ഞാന്‍ കുറച്ചു കൂടി അടുത്ത് ചെന്ന് പറഞ്ഞു. “മൃദു ഇപ്പോഴും ഒന്നും പറഞ്ഞില്ല. ഞാന്‍ ഇത്രയും ദൂരം വന്നതും നിന്നതുമെല്ലാം മൃദുവിനെ കാണാന്‍ വേണ്ടി മാത്രമാണ്. നിനക്ക് താത്പര്യമില്ലെങ്കില്‍ ഞാനിനി വരുന്നില്ല.”
അവള്‍ വല്ലാതായി. മുഖത്ത് നോക്കുന്നില്ല.
“ഞാന്‍ പോകുന്നു.” എന്ന് പറഞ്ഞ് ഞാന്‍ തിരിഞ്ഞ് നടക്കാന്‍ തുടങ്ങി. പരിഭ്രമിച്ച ഒരു ശ്വാസോച്ഛ്വാസത്തിനു ശേഷം അവളുടെ ധൃതിയിലുള്ള ശബ്ദം കേട്ടു “പ്ലീസ്….”
ഞാന്‍ തിരിഞ്ഞു നിന്നു. “ഊം?”
“…അത്…ഞാനെന്താ പറയണ്ടത്?”
“ഞാന്‍ വരുന്നത് ഇഷ്ടപ്പെട്ടില്ലാന്നുണ്ടോ”
“അയ്യോ ഇല്ല…”
“അപ്പൊ ഇഷ്ടപ്പെട്ടോ?”
അതു കേട്ടപ്പോള്‍ അവളുടെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു. കീഴ്പോട്ട് നോക്കി ഒരു നിമിഷം സംശയിച്ച് അവള്‍ മെല്ലെ മൂളി “ഊം”.
“അപ്പോ ഇനിയും വരുന്നത് ഇഷ്ടമാണോ?”
ഇത്തവണ അവളുടെ മുഖത്തെ പുഞ്ചിരിയില്‍ നാണം കുറച്ചുകൂടി പൂത്തു. “ഊം” അവള്‍ വീണ്ടും മൂളി.
“ഇടയ്ക്കിടയ്ക്ക്?”
അവള്‍ക്ക് ശരിക്കും ചിരിവരുന്നുണ്ട്. അവള്‍ തിരിഞ്ഞു നിന്നു. ഞാന്‍ അപ്പുറം ചെന്ന് അവള്‍ക്ക് അഭിമുഖമായി നിന്ന് വീണ്ടും ചോദിച്ചു. “ഞാന്‍ ഇടയ്ക്കിടയ്ക്ക് വരുന്നത് ഇഷ്ടമാണോന്ന് ഇപ്പൊ പറഞ്ഞോണം. ഇഷ്ടമില്ലാത്തിടത്തേക്ക് വരാനൊന്നും ഞാനില്ല.” പരിഭവം സ്വരത്തില്‍ വരുത്തിയാണ് ഞാന്‍ പറഞ്ഞത്. വീണ്ടും അവള്‍ താഴോട്ടുനോക്കി മൂളി.
“എന്‍റെ മുഖത്തുനോക്കി പറയണം. ഇല്ലെങ്കില്‍ ഞാനിപ്പൊ പോവും.”
ഞാന്‍ തിരിയാന്‍ തുടങ്ങുമ്പോഴേക്കും അവള്‍ പെട്ടെന്ന് മുഖമുയര്‍ത്തി നോക്കി.
“ഊം”
“എന്ത്?”
“അത്…ഇഷ്ടമാണ്…”
“എന്ത്? എന്നെയോ?”
അവള്‍ക്ക് പെട്ടെന്ന് അബദ്ധം പറ്റിയത് മനസിലായി.
“…അത്…ഇടയ്ക്കിടയ്ക്ക്…അല്ല…വരുന്ന….വന്നാല്‍…കുഴപ്പമില്ല”
ഇത്രയുമായപ്പോഴേക്കും അവള്‍ ശരിക്കും ചിരിച്ചുപോയി.
ചിരി മറയ്ക്കാനായി മുഖം പൊത്താന്‍ കൈകള്‍ മുകളിലേക്ക് എടുത്ത അവളുടെ രണ്ടു കൈകളും ഞാന്‍ പെട്ടെന്ന് പിടിച്ചു വെച്ചു.
ചായക്കപ്പ് തരുമ്പോള്‍ ഒന്ന് തൊടാന്‍ മാത്രം സാധിച്ച അ മൃദുലഹസ്തങ്ങള്‍ ഞാന്‍ മൃദുലമായി, എന്നാല്‍ ദൃഢമായി എന്‍റെ കൈകള്‍ക്കുള്ളില്‍ ബന്ധിച്ചു.
“അങ്ങനെ ഇപ്പൊ മറയ്ക്കണ്ട. ആ ചിരി ഞാനൊന്ന് കാണട്ടെ.”
അവള്‍ക്ക് ചിരിയും നാണവും കൂടി കൈയില്‍ നില്‍ക്കാത്ത അവസ്ഥയായി.
അവള്‍ പിന്നിലേക്ക് നടക്കാന്‍ തുടങ്ങി, ഒപ്പം ഞാനും.