അവളെന്റെ കൈ എടുത്തു മാറ്റി..ഷാ നാളെ മതി..നാളെ നമുക്കൊരു സ്ഥലം വരെ പോണം.
“എങ്ങോട്ടാ പോയത്”
ജനതാ ബസാറിൽ ഉള്ള ഒരു പഴയ ക്രിസ്ത്യൻ പള്ളി.അതിനുള്ളിലെ യേശുവിന്റെ ക്രൂശിത രൂപത്തിന് മുന്നില് വച്ചു അവളെനിക്കു ഒരു സമ്മാനം തന്നു.തുറന്നു നോക്കിയപ്പോൾ ഒരു സ്വർണ്ണചെയിൻ ആയിരുന്നു.അവളുടെ കഴുത്തിൽ കെട്ടാൻ പറഞ്ഞപ്പോൾ എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.കാരണം എനിക്കവളെ അത്രക്ക് ഇഷ്ടമായിരുന്നു.അങ്ങനെ ആ പള്ളിയിൽ വച്ചു മുസ്ലിമായ ഞാൻ ക്രിസ്ത്യാനിയായ അവളുടെ കഴുത്തിൽ മിന്നു ചാർത്തി.ഒരു മോതിരം അവളെന്റെ കയ്യിലുമണിഞ്ഞു.
പിന്നീടുള്ള ഒമ്പതു ദിവസവും ഞങ്ങൾ ഭാര്യാ ഭർത്താക്കന്മാരെ പോലെ ജീവിച്ചു.അവളെനിക്കു ഭക്ഷണം ഉണ്ടാക്കി തന്നു,വസ്ത്രങ്ങൾ അലക്കി തന്നു,അവളുടെ ചുമലിലേക്കു ചാരി നിർത്തി കുട്ടികളെ പോലെ കയ്യിലെയും കാലിലെയും നഖം വെട്ടി തന്നു..ആ ദിവസങ്ങളത്രയും അവളെന്റെ ഭാര്യയായിരുന്നു ഡോക്റ്റർ.
“ഏയ് കരയാതെ പറയൂ പിന്നീടെന്ത് സംഭവിച്ചു.”
വീട്ടുകാരുടെ സമ്മതത്തോടെ ഞങ്ങൾക്ക് ഒന്നാവാൻ കഴിയില്ലെന്ന് ഉറപ്പായിരുന്നു.അങ്ങനെ അവളുടെയും എന്റെയും കൂട്ടുകാരികളുടെ സഹായത്തോടെ ഞങ്ങൾ രെജിസ്റ്റർ മാരേജ് ചെയ്യാൻ തീരുമാനിച്ചു.വീട്ടിലുള്ള അവളുടെ സ്വർണ്ണവും ബാക്കി അവശ്യ സാധനങ്ങളും എടുക്കാൻ അവൾ നാട്ടിലേക്ക് പോയി..
പക്ഷെ വിവാഹം രെജിസ്റ്റർ ചെയ്യാൻ നിന്ന ദിവസം അവൾ വന്നില്ല.ഫോണ് സ്വിച്ച് ഓഫുമായിരുന്നു.
“അവൾ ചതിച്ചു അല്ലെ.. അതു കൊണ്ടാണോ നീ മരിക്കാൻ തീരുമാനിച്ചത്?’
അല്ല ഡോക്റ്റർ.രണ്ടാഴ്ച കഴിഞ്ഞു അവൾ വിളിച്ചു .വീട്ടിൽ വച്ചു അവളുടെ ഫോണിലെ മെസ്സേജുകളും ഞങ്ങളുടെ ഫോട്ടോയും അവളുടെ അച്ഛൻ കണ്ടു.അവളെ വീട്ടു തടങ്കലിൽ ആക്കിയിരിക്കുകയായിരുന്നു.എനിക്കെതിരെ കള്ള കേസുണ്ടാക്കാനും ശ്രമം നടത്തുന്നുണ്ടത്രേ.. ഒരു അവസരം കിട്ടിയപ്പോൾ അവൾ വീട് വിട്ടിറങ്ങിയതായിരുന്നു.പക്ഷെ അവൾ അവസാനം പറഞ്ഞതു കേട്ടു ഞാൻ ഞെട്ടി ഡോക്റ്ററെ…എന്റെ കുഞ്ഞു അവളുടെ വയറ്റിൽ വളരുന്നുണ്ടെന്നു.അവളപ്പോൾ എന്റെ അരികിൽ ഉണ്ടായിരുന്നെങ്കിൽ ഞാനവളെ കെട്ടിപ്പിടിച്ചു ഉമ്മ വെക്കുമായിരുന്നു.എന്റെ കുഞ്ഞ്.. എന്റെ..കുഞ്ഞാ.. ഡോക്റ്ററെ അവളുടെ വയറ്റിൽ..ചിരിക്കണോ കരയണോ എന്ന് എനിക്കറിയില്ലായിരുന്നുഈ ലോകത്തെ ഏറ്റവും വലിയ സന്തോഷവാൻ ആ സമയത്തു ഞാനായിരിക്കും ഡോക്റ്റർ.