പെയ്തൊഴിയാൻ കാത്ത്💦💦
Peithozhiyaan Kaathu | Author : Geethu
ബസ്റ്റോപ്പിലേക്ക് കാലുകൾ നീട്ടി വച്ച് നടന്നു.
ഇടക്ക് സമയം നോക്കി. 5.30 ആയതെയുള്ളൂ. പക്ഷേ ആകാശത്തിലെ കാർമേഘകൂട്ടങ്ങൾ രാത്രിയെ അനുസ്മരിപ്പിച്ചു.
ഒരു പേമാരിക്കായ് ഒരുങ്ങുന്ന കാർമേഘങ്ങൾ തൻറെ മനസ്സിലും ഒരുപാട് ഉണ്ടെന്ന് അവൾക്ക് തോന്നി.
അതൊന്നു പെയ്തൊഴിഞ്ഞെങ്കിൽ, ആ പെരുമഴ പെയ്തില്‍ തൻറെ ഹൃദയം ഒന്ന് ശാന്തമാവുമായിരുന്നു.
ബസ് സ്റ്റോപ്പിൽ ആരും ഉണ്ടായിരുന്നില്ല. എന്നും നാല് മണിക്ക് ഇറങ്ങുന്നതിനാൽ കുട്ടികളും ടീച്ചർമാരും ചേർന്ന് അവിടെയൊരു ബഹളം ആയിരിക്കും. ബസ്സിലേക്ക് ഓടി കയറാനുള്ള കുട്ടികളും, തമാശ പറഞ്ഞ പൊട്ടിച്ചിരിച്ച് നടന്നു പോകുന്ന കുട്ടികളും, തമാശകൾ പറഞ്ഞു പൊട്ടിച്ചിരിക്കുന്ന ടീച്ചർമാരും കൗതുക നിറഞ്ഞ കാഴ്ചകൾ തന്നെയാണ്.
അതിനിടയ്ക്ക് താനും തന്നെ ദുഃഖങ്ങളെല്ലാം മറന്നു പോകാറുണ്ട് എന്ന് വെറുതെ ഓർത്തു.
ഇന്ന് പക്ഷേ തനിച്ചാണ് തന്റെ ഏകാന്തത തന്നെ ചുറ്റും പൊതിയുന്നതുപോലെ തോന്നുന്നു. നാട്ടിലേക്കുള്ള ബസ് 10 മിനിറ്റിനു ശേഷമാണ്. ബസ് സ്റ്റോപ്പിലേക്ക് കയറിയിരിക്കുമ്പോൾ വെറുതെ ചുറ്റും നോക്കി. താൻ പഠിച്ച വളർന്ന സ്കൂൾ തന്നെയാണ്. എന്നിട്ടും ഓരോ തവണയും പുതുമകൾ തന്നെയാണ് ചുറ്റിലും തിരയുന്നത്. യാത്രകൾ പോലെ… ഓരോ യാത്രയും പുതുമയുള്ളതാണ്…
എന്നും ഒരു വഴിയിലൂടെ ആണെങ്കിൽ പോലും കാണുന്ന ചിത്രങ്ങൾ, ഉണ്ടാകുന്ന അനുഭവങ്ങൾ എല്ലാം വ്യത്യസ്തം. അനുഭവങ്ങളിൽ നിന്നും വ്യത്യസ്തനാകുന്ന മനുഷ്യൻ…..
പൊട്ടിച്ചിരിക്കുന്ന ബാല്യവും, സൗഹൃദത്തിൽ മുങ്ങിയ കൗമാരവും, പ്രണയം നിറഞ്ഞ യൗവനവും ഇന്ന് ഇപ്പോൾ വിരഹത്തിന്റെ കനൽൽ മാത്രം പൊള്ളിക്കുന്ന ഒരു ഹൃദയവും…അതാണ് കൃഷ്ണേന്ദു എന്ന താൻ. എല്ലാവരുടേയും ഇന്ദു…
ഒരാളുടെ മാത്രം കൃഷ്ണ…
ആ പേരോർക്കവേ ഹൃദയത്തിൽ വേദനകളുടെ കാർമേഘങ്ങൾ പെയ്തിറങ്ങാൻ കൊതിച്ചു തുടങ്ങിയിരുന്നു…
പെയ്തിറങ്ങാനാവാതെ മടുപ്പിക്കുന്ന ഒരു ഹൃദയം ഓർക്കവേ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു… വിഷാദം നിറഞ്ഞ പുഞ്ചിരി…
ബസ്സിൻ്റെ ഹോൺ കേട്ടാണ് ബോധം വന്നത്. ഓടി ചെന്ന് അതിൽ കയറി. പതിവായി കയറാത്ത ബസ്സായിരുന്നതിനാൽ ആരെയും പരിചയമില്ല. അല്ലെങ്കിൽ കണ്ടക്ടർ വിനുചേട്ടൻ്റെ വക ഒരു അന്വേഷണമോ, ഡ്രൈവറു ചേട്ടൻ്റെ വക ഒരു ചിരിയോ ഉണ്ടാവും. അത് ഒരു സന്തോഷം തന്നെയാണ്. ഇന്നിപ്പോൾ അറിയുന്ന ആളുകളൊന്നും ഇല്ല. പതിയെ ഒരു സൈഡിലേക്ക് നീങ്ങി നിന്നു.