“റ്റാനിയ ബൈക്ക് ഓടിക്കോ?” പിറകിലേക്ക് തിരിഞ്ഞ് ഞാനവളെ നോക്കി.
“ചെറിയ ബൈക്ക് ഓടിച്ചിട്ടുണ്ട്” അവള് ചിരിച്ചു കൊണ്ട് പറഞ്ഞു.
മിററിലൂടെ അവളുടെ മുഖത്ത് നോക്കി ഞാനും ചിരിച്ചതെ ഉള്ളു..
അന്നത്തെ ദിവസം നല്ല ഫ്രണ്ട്സ് ആവാനുള്ള ശ്രെമം ആയിരുന്നു ഞങ്ങളുടെ.. അവൾക്കിഷ്ടമുള്ളതും എനിക്കിഷ്ടമുള്ളതും ആയ സ്ഥലങ്ങളിൽ എല്ലാം ഞങ്ങൾ പോയി.. ഉച്ചക്ക് അവൾക്കിഷ്ടപെട്ട കരിമീൻ കൂട്ടിയ ഊണും ഞാൻ കഴിച്ചു..
വൈകീട്ട് ആയപ്പോൾ മറൈൻ ഡ്രൈവിൽ പോയി.. ഒരുപാട് കപ്പിൾസ് അവിടേം ഇവിടേം ആയി ഇരിക്കുന്നുണ്ട്.. റ്റാനിയ അവളുടെ കോളേജിനെ പറ്റിയും ക്ലാസ്സിനെ പറ്റിയും പറഞ്ഞു കൊണ്ട് നടന്നു. ഞാൻ പാതി ശ്രെദ്ധ അവൾക്കും പാതി കാണാൻ കൊള്ളാവുന്ന ബാക്കി പെൺപിള്ളേർക്കും ഭാഗിച്ചു കൊടുത്ത് കൊണ്ട് നടന്നു. അവളെന്നോട് എന്തോ ചോദിച്ചു, ഞാൻ കേട്ടില്ല.. സംസാരം നിർത്തി..
“ഞാൻ പറയുന്നത് എന്തെങ്കിലും കേൾക്കുന്നുണ്ടോ?” അവൾക്ക് ദേഷ്യം വരണ പോലുണ്ട്.
“എന്താ പറഞ്ഞെ” എനിക്കപ്പോഴാണ് ബോധം വന്നത്.
“ഒന്നുല്ല” പെണ്ണ് പിണങ്ങി..
ഈ പെൺപിള്ളേർ എന്താ ഇങ്ങനെ.. ഒരു കാര്യവും ഇല്ലാതെ പിണങ്ങിക്കോളും..
“സോറി.. വാ നമുക്ക് ഇവിടെ ഇരിക്കാം” അടുത്ത് കണ്ട ഒരു മരത്തണൽ ചൂണ്ടി കൊണ്ട് ഞാൻ പറഞ്ഞു.
ഒന്നും മിണ്ടാതെ എന്റെ കൂടെ നടന്നു.. അവളെന്റെ അരികിൽ ആയി ഇരുന്നു.. തട്ടാതെ മുട്ടി ഉരുമ്മാതെ.. അല്ലെങ്കിലും ഒരു അകലം നല്ലതാണ്..
കുറച്ച് സമയം മിണ്ടാതെ ഇരുന്നു, എനിക്കത്ഭുതമായി എങ്ങനെ ഇത്ര സമയം മിണ്ടാതെ ഇരിക്കുന്നു എന്ന്..
“എന്ത് പറ്റി.. വല്ലാത്ത നിശബ്ദത” പതുക്കെ റ്റാനിയയുടെ തോളിൽ തട്ടി.
“ഒന്നുല്ലാ..” എന്റെ കൈ അവൾ തട്ടി മാറ്റി.
“എന്നാലും പറ” കൈ മുട്ട് കൊണ്ട് തട്ടി കൊണ്ട് ചോദിച്ചു.
“ഞാൻ സംസാരിക്കുന്നത് കേൾക്കാൻ ഇഷ്ടമില്ലെങ്കിൽ പിന്നെ ഞാനെന്തിനാ സംസാരിക്കുന്നെ” കുറച്ച് അകലത്തേക്ക് നീങ്ങി ഇരുന്നു.
ചുമ്മാ തമാശ കളിക്കാണെന്ന് മനസ്സിലായത് കൊണ്ട് ഞാൻ വീണ്ടും അവൾക്കരികിലേക്ക് നീങ്ങി ഇരുന്നു.
ഞാനെന്റെ കൈ പതുക്കെ അവളുടെ തോളിലേക്ക് എടുത്ത് വെച്ചു.
ദഹിപ്പിക്കുന്ന പോലൊരു നോട്ടം അവളെന്നെ നോക്കി, അറിയാത്ത പോലെ ഞാനാ കൈ പിൻവലിച്ചു കായലിലേക്കും നോക്കി ഇരുന്നു.
വിഷയം പതുക്കെ മാറ്റാനായി പുതിയൊരു കാര്യം എടുത്തിട്ടു. “ഇത് കഴിഞ്ഞ് ഫ്യൂച്ചർ പ്ലാൻ എന്താ?”
ആദ്യം അവളെന്നെ നോക്കി പിന്നെ പതിയെ ഒരു ചിരി വിടർന്നു. ഇഷ്ടമുള്ള എന്തോ കാര്യം ചോദിച്ച പോലെ.. “എയിമ്സിൽ പിജി ക്ക് ജോയിൻ ചെയ്യണം എന്നാണ് ആഗ്രഹം, സ്പെഷ്യലൈസിങ് ഇൻ ഓങ്കോളജി”