അയാൾ ക്ഷീണിച്ച കണ്ണുകൾ ഉയർത്തി അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ടു തളർന്ന ശബ്ദത്തിൽ പറഞ്ഞു.
“അയ്യോ…..വേണ്ട വേണ്ട …..
മൊബൈലിൽ വിളിക്കേണ്ട ഞാൻ ആർക്കും നമ്പർ കൊടുക്കാറില്ല……
നിങ്ങൾ റൂംബോയിയുടെ കൈയിൽ കൊടുത്താൽ മതി……”
അതും അയാൾക്ക് ആശ്ചര്യമായിരുന്നു.
“എന്നാൽ അങ്ങനെ ചെയ്യാം …..”
അയാൾ സമ്മതിച്ചു.
“എന്തായാലും ഹോസ്പിറ്റലിൽ പോയാൽ അഡ്മിറ്റാക്കും അതുകൊണ്ടു റൂം വെക്കേറ്റ് ചെയ്തു പൊയ്ക്കോളൂ…..
വെറുതെ വാടക കൊടുക്കേണ്ട……”
ഉപദേശം കേട്ടപ്പോൾ അവളുടെ നിഷ്ക്കളങ്കതയോർത്തു അയാൾക്ക് സഹതാപം തോന്നി.
കാരണം താൻ ഇവിടെയും കേരത്തിലുമായി ചെറിയൊരു ബിസിനസ് നടത്തുന്നയാളാണെന്നും മാസവാടകയ്ക്ക് എടുത്തിരിക്കുന്ന മുറിയാണ് ഇതെന്നും പാവം മായയ്ക്ക് അറിയില്ലല്ലോ….!
“അതുസാരമില്ല അഡ്മിറ്റാണെങ്കിൽ ഇവിടേക്ക് വിളിച്ചുപറയാം……”
അതിനും മറുപടി കൊടുത്തു.
“ഒറ്റയ്ക്ക് പോകാൻ പറ്റില്ലെന്ന് തോന്നുന്നു റൂംബോയിയെ വിളിച്ചുപറഞ്ഞാൽ അവർ ഓട്ടോ ശരിയാക്കി്തരും കേട്ടൊ…..”
അതുകേട്ടപ്പോൾ അയാൾക്ക് ഹോട്ടലിന്റെ പോർച്ചിൽ കിടക്കുന്ന വെള്ളനിറത്തിലുള്ള തന്റെ വാഗണർ കാർ ഓർമ്മയിൽ തെളിഞ്ഞതുകൊണ്ടു മൃദുവായി പുഞ്ചിരിക്കുകമാത്രം ചെയ്തു.
നഖം കടിച്ചുകൊണ്ടു പിന്നെയും എന്തോ ആലോചിക്കുന്നത് കണ്ടു.
“ആരോടും വിവരം പറയാതെ നിങ്ങളെയിവിടെ തനിച്ചാക്കി പോകുവാൻ എനിക്കു പേടിയാകുന്നു….
ഞാൻ പോകുമ്പോൾ റൂംബോയിയോട് വിവരം പറയട്ടെ……”
നഖം കടിച്ചുതുപ്പിക്കൊണ്ടാണ് അവളുടെ ചോദ്യം.
“വേണ്ട…..”
അയാൾ കയ്യുയർത്തി വിലക്കി.
“പ്ളീസ് ……ആർക്കെങ്കിലും പനി വരുന്നതുകാണുമ്പോൾ എനിക്കുപേടിയാണ് അതുകൊണ്ടാണ്……”