അച്ഛന് അമ്പത്തൊന്നു കളരി ഉണ്ടെന്നാണ് പറയുന്നത് വല്ലപ്പോഴും നമ്മൾ ഒന്ന് തിരിഞ്ഞു നോക്കിയില്ലെങ്കിൽ അതൊക്കെ വല്ലവരും കൈക്കലാക്കും. ഞാൻ ഒറ്റക്കല്ലേ ഉള്ളു വേറെ ഒരു സഹോദരനോ സഹോദരിയോ ഇല്ലല്ലോ. പിന്നെ താൻ ആണ് എനിക്ക് ഒരു ബലം”.
കണ്ണപ്പുണ്ണി:” എന്നാൽ ഞാനും തയ്യാർ, പൊയ്ക്കളയാം. മുത്തച്ഛൻ വന്നിട്ട് അനുഗ്രഹത്തെ വാങ്ങി പോകാം.”
ആരോമലുണ്ണി:”ഒരു കാര്യം ചെയ്യൂ കളരിയിൽ കേറി വാളും പരിചയും ഒക്കെ എടുത്തു രണ്ടു മൂന്നു വെട്ടു വെട്ടി, നമ്മൾ പ്രാക്ടീസ് ആണെന്ന് വരുത്താം അമ്മ ചിലപ്പോൾ കളരിയിൽ വരും.”
കണ്ണപ്പുണ്ണി ആകട്ടെ എന്ന് പറഞ്ഞു കളരിയിൽ കയറി ചുമരിൽ തൂക്കി ഇട്ടിരുന്ന പരിച ഒക്കെ എടുത്തു വാളു കൊണ്ട് രണ്ടു കൊട്ടൊക്കെ കൊട്ടി. ആരോമലുണ്ണി ഏറ്റവും വലിയ പരിചയും വാളും എടുത്തു കണ്ണപ്പന്റെ പരിചയിൽ ചെറുതായി വെട്ടി, കേമൻ ചുരിക എന്ന് പറയുന്ന വലിയ വാളിന്റെ ശബ്ദം മുഴങ്ങി,
അവർ രണ്ടു മൂന്നു തവണ കരണം മറിയുകയും വാളുകൾ കൊണ്ട് മുട്ടുകയും ചെയ്‌തു. ആ സമയം ഉണ്ണിയാർച്ച അവിടേക്ക് വന്നു, പരദേവതയെ തൊഴുതു കുഞ്ചുണ്ണൂലി അറയിൽ കയറാതെ വെളിയിൽ നിന്നതേ ഉള്ളു. ഉണ്ണിയാർച്ച വന്നിട്ടും ആരോമലുണ്ണി കാണാത്ത പോലെ നടിച്ചു കേമൻ ചുരിക എടുത്തു രണ്ടു മൂന്നു കറക്കം കൂടി കറക്കി തൽസ്ഥാനത്തു വച്ച് കുമ്പിട്ടു.
“കണ്ണപ്പ എങ്ങിനെ ഉണ്ട് നിന്റെ പയറ്റോക്കെ അച്ഛനെ പോലെ കേമൻ ആകണം, ആരോമൽ നല്ല അഭ്യാസി ആണെങ്കിലും അൽപ്പം ഉഴപ്പാണെന്ന് തോന്നുന്നു നീ അങ്ങിനെ ആകരുത് , അച്ഛന് പേര് കിട്ടിക്കരുത്. കുഞ്ഞിരാമേട്ടനും ഉഴപ്പാണ്, പിന്നെ എന്റെ ജാതക ഗുണം കൊണ്ട് വച്ചടി വച്ചടി കേറ്റം ആണ് അവിടെ, കളരികൾ തന്നെ എത്ര ആയി. കണക്കൊക്കെ പെരുമ്പാവൂർ നിന്നും വന്ന ആ തെക്കനേ അറിയൂ. വരുണാവർക്കെല്ലാം വച്ച് വിളമ്പിയാലും ഒരു സദ്യക്കുള്ളത് ബാക്കി എന്നും കാണും” , ഇത് പറഞ്ഞു കുഞ്ചുണ്ണൂലിയെ ഒന്ന് നോക്കി ആർച്ച.