നീ ഇവിടെ കൊറച്ചു നേരം കിടന്നോളൂ. അവന്റെ കണ്ണുകളിൽ വിരിഞ്ഞ ചോദ്യങ്ങൾ കണ്ടില്ലെന്നു നടിച്ച് കുമുദ് അവനെ കട്ടിലിലേക്ക് നയിച്ചു. മെത്തയിലമർന്നതു മാത്രം! പിന്നെയൊന്നുമവനറിഞ്ഞില്ല.
എണീറ്റപ്പോൾ തുറന്ന ജനാലയിലൂടെ നിലാവിന്റെ ഒരു പൊളി മെത്തയിൽ വീണിരുന്നു. നെഞ്ചിൽക്കിടന്ന ഏലസ്സു തുടിക്കുന്നപോലെ തോന്നി. എണീക്കാൻ ശ്രമിച്ചപ്പോൾ കെട്ടുപിണഞ്ഞു കിടന്ന പേശികൾ വലിഞ്ഞു നൊന്തു. ആഹ്.. അറിയാതെ വിളിച്ചുപോയി.
എന്താ എണീറ്റോ? ഒരു വിളക്കുമായി വന്ന കുമുദ് മന്ദഹസിച്ചു. സ്വർണ്ണനിറമുള്ള വെളിച്ചത്തിൽ അവളുടെ ഐശ്വര്യമുള്ള മുഖം തിളങ്ങി. വർഷങ്ങൾ അവൾക്കധികം മാറ്റം വരുത്തിയിട്ടില്ല എന്നവനറിഞ്ഞു… ഒപ്പം ഉള്ളിലൊരാന്തലും! താനെങ്ങിനെയാണ് ഇതറിഞ്ഞത്!
ഇവിടത്തെ ബിജ്ലി കട്ടുചെയ്തു. കൊറേ കുടിശ്ശികയായി. ഞാൻ തിരികെ വന്നിട്ട് മൂന്നാഴ്ച്ചയേ ആയുള്ളൂ. അവൾ ക്ഷമാപണത്തിൻ്റെ സ്വരത്തിൽ പറഞ്ഞു. വാ നീയെണീക്ക്. വിളക്കു മേശപ്പുറത്തു വെച്ചിട്ട് അവളവനെ താങ്ങി ഉയർത്തി.
അവർ ഹോളിലേക്കു നീങ്ങി. നീയിവിടെ ഇരിക്ക്. ഒരു പഴയ ഡെസ്ക്കിൻ്റെ അരികിലിട്ടിരുന്ന ബെഞ്ചിൽ അവളവനെയിരുത്തി. ഉള്ളിലേക്ക് പോയി ആവി പറക്കുന്ന ഒരു കുഞ്ഞു ചെരുവവുമായി വന്നു.
നീയെണീക്കുന്നതും കാത്ത് ഞാനിതടുപ്പിൽ കേറ്റിയതാണ്. ചൂടുവെള്ളത്തിൽ ഒരു തോർത്തു നനച്ചു പിഴിഞ്ഞിട്ട് അവൻ്റെ ചുമലിലേക്കവളമർത്തി.
ആഹ്! അവനൊന്നു വിളിച്ചുപോയി!
ശ്യാം! എന്താടാ! നിനക്കു പണ്ടേ വേദന സഹിക്കാൻ പറ്റില്ല. അവളൊരു കൊച്ചുപെണ്ണിനെപ്പോലെ കുണുങ്ങിച്ചിരിച്ചു.
നീയെന്താ എന്നെ വിളിച്ചത്! എബിയുടെ സ്വരമുയർന്നുപോയി! അവളൊന്നു പതറി.
എൻ്റെ പൊന്നേ! ഇന്നത്തെ ദിവസം നീയിത്തിരി വിശ്രമിക്ക്. ഞാനെല്ലാം നാളെ പറയാം. അവൾ കുനിഞ്ഞവൻ്റെ നിറുകയിലുമ്മവെച്ചു. മനസ്സില്ലാമനസ്സോടെ.. എന്നാലും അവശത കാരണം ഇത്തിരി സമ്മതത്തോടെ അവൻ അനുവാദം മൂളി. അവളുടെ മുഖം തെളിഞ്ഞു.
അപ്പോഴിന്നു നമ്മൾ പഴയകാര്യങ്ങൾ ഒന്നും പറയുന്നില്ല. ഇത്തിരി നാടൻ വാറ്റുചാരായം എടുക്കട്ടെ? നീ വന്നതും പ്രമാണിച്ച് ഞാൻ ഗ്രാമത്തിൽ നിന്നും വാങ്ങിയതാണ്. മീൻ വാങ്ങിയിട്ടുണ്ട് . നിനക്ക് ഇഷ്ട്ടമല്ലേ ?
ഉം.. അവൻ തലയാട്ടി.
കുമുദിന്റെ പിഴിച്ചിലും പിന്നെ ചൂടുവെള്ളത്തിൽ തുണിമുക്കി അവൾ ദേഹത്തുപറ്റിയ അഴുക്കുകൾ തുടച്ചതും കൂടിക്കഴിഞ്ഞപ്പോൾ പേശികളയഞ്ഞു .. എബി ഒന്നു മൂരി നിവർത്തു .
പിന്നെ അവളോടൊപ്പമിരുന്ന് ചാരായവും ചോറും മീൻ കറിയും തട്ടിയപ്പോൾ പിന്നെയും മയക്കം അവനെ പിടികൂടി. എന്നാലും അവൾ പറഞ്ഞ അവളുടെ ഇപ്പോഴത്തെ ചില കാര്യങ്ങൾ അയവിറക്കിക്കൊണ്ടാണ് കിടന്നത്.