീകരിച്ചു തുടങ്ങി. ഓരോ ഭാഗവും എനിക്കു തന്ന വായനാനുഭവങ്ങൾ അവിശ്വസനീയമായിരുന്നു. Dejavu എന്നൊരു വാക്ക് അതിന്റെ എല്ലാ അർഥത്തിലും ഒട്ടും അതിശയോക്തി കലർത്താതെ എന്റെ ജീവിതത്തിലേക്ക് നേരിട്ട് ഇറങ്ങി വന്നതു പോലെ. രാത്രിയിലെ സ്വപ്നങ്ങളിൽ പോലും അവൻ എഴുതാൻ പോവുന്ന സംഭവങ്ങൾ ഞാൻ നേരിട്ട് കാണാൻ തുടങ്ങി പലപ്പോഴും. ഒരിക്കലും കണ്ടിട്ടില്ലാത്ത എഴുത്തുകാരൻ എനിക്കൊരു വലിയ ചോദ്യചിഹ്നമായി. വല്ലാത്ത ധർമസങ്കടത്തിലായി ഞാൻ. അവൻ എഴുതുന്ന ഓരോ അധ്യായവും അവനിലേക്ക് എന്നെ വലിച്ചടുപ്പിച്ചുകൊണ്ടേയിരുന്നു. കാണാമറയാതിരുന്നു ഏതോ ഒരു ജലവിദ്യക്കാരൻ എന്റെ മനസ്സിനെ ഒരു കളിപ്പാട്ടമാക്കുന്നതു പോലെ. ദേഷ്യവും സങ്കടവും ആകാംക്ഷയുമൊക്കെ മാറി മാറി തോന്നുന്നുണ്ടായിരുന്നു. ആരോട് പറയണം, എങ്ങനെ ഇതിൽനിന്നും ഒന്നു പുറത്തുകടക്കും എന്നൊക്കെ ചിന്തിച്ചു, ഒടുവിൽ മുള്ളിനെ മുള്ളുകൊണ്ടു എടുക്കും പോലെ കഥയുടെ സൃഷ്ടാവിനോട് തന്നെ ഈ നിഗൂഡതകൾക്കുള്ള മറുപടി തേടാമെന്ന് തീരുമാനിച്ചു. പക്ഷേ ഇത്തരം കഥകൾ ഒരു പെൺകുട്ടി വായിച്ചിട്ട് അതിന്റെ എഴുത്തുകാരനോട് സംവദിക്കുകയെന്നാൽ എനിക്ക് സങ്കൽപ്പിക്കാൻ ആവുന്നതിനേക്കാളേറെ ആയിരുന്നു. പക്ഷേ ചില അനിവാര്യതകൾ നമുക്ക് പകർന്നു തരുന്ന അസാമാന്യധൈര്യമുണ്ട്. ഒരുപാട് നാളത്തെ കൂട്ടലും കുറയ്ക്കലും ഗുണിക്കലും ഹരിക്കലും ഒക്കെ എത്തിനിന്നത് അവനോട് സംവദിച്ചേ മതിയാവൂ എന്ന തികഞ്ഞ അനിവാര്യതയിലേക്കാണ്. കമന്റ് ബോക്സിൽ mail id ചോദിച്ചപ്പോഴും വേണോ വേണ്ടയോ എന്ന വടംവലികൾക്കിടയിൽ ആയിരുന്നു മനസ്സ്. അധികം താമസിക്കാതെ എനിക്കുള്ള മറുപടിയായി ആ mail id എത്തി.
ഏകദേശം 10 ദിവസത്തിൽ കൂടുതൽ വേണ്ടി വന്നു അവനോടായി സംവദിക്കാനുള്ള ഏതാനും വരികൾ എഴുതാനുള്ള ധൈര്യം സംഭരിക്കാൻ. ഇത്രമേൽ ധൈര്യം ചോർന്നു പോവുന്നൊരവസ്ഥ അതിനു മുൻപ് ഞാൻ അറിഞ്ഞിട്ടേയില്ല. അതൊരു പരീക്ഷണ ഘട്ടം തന്നെയായിരുന്നു. എന്റെ ഉദ്ദേശശുദ്ധിയെ, എനിക്കു തോന്നിയ അടുപ്പത്തെ ഒക്കെ ഏറ്റവും തരംതാഴ്ന്ന രീതിയിൽ പോലും ചിന്തിക്കാനുള്ള എല്ലാ സാധ്യതകളും ഞാൻ മുന്നിൽ കാണുന്നുണ്ടായിരുന്നു.
തികച്ചും ഔപചാരികമായ എഴുത്തുകളിൽ തുടങ്ങി, ഇഷ്ട വിഷയങ്ങളായ വായനയും, എഴുത്തും, സംഗീതവും, സിനിമയും, മനുഷ്യ മനഃശാസ്ത്രവും, റിഗ്രെഷൻ തെറാപ്പിയും, മിസ്റ്റിസിസവും,