എന്നാലും ചുരുങ്ങിയ വിവരങ്ങൾ വെളിയിൽ വിടേണ്ടി വന്നു. ആകെ അറിയാവുന്ന പണി പെയിന്റിങ്, പേര്, മുംബയിലെ ആർട്ട് ഗ്യാലറിക്കു മുന്നിൽ ആർക്കും വേണ്ടാത്ത പെയിന്റിങ്ങുകൾ കത്തിച്ച് ദാരിദ്ര്യം മൂലം തിരികെ നാട്ടിലേക്ക്, വീടോ കുടിയോ ഇല്ലാത്ത പൊങ്ങുതടിയായ, ഒരു ലക്ഷ്യവും ഇല്ലാതെ ഒഴുകി നടക്കുന്ന ഈയുള്ളവൻ…. നിശിതമായ, ഒരു മടിയും കൂടാതെ അവർ എയ്തുവിട്ട അനുസ്യൂതം ചോദ്യശരങ്ങളേറ്റ് പരിക്കുകളോടെ ഞാൻ വാതിൽക്കലേക്ക് ഓടി. ഒരു ബീഡി കൂടി കത്തിച്ചു വലിച്ചു. ഞരമ്പുകൾ അയഞ്ഞു. വായ കഴുകി തിരിച്ചു വിട്ടു.
ഭാഗ്യം. രണ്ട് സി ഐ ഡി കളും ഇപ്പോൾ അപ്പുറത്തെ സീറ്റിൽ, അമർന്ന ആലോചനയിൽ. ഞാൻ ഒന്നു ചാരിക്കിടന്നു . വൈകുന്നേരത്തെ ഇളം തണുപ്പുള്ള കാറ്റ് മയക്കത്തിലേക്ക് വീഴ്‌ത്തി.
വണ്ടിയുടെ കട കട ശബ്ദത്തിനും ഉപരി ആരോ ചെവിയിൽ പേരുവിളിച്ചതുപോലെ … കണ്ണു തുറന്നപ്പോൾ ഏടത്തി. എണീക്കടാ വല്ലതും കഴിച്ചിട്ട് ഉറങ്ങ്. അവർ ഒരു ഉളുപ്പും ഇല്ലാതെ എന്നോട് സ്വാതന്ത്ര്യം എടുത്തു തുടങ്ങി. പിന്നേ വയറ്റിൽ ചെറിയ മൂളലും തുടങ്ങിയിരുന്നു. അവർ നീട്ടിയ തൈരു സാദവും അച്ചാറും തട്ടി. പിന്നെ പോയി പെടുത്തിട്ട് മോളിൽ കേറി ഉറങ്ങി. ഉറക്കം വിട്ട് താഴെ ഇറങ്ങി കണ്ണു തുറന്നപ്പോൾ വെളിയിൽ നല്ല പച്ചപ്പ്.
ഷൊർണ്ണൂർ സ്റ്റേഷനിൽ എത്താറായപ്പോൾ ഏടത്തി എന്റെ കൈക്കു കേറി പിടിച്ചു. നീ ഇവിടെ ഇറങ്ങിക്കോ. ഞങ്ങടെ കൂടെ പോന്നോളൂ. ഒഴിവുകഴിവൊന്നും പറയണ്ട. ഞാൻ അന്ധാളിച്ചു. പ്രതിഷേധം പ്രകടിപ്പിക്കാൻ തുടങ്ങിയ പ്പോൾ, ഏടത്തി ഒറ്റപ്പോക്ക്, ടോയ്‌ലറ്റിൽ. ശങ്കരേട്ടന്റെ കൈ തോളിൽ അമർന്നു.
സാരല്യ. മാധവി പറയണത് കേട്ടോളൂ. ഒരു രണ്ടു മൂന്ന് ആഴ്‌ച്ച തങ്ങിയാൽ മതി. വീട്ടിന്റെ ഔട്ട്ഹൗസിൽ. ഇല്ലെങ്കിൽ ഞാൻ ആവും പ്രതി. നിന്നെ നിർബ്ബന്ധിച്ചില്യ എന്നു പറഞ്ഞു എന്നോട് വഴക്കിടും. അങ്ങോർ ചിരിച്ചു.
ഞാൻ കീഴടങ്ങി. പെട്ടികളും ഇറക്കി, തോൾസഞ്ചി പിറകിൽ ഏറ്റി. ടാക്സിയുടെ മുന്നിൽ ഇരുന്നു.