നിന്നെ വീട്ടിൽ നിന്ന് മാറ്റി നിർത്തിയപ്പോൾ നിന്നെക്കാൾ കൂടുതൽ ഞാൻ വിഷമിച്ചിട്ടുണ്ട്…. ‘അമ്മ നഷ്ടപ്പെട്ട നിന്നെ കൂടെ നിർത്തി സംരക്ഷിക്കേണ്ടതാണെന്നെനിക്ക് അറിയാഞ്ഞിട്ടല്ല…. പക്ഷെ ആ സമയത്ത് ഞാനനുഭവിച്ചിരുന്ന മാനസിക ബുദ്ധിമുട്ട്…. അത് നിന്നെ ഒരിക്കലും ബാധിക്കരുത് എന്ന ചിന്തയാണ് നിന്നെ അകറ്റിയത്…. പലപ്പോഴും പലരുടെയും അഭിപ്രായ പ്രകടനങ്ങൾ എന്നെ ക്ഷുഭിതനാക്കിയിട്ടുണ്ട്….. പക്ഷെ ഞാനൊരിക്കലും ആകാൻ പാടില്ല എന്ന് പതിനഞ്ചാം വയസ്സിലേ കുറിച്ചിട്ട തീരുമാനം; അത് മാറാതിരിക്കുവാൻ ഞാൻ മാനസികമായി വളരെ കഷ്ടപ്പെട്ടു …… നിനക്കറിയാത്ത ഒരാളാണ് ഞാനെന്ന് എനിക്കറിയാം….. നീയെന്റെ കൂടെ കഴിഞ്ഞ എട്ട് വയസ്സ് വരെയുള്ള കാലം നിനക്കത്ര ഓർമ്മ കാണില്ല…. ഇല്ലെങ്കിൽ എന്റെ സ്വഭാവമോ പൂർവ്വകാലമോ വിലയിരുത്താനുള്ള പ്രായം അന്ന് നിനക്കില്ലായിരുന്നു….
അച്ഛനൊന്ന് നിർത്തി…. ഞാൻ നിശബ്ദനായി എന്നാൽ ആകാംഷയോടെ അച്ഛന്റെ മുഖത്തേക്ക് നോക്കിയിരുന്നു…. ഡ്രൈവിങ്ങിന്റെ താളം മുറിയാതെ അച്ഛൻ തുടർന്നു ………
ഒരു കണക്കിന് എന്റെ അച്ഛന്റെ അതേ സ്വഭാവമാണ് നിന്റെ കുഞ്ഞമ്മാവനും…. എന്തും വെട്ടി പിടിക്കണം…. എല്ലാവരും എന്നെ അനുസരിക്കണം…. എന്നൊക്കെയുള്ള ചിന്ത…. തളരാത്തവരെ മാനസികമായി തളർത്താൻ ആഢ്യത്വം കാണിക്കുക…. ജാതിപരമായ മേൽക്കോയ്മ അടിച്ചെല്പിക്കുക ഒക്കെ ഉണ്ടായിരുന്നു….. വീട്ടിലും മറിച്ചല്ലായിരുന്നു….. എല്ലാവരും തന്റെ കീഴിലാണെന്ന അല്ലെങ്കിൽ തന്റെ ചിലവിൽ ജീവിക്കുന്നവരാണ് എന്ന വിചാരം…. പഴയ തറവാട്ട് കാരണവർ എന്ന സങ്കൽപ്പം അദ്ദേഹത്തിൽ അടിയുറച്ചിരുന്നു….. ആ സ്വഭാവത്തിന് മുന്നിൽ മക്കളോ ഭാര്യയോ എന്തിന് മുത്തശ്ശി പോലും ഒരു പരിഗണനക്ക് അർഹരായിരുന്നില്ല…. എന്നാൽ അച്ഛന്റെ നേർ വിപരീതമായിരുന്നു അമ്മയുടെ സ്വഭാവം…. ഒരു പാവം…. ആരെയും സ്നേഹിക്കാൻ മാത്രമറിയുന്ന ‘അമ്മ… എല്ലാവരും പറയും എനിക്ക് അമ്മയുടെ സ്വഭാവമാണ് കിട്ടിയതെന്ന്…. എനിക്ക് അച്ചനിൽ നിന്ന് കിട്ടിയ ഏറ്റവും വലിയ അനുഗ്രഹം വിദ്യാഭ്യാസമാണ്…. മറ്റ് സഹോദരങ്ങളുടെ വിദ്യാഭ്യാസമെല്ലാം ഇടക്ക് നിർത്തിച്ചുവെങ്കിലും എന്തോ ഇളയ മകനായ എന്റെ വിദ്യാഭ്യാസം പൂർത്തിയാക്കാൻ അദ്ദേഹം അനുവദിച്ചു….
ഒന്ന് നിർത്തി ദീർഘശ്വാസം എടുത്ത് തുടർന്നു ……
അന്ന് എന്റെ ചെറുപ്പത്തിൽ ഞാൻ കണ്ടുവളർന്ന ഒരു സാഹചര്യം ഒരിക്കലും നമ്മുടെ വീട്ടിൽ ഉണ്ടാകരുത് എന്ന് ഞാൻ തീരുമാനിച്ചിരുന്നു….. അത് പാലിക്കുന്നത് ചിലപ്പോൾ ഒക്കെ കഠിനമായ കാര്യമാണ്…. നമ്മുടെ രീതികളിൽ എപ്പോഴെങ്കിലുമൊക്കെ മറ്റുള്ളവർക്കും സ്വാധീനമുണ്ടാകും ….. അത് പെട്ടെന്നുള്ള നമ്മുടെ പ്രതികരണത്തിനെ സ്വാധീനിക്കും….. അത്തരം സാഹചര്യങ്ങൾ നമുക്കിടയിൽ ഉണ്ടാകാതിരിക്കുവാനാണ് ഹൃദയം പൊടിയുന്ന വേദന തോന്നിയെങ്കിലും നിന്നെ വീട്ടിൽ നിന്ന് മാറ്റി നിർത്താൻ പ്രേരിപ്പിച്ചത്…. അത് നീയന്ന് അനുഭവിച്ചിരുന്ന ബുദ്ധിമുട്ടുകൾക്കും ഒരു പരിഹാരമായിരിക്കും എന്ന് ഞാൻ കരുതി….
ഇടക്ക് – പ്രത്യേകിച്ച് ആ ഡിബേറ്റിറ്റിന്റെ അന്ന് – എനിക്ക് ഒരു പരാജയ ഭീതി തോന്നിയിരുന്നു…. പിറ്റേന്ന് തന്നെ ലീവെടുത്ത് നിന്റെ സ്‌കൂളിനടുത്തോട്ടേക്ക് താമസം മാറണം എന്ന തീരുമാനത്തിലാണ് അവിടുന്ന് പോന്നത്….. എന്നാൽ അന്ന് വൈകീട്ട് എഡ്‌വിനും, പിന്നീട് രാത്രി മിസ്സിസ് കാതറീനും വിളിച്ച് കാര്യങ്ങൾ പറഞ്ഞപ്പോൾ ആണെനിക്ക് സമാധാനമായത് …… ഇപ്പോൾ നിന്റെ മാറ്റം…. നിന്നിലെ പക്വത …. നിന്റെ തീരുമാനങ്ങൾ……. എല്ലാം എന്റെ ശരി വെളിപ്പെടുത്തുന്നു…..ഉണ്ണീ…