അങ്ങനെ പറഞ്ഞു പറഞ്ഞു അത് ഒരു ഇടിയിൽ ആണ് തീർന്നത്. എന്നേക്കാൾ ഉയരവും വണ്ണവും ഉണ്ടായിരുന്ന അവനെ നേർക്കുനേർ നിന്നിടിച്ചിടൽ അത്ര എളുപ്പമല്ല എന്നെനിക്കു അവന്റെ ആദ്യത്തെ രണ്ടടി കിട്ടിയപ്പോൾ തന്നെ മനസ്സിലായി. പിന്നെ ഞാനൊന്നും നോക്കിയില്ല കയ്യിൽ കിട്ടിയത് ഒരു ബൈക്കിന്റെ ആക്‌സിലറേറ്റർ കേബിൾആയിരുന്നു അതിനു അവന്റെ മുതുകു നോക്കി ഞാൻ തലങ്ങും വിലങ്ങും വീശി പെട്ടെന്ന് ഇങ്ങനൊരു നീക്കം അവൻ പ്രേതീക്ഷിക്കാഞ്ഞത് കൊണ്ട് ഒരു നിമിഷം അവൻ പതറി. ഈ സമയം ഞാൻ അവന്റെ കൈകൾ അടിച്ചു പൊളിക്കാനുള്ള ശ്രെമത്തിലായിരുന്നു. പെട്ടെന്ന് റിലേ കിട്ടിയ അവൻ റോഡ് സൈഡിൽ കിടന്ന ഒരു വടിയെടുക്കാനായി തിരിഞ്ഞോടി അവന്റെ ഉദ്ദേശം മനസിലായ എനിക്ക് അവന്റ കയ്യിൽ ആ വടി കിട്ടിയാൽ എന്റെ കാര്യം തീരുമാനമാകും എന്നെനിക്കുറപ്പായി തിരിഞ്ഞോടിയാൽ നാണംകെടും അതോണ്ട് അവൻ ആ വടിയെടുക്കും മുന്നേ ഇതു ഫിനിഷ് ചെയ്യണം. ഇത്രേം കാര്യങ്ങൾ ചിന്തിച്ചെടുക്കാൻ ഒരു സെക്കൻഡ് പോലും വേണ്ടിവന്നില്ല.
അപ്പോഴേക്കും അവൻ ആ വടിയുടെ അടുത്തെത്തിയിരുന്നു അന്നേരം എനിക്ക് തോന്നിയത് അവനെ ചവിട്ടിയിടാനായിരുന്നു ഒരു നിമിഷം പോലും പാഴാക്കാതെ അവനെ ഞാൻ ഓടിച്ചെന്നു ആഞ്ഞു ചവിട്ടി.
ചവിട്ടു കൊണ്ട് അവൻ അവിടുണ്ടായിരുന്ന ഗേറ്റിൽ ഇടിച്ചു വീണു കിട്ടിയ സമയം പാഴാക്കാതെ അവന്റെ ഒരു കാല് ഗേറ്റിന്റെ അഴികൾക്കിടയിലൂടെ ഇട്ടിട്ടു എന്റെ കാലുകൊണ്ട് അവന്റെ കാല് ഗേറ്റിൽ നിന്നൂരി പോരാത്തതരത്തിൽ ലോക്കിട്ടു നിർത്തി എന്നിട്ടു ഞാനവനെ എന്റെ കലി തീരും വരെ അടിച്ചോണ്ടിരുന്നു. അപ്പോഴേക്കും സീനിയർസ് ഓടിവന്നു ഞങ്ങളെ പിടിച്ചുമാറ്റി. ഇതെല്ലാമറിഞ്ഞു അവളും അവിടെയെത്തിയിരുന്നു.
വായിൽ നിന്നും ചോരയൊലിപ്പിച്ചു നിന്ന എന്നെ അവൾ പിടിച്ചുവലിച്ചു കൊണ്ടുപോന്നു. അവൾ തന്നെ എന്നെ ഒരു കോഫി ഷോപ്പിലിരുത്തി ക്യാപ്പുച്ചിനോ വാങ്ങിതന്നു. അപ്പോഴും എന്റെ വായിലെ ചോരയൊലിപ്പ് നിലച്ചിട്ടില്ലായിരുന്നു. ഞാനന്ന് ഒരു കൂട്ടുകാരന്റെ കാറുമായിട്ടാണ് ക്ലാസ്സിൽ പോയത്.