വീണ്ടും അവളുടെ നനുത്ത സ്വരം കേട്ടു.
“സാരമില്ല മായെ……
ഇത് വേഗം സുഖമാകും മായ പൊയ്ക്കോളൂ….”
മറുപടി കൊടുത്തുകൊണ്ട് പുതപ്പു വലിച്ചു മുഖം മൂടിയപ്പോൾ പുതപ്പിനും മായയുടെ ഗന്ധമാണെന്നു അയാൾക്ക് മനസിലായി.
അല്പസമയത്തിനു ശേഷം അവളുടെ പാദപദനം അടുത്തെക്കു വരുന്നതിന്റെ വെള്ളിക്കൊലുസിന്റെ ശബ്ദം കേട്ടപ്പോൾ അയാൾ കണ്ണുകളടച്ചുകൊണ്ടു ഉറക്കം നടിച്ചുകിടന്നു.
മുഖത്തെ പുതപ്പു പതിയെ നീക്കിയപ്പോൾ രാത്രിയിലെ അവസാന യാമംവരെ തന്റെ സിരകളെ ചൂടുപിടിപ്പിച്ചിരുന്ന അവളുടെ ഇളംചൂടുള്ള നിശ്വാസം മുഖത്തേക്കടിക്കുന്നുണ്ടായിരുന്നു.
“നോക്കൂ ഇങ്ങനെ കിടന്നാൽ ശരിയാവില്ല…. നിങ്ങൾ ഒറ്റയ്ക്കു ഹോസ്പിറ്റലിൽ പോകില്ലെന്നാണ് എനിക്ക് തോന്നുന്നത് …. അതുകൊണ്ട് നിങ്ങളെ ഇവിടെ ഒറ്റയ്ക്കാക്കിപോയാൽ എനിക്ക് ഒരു സമാധാനവും ഉണ്ടാവില്ല …..
എൻറെ കൂടെ വരുവാൻ മടിയുണ്ടോ ഞാൻ നിങ്ങളെ ഹോസ്പിറ്റലിൽ കൊണ്ടുപോകട്ടെ…..”
നെറ്റിയിലൂടെ മുടിയിഴകളിൽ പതുക്കെ തലോടി കൊണ്ടാണ് അവളുടെ ചോദ്യം
അയാൾ പതിയെ കണ്ണുകൾ തുറന്നു അവളെ നോക്കി താൻ ഇടയ്ക്കൊക്കെ വെറുതെ സ്വപ്നം കാണാറുള്ള ഭാര്യയുടെ മുഖം തന്നെയാണ് അപ്പോഴവൾക്കെന്നും …..
ആ നീണ്ട കണ്ണുകളിലെ സ്നേഹം കലർന്ന വിഹ്വലതയും മുഖത്തെപ്പേടിയിലുമെല്ലാം തന്നോടുമാത്രമുള്ള സ്നേഹമാണെന്നും അപ്പോൾത്തന്നെ അവളെ നെഞ്ചിലേക്ക് വാരിപ്പിടിച്ചു നെറ്റിയിൽ അമർത്തി ചുണ്ടമർത്തണമെന്നുമെല്ലാം ഒരു നിമിഷത്തിൽ അയാൾക്ക് തോന്നി.
“എഴുന്നേൽക്കൂ………”
പറഞ്ഞുകൊണ്ട് അയാളുടെ കഴുത്തിലൂടെ കൈയിട്ടുകൊണ്ട് എഴുന്നേൽപ്പിക്കാൻ ശ്രമിച്ചപ്പോൾ എതിർക്കുവാൻ തോന്നിയില്ല.
വളരെ പണിപ്പെട്ടാണ് അവളുടെ ചുമലിൽ ചാരി എഴുന്നേറ്റിരുന്നത്.തല നിവർത്തുവാൻ വയ്യായിരുന്നു അതുകൊണ്ട് അവൾ തന്നെയാണ് മാറോടു ചേർത്തുപിടിച്ചുകൊണ്ട് വീണ്ടും മുഖം കഴുകിച്ചതും ഷർട്ടു ധരിപ്പിച്ചതും.