ഒരു ഘട്ടത്തിൽ നിന്നെക്കാൾ തകർന്നത് രൂപയാണെന്ന് തോന്നി… ഒരിക്കലും ആരോടും അവൾ കോപിച്ച് കണ്ടിട്ടില്ല…. എൽ കെ ജി മുതൽ എനിക്ക് ആറിയാവുന്നതാണവളെ….. പക്ഷെ അവൾക്ക് ചുറ്റും ഒരു വലിയ സുഹൃത് വലയമുണ്ട്…. നീ നീയൊറ്റക്കാണെന്ന് മനസ്സിലാക്കി…. അതാണ് ഇങ്ങോട്ട് ഞാൻ നിന്നെ കൂട്ടിയത്….
ദീർഘമായ സംഭാഷണം അവർ ഒരു ഞൊടി നിർത്തി… അപ്പോഴും വിദൂരതയിൽ എവിടെയോ ഉറപ്പിച്ച കണ്ണുകൾ അവർ പിൻവലിച്ചില്ല…. വീണ്ടും തുടർന്ന്…..
ഇക്കൊല്ലം നിന്റെ ഈ സ്‌കൂളിലെ പഠിപ്പ് കഴിയും…. ഉത്തര പേപ്പറുകളിൽ നൂറിൽ നൂറ് മാർക്കിനുള്ളത് എഴുതി പിടിപ്പിക്കാൻ കഴിയുന്നത് മാത്രമല്ല വിദ്യാഭ്യാസം…. അതിന് ഒത്തിരി അർത്ഥങ്ങൾ ഉണ്ട്…. എല്ലാം നേടിയില്ല എങ്കിലും നാം ഒരു സാമൂഹ്യ ജീവിയാണെന്ന ബോദ്ധ്യം ഉണ്ടായേ പറ്റൂ….. അവരോട് ഇടപഴകുവാനും അറിവുകൾ പങ്കിടാനും….കാരുണ്യവും ക്ഷമയും സ്നേഹവും എന്തിന് ജീവിതത്തെ പ്രണയിക്കാനും നമുക്ക് കഴിയണം….. ഇല്ലെങ്കിൽ ഈ കഴിഞ്ഞ പന്ത്രണ്ട് വർഷങ്ങൾ ചവച്ച് തുപ്പിയ പുസ്തകങ്ങൾ വെറും വേസ്റ്റാകും…. ഇക്കൊല്ലത്തോടെ രാജ്യത്തെ നിയമങ്ങൾ അനുസരിച്ച് നീ പ്രായപൂർത്തി ആകുകയാണ്…. ഇനി നിന്റെ അഭിപ്രായങ്ങൾക്ക് വിലയുണ്ട് എന്ന് മാത്രമല്ല…. അതിന് ചിലപ്പോൾ രാജ്യം കാത്തിരിക്കുകയും ചെയ്യും…. ഒക്കെ നിന്റെ തീരുമാനം പോലെ ….. അപ്പോൾ തുറന്ന് പെരുമാറാൻ നിനക്ക് കഴിയണം….
അവർ വീണ്ടും നിർത്തി….. പിന്നെ തിരിഞ്ഞ് കൈവരിയിൽ പിടിച്ച് ദൂരേക്ക് നോക്കി നിന്ന എന്നെ പിന്നിൽ നിന്ന് കേട്ടിപ്പിടിച്ച്…. തോളിൽ മുഖം അമർത്തി…..
മോനേ …. ഞാൻ പറഞ്ഞത് നടക്കണമെങ്കിൽ നിന്റെ മനസ്സിലെ പ്രശ്നങ്ങൾ തീരണം….. എന്താണ് നിന്റെ പ്രശ്നങ്ങൾ എന്ന് നീ പറഞ്ഞാലല്ലാതെ എനിക്കറിയില്ല….. നീയെന്നെ അമ്മേയെന്ന് വിളിച്ചത് കൊണ്ട് മാത്രം ഞാനിത് ആവശ്യപ്പെടുകയാണ്…… നീ നിന്റെ കഥ എന്നോട് പറയണം….. ഇപ്പോഴല്ല…. നിനക്ക് കംഫർട്ടബിൾ ആയി തോന്നുമ്പോൾ….. എന്നോട് മാത്രം….. അതിനുള്ള മൂഡ് ഉണ്ടാവുമ്പോൾ മാത്രം….. ഇത് ഞാനെനിക്ക് ഒരു മകനുണ്ടായിരുന്നു എങ്കിൽ ചെയ്യുന്നതുപോലെ മാത്രം വിചാരിക്കുന്നുള്ളു…. ജീസസ് എനിക്കതിനുള്ള ഭാഗ്യം തന്നില്ല എങ്കിലും വരുന്ന മൂന്ന് ദിവസങ്ങൾ നിന്നെ ഞാനെന്റെ മകനാക്കും…. നീയും എന്നോടൊപ്പം നിന്നാൽ നിന്നെ കരുതി ഞാനും നമ്മുടെ സ്‌കൂളും നിന്റെ പ്രിയപ്പെട്ടവരും മാത്രമല്ല മുഴുവൻ ആളുകളും അഭിമാനിക്കും…. അതിനുള്ള അവസരം ഈ നിർഭാഗ്യവതിയായ അമ്മക്ക് തരില്ലേ ഉണ്ണീ നീ…. അവരുടെ സ്വരം ഇടറി….
ഞാൻ തിരിഞ്ഞ് അവരെ നോക്കി…. എനിക്കെന്ത് പറയണമെന്ന് അറിയില്ലായിരുന്നു…. എന്റെ മനസ്സാകെ കുഴഞ്ഞിരുന്നു…. ഞാനൊന്നും മിണ്ടാനാകാതെ തല കുനിച്ചു …… എന്റെ മാനസികാവസ്ഥ മനസ്സിലായ പോലെ അവർ എന്റെ താടിയിൽ പിടിച്ച് ഉയർത്തി…..
ഒരിക്കലും ഈ തല കുനിയാതിരിക്കുവാനാണ്….. ഈ ശ്രമം… ഈ പരീക്ഷയിൽ എന്റെ മോന്റെ ഒപ്പം ഈ അമ്മയും ഉണ്ട്….. നീ ശരിക്കും തയ്യാറായിട്ട് നമുക്ക് സംസാരിക്കാം… ഇപ്പോൾ ഇരുട്ടി തുടങ്ങി….. പ്രാർത്ഥനയൊക്കെ ഉണ്ടെങ്കിൽ ആവാം …. പൂജാമുറിയില്ല …. ഒരു നിലവിളക്കും അതിനുള്ള സംഗതികളും ഞാൻ തരാം…. നീ കുളിച്ച് വാ….
അവരെന്റെ കയ്യിൽ കൈകോർത്ത് അകത്തേക്ക് നടന്നു…..