വിഷ്ണുവിന്റെ ഫോണിലേക്ക് വൈശാഖിന്റെ ഫോൺ വന്നത്. ഉടനെ tv തുറന്ന് വാർത്താ ചാനൽ വച്ച് ബ്രേക്കിംഗ് ന്യൂസ് കണ്ടുകൊണ്ടിരുന്ന അവന്റെ ഹൃദയം നുറങ്ങി. അവൻ പൊട്ടി കരഞ്ഞുകൊണ്ട് നിലവിളിക്കുകയാണ്. ഇത് കേട്ട് ഓടിയെത്തിയ ലീനയും ഓമനേച്ചിയും tv യിലേക്ക് നോക്കി സ്തബ്ധരായി നിന്നു…
” ദുബായിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം ട്രക്കുമായി കൂട്ടിയിടിച്ച് മലയാളികൾ മരിച്ചു. സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പ്രകാരം 2 പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു എന്നാണ് അറിയാൻ കഴിഞ്ഞത്. ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ദുബായിൽ എഞ്ചിനീയറായി ജോലിചെയ്യുന്ന അമൽ മോഹനും കുടുംബവും സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. രണ്ട് വണ്ടികളിലായി അവധി ദിനം ആഘോഷിക്കാൻ പോകുകയായിരുന്ന വാഹനത്തിൽ ഒന്നിൽ ആണ് എതിരേ വന്ന ട്രക്ക് ഇടിച്ച് അപകടം ഉണ്ടായിരിക്കുന്നത്.
ദുബായ് പോലീസിന്റെ ആദ്യ പ്രതികരണം ഇതിനോടകം വന്നുകഴിഞ്ഞിട്ടുണ്ട്. എതിർ ദിശയിൽ വന്ന ട്രക്കിന്റെ നിയന്ത്രണം തെറ്റി ട്രാക്ക് മാറി വന്ന് കാറിൽ ഇടിക്കുകയായിരുന്നു എന്നാണ് ദുബായ് പൊലീസ് പുറത്തുവിടുന്ന വിവരം. നഗര പരിധിയിൽ നിന്നും മാറി മരുഭൂമിയിലൂടെ പോകുന്ന റോഡിലാണ് അപകടം ഉണ്ടായത്. വിജനമായ പ്രദേശമായതുകൊണ്ട് രക്ഷാപ്രവർത്തനം അല്പം വൈകിയാണ് നടന്നത് എന്ന് അറിയാൻ കഴിഞ്ഞിട്ടുണ്ട്. ട്രക്ക് ഡ്രൈവറായ മലയാളിയെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രക്ക് ഡ്രൈവർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്നാണ് ദുബായ് പോലീസിന്റെ ഹൈവേ പെട്രോൾ വിഭാഗം സംഭവസ്ഥലത്തേക്ക് എത്തിയത്. അതിനകം അമലിന്റെ കൂടെ ഉണ്ടായിരുന്ന വാഹനത്തിൽ ഉള്ളവർ ചേർന്ന് രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. ട്രക്ക് ഡ്രൈവറുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വരാൻ ഇരിക്കുന്നതേ ഉള്ളു.
മറ്റൊരു സങ്കടപെടുത്തുന്ന കാര്യം, കാറിൽ ഉണ്ടായിരുന്ന ഒരാൾ തന്റെ മൊബൈൽ ഫോണിൽ നിന്നും വീട്ടുകാരുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് അപകടം നടന്നത് എന്നതാണ്. പോലീസ് പറയുന്നത് പ്രകാരം, സംഭവസ്ഥലത്തുനിന്നും കണ്ടെടുത്ത മൊബൈലിൽ ഒന്നിൽ കോൾ കട്ട് ആയിട്ടുണ്ടായിരുന്നില്ല. അങ്ങനെയാണെങ്കിൽ ഈ അപകടം നടക്കുന്നത് ലൈവായി ശ്രവിച്ചുകൊണ്ടിരുന്ന ആരോ ഒരാൾ അമലിന്റെ കുടുംബത്തിൽ ഉണ്ടെന്ന് വേണം കരുതാൻ.
ഞങ്ങളുടെ പ്രതിനിധി ഹോസ്പിറ്റലുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും കൃത്യമായ വിവരം ഇതുവരെ ലഭ്യമായിട്ടില്ല. ആർക്കാണ് ജീവൻ നഷ്ടപ്പെട്ടത് എന്നോ അതീവ ഗുരുതരാവസ്ഥയിൽ ഉണ്ടെന്ന് പറയുന്ന ആളിന്റെ ഇപ്പോഴത്തെ സ്ഥിതിയോ ഒന്നും അറിയാൻ സാധിച്ചിട്ടില്ല. ദുബായ് മലയാളികളെ ഒന്നടങ്കം കണ്ണീരിൽ ആഴ്ത്തിയ സംഭവമാണ് ഇതെന്ന് വിവിധ സംഘടനകളുടെ പ്രതിനിധികൾ ഞങ്ങളോട് പ്രതികരിച്ചു. അപകടത്തിൽ പെട്ടവരുടെ കുടുംബത്തിന് വേണ്ട എല്ലാ സഹായവും ചെയ്യാൻ മുന്നിൽ ഉണ്ടാകുമെന്ന് മലയാളി സംഘടനാ ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.
_____/______/______/______