ചന്ദ്രികാസോപ്പിന്റെ സുഗന്ധമുള്ള അവളുടെ മുടിയിഴകൾ മുഖത്തേക്ക് വാരിയിട്ടു സുഗന്ധം ആസ്വദിച്ചു കിടക്കുമ്പോൾ അതിനെക്കുറിച്ചാണ് അയാൾ ആലോചിച്ചുകൊണ്ടിരുന്നത്.
വീണ്ടും തലപൊട്ടിപിളരുന്ന വേദന…….
തൊണ്ട വല്ലാതെ വരണ്ടിരിക്കുന്നു …
വെള്ളം കുടിക്കുവാൻ എഴുന്നേൽക്കുമ്പോൾ അവൾ ഉണരുമല്ലോ എന്നോർത്തപ്പോൾ അതുവേണ്ടെന്നു വച്ചുകൊണ്ട് അയാൾ കുനിഞ്ഞു അവളുടെ മൂർദ്ധാവിൽ ചുണ്ടമർത്തി രണ്ടുകൈകൾക്കൊണ്ടും ഹൃദയത്തോട് ചേർത്തുപിടിച്ചുകൊണ്ട് പുതപ്പിനുള്ളിലേക്ക് ഒതുങ്ങി.
“എന്റെ ഈശ്വരന്മാരെ ഇവർക്ക് നല്ല തീപ്പൊള്ളുന്ന പനിയണല്ലോ……”
നെറ്റിയിലെ തണുത്ത വിരൽ സ്പര്ശനത്തിനൊപ്പം അവളുടെ വേവലാതിയോടെയുള്ള ശബ്ദവും കേട്ടപ്പോഴാണ് ഉറക്കം ഞെട്ടിയത്.
രാത്രിയിൽ എപ്പോഴോ തുടങ്ങിയ തല പൊട്ടിപ്പിളരുന്ന തലവേദനയും ശരീരവേദനയും കൂടിയിട്ടുണ്ട്…..
കണ്ണുകൾ തുറക്കുവാൻ വയ്യ……
വളരെ പണിപ്പെട്ടു കണ്ണുകൾ തുറന്നപ്പോൾ മുറിയിലെ മങ്ങിയവെട്ടത്തിൽ ഒരു നിഴലുപോലെ കട്ടിലിലിരുന്നു കൊണ്ട് മൂടി വാരിക്കെട്ടുന്ന മായയെ കണ്ടു.
“വല്ലാതെ ദാഹിക്കുന്നു ഇത്തിരി വെള്ളം തരുമോ മായെ……”
വരണ്ട ചുണ്ടകൾക്കിടയിൽ നിന്നും എങ്ങനെയാണ് തളർന്ന ശബ്ദം പുറത്തുപോയതെന്നറിയില്ല.
ചോദ്യം കേട്ടതുംധൃതിയിൽ മുടിവാരിയൊതുക്കി ഉച്ചിയിൽ കിരീടംപോലെ കെട്ടിവച്ചുകൊണ്ടു ശരീരത്തിലുള്ള ശേഷിക്കുന്ന വസ്ത്രങ്ങൾ വാരിവലിച്ചു ശരിയാക്കിയ ശേഷം തറയിലും കട്ടിലിലുമായി വീണുകിടക്കുന്ന സാരിവലിച്ചെടുത്തു അർദ്ധനഗ്നമായ മാറിടത്തിൽ ചുരുട്ടിപ്പിടിച്ചു മറച്ചുകൊണ്ടവൾ ചാടിയെഴുന്നേറ്റു വെള്ളത്തിന്റെ കുപ്പിയുള്ള മേശയ്ക്കടുത്തേക്ക് ഓടുന്നതും കണ്ടു.
ഒരു സ്‌ത്രീയുടെ അതുപോലുള്ള ചലനങ്ങളും ചേഷ്ട്ടകളുമൊക്കെ അയാൾ ആദ്യമായി കാണുകയായിരുന്നു……!
വെള്ളത്തിൻറെ കുപ്പിയെടുത്തു അയാളെ ഏൽപ്പിച്ച ശേഷം സാരിയും മാറിടത്തിൽ ചുറ്റിപ്പിടിച്ചുകൊണ്ട് തന്നെ ധൃതിയിൽ കുളിമുറിയിലേക്ക് കയറുന്നതും കണ്ടു .