പേർസണൽ കാര്യങ്ങൾക്കായി ഫോണൊന്ന് എടുത്ത് നോക്കാൻ കൂടെ അത് വരെ സമയം കിട്ടിയില്ല.
രാത്രി ടൗണിൽ വെച്ച് കാണാം എന്ന് ദീപക് പറഞ്ഞതിന് അനുസരിച്ചു ഞാൻ അവനെ വിളിച്ചു. അടുത്ത് തന്നെ ഒരു കഫെയിൽ അവനിരിപ്പുണ്ട്, ഞാൻ നേരെ അങ്ങോട്ട് വിട്ടു. അവിടെ ചെന്നപ്പോൾ അവന്റെ എംബിഎ ക്ലാസ്സ്‌മേറ്റ്സ് ആയ രണ്ട് പേരാണ് ആണ് കൂടെ. ഞങ്ങൾ ഡിഗ്രി ഒരുമിച്ച് ആയിരുന്നു എങ്കിലും എംബിഎ രണ്ടു പേരും രണ്ടു സ്ഥലത്തായിരുന്നു. അവൻ ബാംഗ്ലൂർ പോയപ്പോ ഞാൻ രാജഗിരി കോളേജിൽ ആയിരുന്നു.
കഫേയിലെത്തി അവരുടെ കൂടെ കുറച്ച് സമയം സംസാരിച്ചു ഇരുന്നു ഒരു ഗ്രീൻ ആപ്പിൾ മോജിറ്റോയും സാൻഡ്വിച്ചും കഴിച്ചു. യാത്ര പറഞ്ഞ് ദീപക്കിന്റെ ഫ്രണ്ട്‌സ് ഇറങ്ങി, ഞാനവനെയും കൂട്ടി വീട്ടിലേക്ക് പോന്നു ഇവനെ അവര് വന്നു പിക് ചെയ്തത് കൊണ്ട് ഇവന്റെ വണ്ടി വീട്ടിലിരിക്കാണ്.
അവനെ വീട്ടിലാക്കി ഞാനും വീട്ടിലേയ്ക്ക് വിട്ടു, ഫുഡ് ഒന്നും വേണ്ടെന്ന് പറഞ്ഞ് നേരെ മുറിയിലേക്ക്. കുളിക്കൊന്നും ചെയ്യാതെ ബെഡിലേക്ക് വീണു.. പോക്കറ്റിൽ കിടന്ന ഫോണെടുത്തു ഫേസ്ബുക് തുറന്നു നോക്കി, രാവിലെ ഇട്ട കമെന്റിനു റിപ്ലൈ വല്ലോം ഉണ്ടോ എന്ന്.
പുഞ്ചിരിക്കുന്ന ഒരു സ്മൈലി മാത്രം റിപ്ലൈ ഉണ്ട്, നോക്കിയപ്പോൾ ഫ്രണ്ട് റിക്വസ്റ്റ് ഒന്നുമില്ല. ഒന്നയച്ചു നോക്കിയാലോ എന്ന് കുറെ നേരം ആലോചിച്ചു. ഒടുക്കം റിക്വസ്റ്റ് അയച്ചു, മിനിറ്റുകൾക്കുള്ളിൽ അക്‌സെപ്റ്ഡ് നോട്ടിഫിക്കേഷൻ വന്നു. എന്റെ ഹൃദയമിടിപ്പ് കൂടാൻ തുടങ്ങി.. ഈ സ്പീഡ് കൂടിയ ഹൃദയമിടിപ്പ് പ്രശ്നമാണ്.. എനിക്കറിയാം.. ഞാനെന്തോ സ്റ്റുപ്പിഡിറ്റി ചെയ്യുമ്പോ എല്ലാം ഇങ്ങനെ സംഭവിക്കാറുണ്ട്..
“അവനവൻ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പം ഗുലുമാൽ
പരസ്പരം കുഴിക്കുന്ന കുഴികളിൽ പതിക്കുമ്പം ഗുലുമാൽ…
ബാക്ക്ഗ്രൗണ്ടിൽ പാട്ട് കേൾക്കുന്നുണ്ടോ?? ഇല്ല എന്റെ തോന്നലാണ്.
ഓൺലൈൻ ഉണ്ട് മെസ്സേജ് അയക്കണോ.. വല്ലാത്ത ചിന്താകുഴപ്പം, ഒടുവിൽ എല്ലാവരെയും പോലെ ഞാനും അയച്ചു..
“ഹലോ റ്റാനിയ”
അനക്കം ഒന്നുല്ലാ, മെസ്സേജ് കണ്ടിട്ടില്ല പക്ഷെ ഓൺലൈൻ ഉണ്ട്.. ഒരു മിനിറ്റ് കഴിഞ്ഞു.. അഞ്ചു മിനിറ്റ് കഴിഞ്ഞു.. ചെ.. വേണ്ടായിരുന്നു.. ഇങ്ങനെ ഇളിഭ്യനാവാൻ ആയിരുന്നേൽ വേണ്ടായിരുന്നു..
ഫേസ്ബുക് അടച്ചു പൂട്ടി കുറച്ച് നേരം ഇൻസ്റ്റാഗ്രാം എടുത്തു തുറന്നു വെച്ചു.. കുറേ ഫോളോവെർസ് വന്നിട്ടുണ്ട് പുതുതായിട്ട്, എല്ലാം ഫോട്ടോസ് കണ്ട് വന്നു ഫോളോ ചെയ്ത റൈഡർ കിടാങ്ങൾ ആണ്. തിരികെ ഫോളോ പ്രതീക്ഷിച്ചു കൊണ്ട്, ഞാനത് പൊതുവെ പ്രോത്സാഹിപ്പിക്കാറില്ല. അഹങ്കാരം കൊണ്ടൊന്നുമല്ല തിരിച്ചു ഫോളോ ചെയ്താൽ പിറ്റേ ദിവസം അൺഫോളോ അടിച്ചു പോവും. നമ്മൾ ശശി ആവും..
അവര് ഫോട്ടോസ് അപ്‌ലോഡ് ചെയ്തപ്പൊ എന്നെ മെൻഷൻ ചെയ്തേക്കുന്ന കുറെ പോസ്റ്റ് ഉണ്ട്, എല്ലാത്തിനും കേറി ലൈക് അടിച്ചു ഓരോ കമന്റ് ഒക്കെ ഇട്ടു.. ബോർ അടിച്ചപ്പോ അതും ക്ലോസ് ചെയ്ത് വെച്ചു.