അച്ഛാ എന്ന് വിളിച്ച് അവൾ കരയുന്നുണ്ട്…. അപ്പൊ കാറിൽ ഉണ്ടായിരുന്ന ഒരാൾ രമേഷേട്ടൻ ആയിരിക്കും അല്ലെ…
വിഷ്ണു : അതെ… ഞാൻ വൈശാഖ് ഏട്ടനെ വിളിച്ചിരുന്നു. ഏട്ടൻ ഹോസ്പിറ്റലിൽ പോയിട്ടുണ്ട്… അമലൂട്ടനും തുഷാരയും രമേഷേട്ടനും ആയിരുന്നു കാറിൽ ഉണ്ടായത്. ബാക്കി അളിയനും അച്ഛനും പെങ്ങളും കുട്ടിയും മറ്റേ കാറിൽ ആയിരുന്നു പോലും… അവരുടെ വണ്ടി എണ്ണയടിക്കാൻ നിർത്തിയത് കൊണ്ട് കുറച്ച് വൈകിയാണ് സ്പോട്ടിൽ എത്തിയത്…
ലീന : ആരൊക്കെ പോയി എന്ന് ചോദിച്ചോ…
വിഷ്ണു : അത് അറിയില്ല… പക്ഷെ രണ്ടാൾ പോയി എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ലീന : അയ്യോ….ദൈവമേ…… ഇത് എങ്ങനാ നമ്മൾ ഇവരോട് ഒന്ന് പറയുക…
വിഷ്ണു : ഒന്നും ഇപ്പൊ പറയണ്ട…… പോസ്റ്റുമോർട്ടം കഴിഞ്ഞ് 2 ദിവസത്തിനുള്ളിൽ ബോഡി ഇവിടേക്ക് കൊണ്ടുവരും എന്നാ പറഞ്ഞത്… മോഹനേട്ടനും അഞ്ജലിയും നാളെ രാവിലത്തെ ഫ്ലൈറ്റിൽ വരുന്നുണ്ട് പോലും… അവിടത്തെ കാര്യങ്ങൾ അളിയനും വൈശാഖ് ഏട്ടനും ഒക്കെ നോക്കിക്കോളാം എന്നാ പറഞ്ഞത്.. പിന്നെ നിത്യേച്ചിയുടെ അനിയൻ കൂടി ഉണ്ടല്ലോ അവിടെ..
ലീന : ഒരാളെങ്കിലും ബാക്കിയായൽ മതിയായിരുന്നു….പാവം ഷിൽനയ്ക്ക് വല്ല മാനസികവും ആകുമോ എന്ന എന്റെ പേടി…
______/_______/______/_______
ഇതേസമയം തന്റെ പ്രിയപ്പെട്ടവർ മരിച്ചത് അറിയാതെ അഞ്ജലി ആശുപത്രി വരാന്തയിൽ കരഞ്ഞുകൊണ്ട് ഇരുന്നു. അച്ഛനും ഭർത്താവും പിന്നെ കുറേ പരിചയക്കാരും എല്ലാം തീവ്രപരിചരണ വിഭാഗത്തിന് മുന്നിൽ ഓരോ മൂലയിൽ നിന്ന് വിതുമ്പുന്നുണ്ട്.
പുറത്തേക്ക് വന്ന മുതിർന്ന ഡോക്ടർ തമ്പാൻ അമലിന്റെ ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ച് മുന്നിലേക്ക് നടന്നുപോയി.. ഉടനെ അമലിന്റെ അച്ഛനും അളിയനും ഡോക്ടറെ അനുഗമിച്ചു. ഡോക്ടറുടെ സംസാരത്തിന് കാതോർത്ത് തളർന്ന മുഖവുമായി രണ്ടുപേരും കാത്തിരുന്നു..
Dr : അമലിന്റെ അച്ഛനും അളിയനും ആണല്ലേ…
അളിയൻ : അതേ ഡോക്ടർ… എന്താണ് ഇപ്പോഴത്തെ അവസ്ഥ…
Dr : ഞാൻ തുറന്ന് പറയുന്നത്കൊണ്ട് നിങ്ങൾക്ക് ഒന്നും തോന്നരുത്. ഇത് വിധിയാണെന്ന് കരുതി സമാധാനിക്കണം. നമുക്ക് രണ്ടുപേരെ നഷ്ടപ്പെട്ടു എന്ന് നേരത്തേ പറഞ്ഞല്ലോ… മറ്റേ ആളുടെ കണ്ടീഷൻ വളരെ മോശമാണ്….. എന്തും താങ്ങാൻ ഉള്ള കരുത്ത് നിങ്ങൾക്ക് ഉണ്ടാവണം. ഞങ്ങളാൽ ആവുന്ന എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. ബാക്കിയൊക്കെ ദൈവത്തിന്റെ കൈയ്യിൽ ആണ്. നിങ്ങൾക്ക് വിശ്വാസം ഉണ്ടോ എന്നറിയില്ല, എന്നാലും അവസാനം ഞങ്ങൾ ഡോക്ടർമാർ പോലും ചില അവസരത്തിൽ വിളിക്കുന്നത് ദൈവമേ എന്നാണ്… അതുകൊണ്ട് പ്രാർത്ഥിക്കുക..
മോഹനൻ : ഡോക്ടറെ… എന്റെ മോന് വേണ്ടിയാണോ ഞാൻ പ്രാർത്തിക്കേണ്ടത്… അതോ വേറെ ആർക്കെങ്കിലും വേണ്ടിയാണോ.. നിങ്ങൾ എന്താ അത് എന്നോട് പറയാത്തത്…
അളിയൻ : അച്ഛാ…. അച്ഛൻ ടെൻഷൻ ആവല്ലേ… വാ… ഞാൻ സംസാരിക്കാം ഡോക്ടറോട്.. അച്ഛൻ പുറത്ത് നിൽക്ക്…