” എടുത്തു ചാടി ബഹളമൊന്നും കൂട്ടരുത്. ആളകത്തുണ്ട്. ഞാനിപ്പഴാ അറിയുന്നത്.രാവിലെ വന്നതാണെന്നാ തോന്നുന്നത്. അവന്റെ ബൈക്കാ ഇത്.” അടുത്തു പാർക്കു ചെയ്തിരുന്ന ബൈക്ക് ചൂണ്ടിക്കാട്ടി ഷാനി പറഞ്ഞു.
വിനോദ് എന്തു ചെയ്യണമെന്നറിയാതെ നിന്നു. ആകപ്പാടെ ഒരു….
അവന്റെ വിഷമം മനസ്സിലാക്കിയ ഷാനി പറഞ്ഞു,
” വിനൂ, നീ വിഷമിക്കേണ്ട. നമ്മളു സംശയിക്കുന്നതു പോലെയാണോ കാര്യങ്ങൾ എന്നാദ്യം അറിയണം”
” അതല്ലാതെ പിന്നെ അവരു രണ്ടും കൂടെ ചെസ്സു കളിക്കുകാണോ ഇത്രേം നേരം.”
” വിനൂ നീയിപ്പം ചെന്നു വാതിലു ചവിട്ടി പൊളിക്കാൻ പോകുവാണോ. അവരു വെറുതേ സംസാരിച്ചിരിക്കുകയാണെങ്കിലോ. അതല്ല നീ ചെന്നു ബഹളമുണ്ടാക്കുമ്പോൾ അവനെയാണിഷ്ടമെന്നു പറഞ്ഞു ലിജി ഇറങ്ങിപ്പോയാലോ. അതിനു മുമ്പ് ആരാണ് ആൾ എന്നു നമുക്കു നോക്കാം. പിന്നെ എന്താണു നടക്കുന്നതെന്നറിയാം. എന്തെങ്കിലുമുണ്ടെങ്കിൽ അതിന്റെ തെളിവു ശേഖരിക്കാനുള്ള വഴി നോക്കാം. എന്നിട്ടു ശരിക്കും ആലോചിച്ചിട്ടു മാത്രം ഒരു തീരുമാനമെടുക്കാം.”
ഷാനി പറയുന്നതിൽ കാര്യമുണ്ടെന്നു വിനോദിനു മനസ്സിലായി…
എത്ര പക്വതയോടെയാണവൾ ചിന്തിക്കുന്നതെന്നു അവൻ മനസ്സിലോർത്തു..
ഷാനിയുടെ പദ്ധതി പ്രകാരം വിനോദ് ലിജിയെ വിളിച്ചു അത്യാവശ്യമായി ഒരു ഫയൽ എടുക്കാനുണ്ടെന്നും അഞ്ചു മിനിറ്റിനുള്ളിൽ താനതെടുക്കാൻ വരുമെന്നും അറിയിച്ചു. ഒരു അടിയന്തിര മീറ്റിംഗ് ഉണ്ടെന്നും അതിനാണു ഫയൽ എന്നും എട്ടു മണിയാകാതെ പിന്നെ ഓഫീസിൽ നിന്നിറങ്ങാൻ കഴിയില്ലെന്നും കൂടി അവൻ പറഞ്ഞു..
പിന്നെ റസിഡന്റ്സ് പാർക്കിംഗിൽ പാർക്കു ചെയ്തിരുന്ന ഷാനിയുടെ കാറിനുള്ളിൽ കയറി അവർ ഇരുവരും കാത്തിരുന്നു. കെട്ടിടത്തിനു വെളിയിലുള്ള വിസിറ്റേഴ്സ് പാർക്കിംഗിലാണ് ബൈക്കിരിക്കുന്നത്. ഷാനിയുടെ. കാറിലിരുന്നാൽ അതു കാണാം. കാറിനു ടിന്റഡ് ഗ്ലാസ്സായതു കൊണ്ട് അടുത്തു വന്നു. നോക്കിയാൽ പോലും അകത്തിരിക്കുന്നവരെ കാണാനൊക്കില്ല….