ഞാൻ താഴത്തെ നിലയിലേക്ക് ഇറങ്ങി ചെന്നു. ക്യാഷ്ൽ ഉള്ള അനൂപിനോട് കുറച്ചു നേരത്തേക്ക് മുകളിലേക്ക് വരണ്ട, എന്തെങ്കിലും ഉണ്ടെങ്കിൽ ഇന്റർകോമിൽ വിളിച്ചാൽ മതിയെന്ന് പറഞ്ഞു… അവൻ ശരിയെന്നു പറഞ്ഞു.. ഞാൻ മുകളിലേക്ക് പോയി..
കൈകൾ തെറുത്തു കയറ്റി പിന്നെ എന്റെ പേർസണൽ ലാപ് ടോപ് എടുത്തു തുറന്ന് ടെക്സ്റ്റൈൽസിലേക്ക് ആക്സസ്സ് ഓപ്പണാക്കി.. ജോസിനെയും കാത്തിരുന്നു.. പടിയിൽ കാലൊച്ച കേട്ടപ്പോൾ എന്റെ കൈകൾ മുറുകിത്തുടങ്ങി..
“ഹാ.. അജയ് മോനെ .. കൈ പൊക്കി വിഷ് ചെയ്തു കൊണ്ട് ജോസ് കയറി വന്നു.
“ആ ജോസേട്ടാ ഇരിക്ക്…” ഞാൻ മുന്നിലുള്ള കസേര ചൂണ്ടി പറഞ്ഞു…
“എന്താ കുഞ്ഞേ എന്നോട് വരാൻ പറഞ്ഞത്?” അയാൾ ആകാംഷയോടെ ചോദിച്ചു…
“പറയാം ജോസേട്ടാ.. എന്താ ഇത്ര ധൃതി..”
“അല്ല അവിടെ അത്യാവശ്യം ആളുണ്ട്, ഇവിടുത്തെ ഈ കാര്യം കഴിഞ്ഞാൽ നേരെ അങ്ങു ചെല്ലാമല്ലോ?”…
” ഹോ.. ഇതാണ് ഇക്കയ്ക്ക് ജോസേട്ടനോട് ഇത്ര സ്നേഹം.. ഇങ്ങനെ കടയെന്നു പറഞ്ഞു മരിക്കല്ലേ ജോസേട്ടാ.. കുറച്ചു നേരമ്പോക്ക് കൂടി വേണ്ടേ. ”
“കുഞ്ഞിന് അത് പറയാം.. ഇവിടുന്നു കിട്ടുന്ന ശമ്പളം കൊണ്ടാണ് ഞാനും എന്റെ കുടുംബവും കഞ്ഞി കുടിച്ചു കഴിയുന്നത്.. ഈ ജോലിയെന്റെ ചോറാണ്. അപ്പോൾ ഇത്തിരി ആത്മാർത്ഥത വേണ്ടേ.” വളരെ സത്യസന്ധമായ രീതിയിലുള്ള ആ സംസാരം കേട്ടപ്പോൾ എനിക്ക് ചൊറിഞ്ഞു കേറി വന്നു..
ദേഷ്യം ഞാൻ കടിച്ചു പിടിച്ചു..
“എന്നാൽ ഞാൻ ചേട്ടന്റെ ചോറിലെ ആത്മാർത്ഥത കുറച്ചു കാണുന്നില്ല…”
ഞാൻ ഒന്ന് നിവർന്നിരുന്നു.. പിന്നെ കൈകൾ വശങ്ങളിലേക്ക് ഒന്ന് വലിച്ചു വിട്ടു.
” അപ്പൊ ജോസേട്ടാ ഞാൻ വിളിച്ച കാര്യം, കഴിഞ്ഞയാഴ്ച എന്റെ ഫ്രണ്ട് വന്ന് നമ്മുടെ ഷോപ്പിൽ നിന്നും പർച്ചേസ് നടത്തിയിരുന്നു.. ജോസേട്ടൻ ആയിരുന്നു കൗണ്ടറിൽ.. അവന് ഡിസ്‌കൗണ്ട് കൊടുത്തില്ല എന്ന് എന്നെ വിളിച്ചു പറഞ്ഞു.. ”
“അയ്യോ കുഞ്ഞേ ആൾ മോന്റെ പേര് പറഞ്ഞിട്ടുണ്ടാവില്ല. പറഞ്ഞാൽ ഉറപ്പായും ജോസേട്ടൻ ഡിസ്‌കൗണ്ട് കൊടുത്തേനെ.”