ഓട്ടോയ്ക്കുള്ളിൽ അവൾ പരമാവധി അകന്നിരിക്കാൻ ശ്രമിക്കുന്തോറും അയാൾ മനപൂർവ്വം മുട്ടിയുരുമ്മി ഇരിക്കുവാൻ ശ്രമിക്കുമ്പോഴൊക്കെ അവൾ വേപഥുവോടെ ഓട്ടോയുടെ കണ്ണാടിയിലൂടെ ഡ്രൈവറുടെ മുഖത്തേക്കും വേട്ടക്കാരന്റെ മുന്നിൽ പെട്ടുപോയ മാന്പേടയെപ്പോലെ പുറത്തെ ദൂരകാഴ്ചകളിലേക്കും മിഴികൾ അയച്ചുകൊണ്ടു കൂടുതൽ ഒതുങ്ങിയപ്പോൾ ഇടതുകൈകൊണ്ടു അവളുടെ അരക്കെട്ടിൽ ചേർത്തുപിടിച്ചശേഷം ചുമലിൽ ചായ്ച്ചു ക്ഷീണത്തോടെ കണ്ണടയ്ക്കുമ്പോൾ അവളുടെ ശരീരത്തിലനിന്നും മിന്നൽപോലെ ഒരു വിറയൽ പടർന്നുകയറി തന്റെ കൈകളിലൂടെ രക്തത്തിലേക്ക് നഷ്ടപ്പെട്ടുപോയ ഊർജ്ജം ഇരമ്പിക്കയറുന്നതും അയാൾ അറിയുകയായിരുന്നു.
അതിരാവിലെ ആയതുകാരണം ഒപി തുടങ്ങിയിട്ടുണ്ടായിരുന്നില്ല .ഓട്ടോയിൽ നിന്നും ഇറങ്ങിയ അയാളുടെ അവസ്ഥ കണ്ടു ഓടിയെത്തിയ അറ്റൻഡർമാർ വീൽചെയറിൽ ഇരുത്തിയാണ് കാഷ്യാലിറ്റിയിലേക്കു കൊണ്ടുപോയത്.
അറ്റൻഡർമാർ വീൽചെയർ മുന്നോട്ടു തള്ളിയപ്പോൾ മായ പിറകെ തന്നെയില്ലേ എന്നയാൾ ഇടയ്ക്കിടെ പിന്തിരിഞ്ഞു നോക്കിക്കൊണ്ടേയിരുന്നു..
“അയ്യോ ഇതെന്തുപറ്റി പനി വളരെ കൂടുതലാണല്ലോ ബിപിയും വളരെ അപകടാവസ്ഥയിലേക്ക് കുറഞ്ഞു പോയി …..”
കണ്ണും മൂക്കും തുറന്നു പരിശോധിച്ച ശേഷം വായിൽ തിരുകിയ തെർമോമീറ്റർ വലിച്ചെടുത്ത് നോക്കിക്കൊണ്ടാണ് ഡ്യൂട്ടി ഡോക്ടർ പറഞ്ഞത്.
” ഷുഗർ നോക്കണം അതും കുറഞ്ഞിട്ടുണ്ടോ എന്നൊരു സംശയമുണ്ട്.
കൂടാതെ പെട്ടന്നുള്ള ഇത്രശക്തിയായ പനിയുടെ കാരണം അറിയുവാൻചില രക്തപരിശോധനകളും നടത്താനുണ്ട് എന്തായാലും രണ്ടുദിവസം കിടക്കേണ്ടിവരും ഇപ്പോഴേതായാലും വന്നത് നന്നായി ഇല്ലെങ്കിൽ കൊണ്ടുവരേണ്ടി വരുമായിരുന്നില്ല……..”
ഡോക്ടറുടെ വിശദീകരണം കേട്ടപ്പോൾ ഞെട്ടലോടെ അയാൾ മായയുടെ മുഖത്തേക്ക് നോക്കിയതും.
“ഭാര്യയല്ലേ നിങ്ങൾ ശ്രദ്ധിച്ചില്ലേ……”
അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ടു കുറ്റപ്പെടുത്താലോടെയുള്ള ഡോക്ടറുടെ ചോദ്യത്തിന് മുന്നിൽ ഒരുനിമിഷം പാതറിയശേഷം അവൾ എന്തോ പറയാനാഞ്ഞതും ……
“അതെ ഭാര്യയാണ് …….””
ഡോക്ടർക്ക് മറുപടി കൊടുത്തശേഷം അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ കണ്ണുകളിൽ ഒരു പിടച്ചിൽ ഉണ്ടാകുന്നതും മുഖം ചോരവാർന്നു വിളറിവെളുക്കുന്നതും കണ്ടു.