ബ്രോ പോവാം. പള്ളിമുറ്റത്ത് ബൈക്കിലിരുന്ന എബിയെ ഫ്രെഡ്ഢി ജീപ്പിൻ്റെ ഡോറു തുറന്ന് ക്ഷണിച്ചു. കഥയുടെ ചിന്തയിൽ മുഴുകിയിരുന്ന എബി ഞെട്ടിയുണർന്നു.
തടിയൻ ഈസിയായി ഡ്രൈവു ചെയ്തു. താഴെ നിന്നും ഒരു ഐസ്ബോക്സ് തുറന്ന് ബിയർകാനെടുത്തു നീട്ടി..കയ്യോടെ എബിയതു പൊട്ടിച്ചു വായിലേക്ക് കമഴ്ത്തി.
അപ്പോഴാണ് അവൻ ദാഹമറിഞ്ഞത്. തൊണ്ട വരണ്ടിരുന്നു… ബീയറു മൊത്തം അകത്തായപ്പോൾ ഒരു സുഖം. നമ്മളെങ്ങോട്ടാണ് പോവുന്നത്? തടിയനോടു ചോദിച്ചു.
ഗോവേടെ സൗത്തിലേക്ക്. കർണാടക ബോർഡറിന് കൊറച്ചു കിലോമീറ്റർ ഉള്ളിലായിട്ട് നല്ല ഒന്നാന്തരം വിർജിൻ ബീച്ചുകളുണ്ട്. പണ്ട് ഡാഡിയൊണ്ടായിരുന്നപ്പോൾ എനിക്ക് നോർത്തിൽ ബിസിനസ്സു ചെയ്യാനായിരുന്നു താല്പര്യം. പിന്നെ അൻജുനേലും കാണ്ടോളിമിലും ബാഗേലുമായി മൂന്നു ബീച്ച് ഷാക്കുകളും തുറന്നു… പരാതി പറയുകയല്ല… കാശു കിട്ടും അവിടന്നൊക്കെ. പക്ഷേ നമക്കെന്തെങ്കിലും സ്വന്തം ഐഡിയയൊക്കെ നടപ്പിലാക്കണമെങ്കിൽ സൗത്താണ് നല്ലത്. ഭാവി ഡെവലപ്പ്മെൻ്റ് ഇവിടെയായിരിക്കും…
ഫ്രെഡ്ഢീടെ ഫാമിലി? എബിയാരാഞ്ഞു..
ഓ… ഇപ്പം സ്റ്റെല്ലേം സീനേം മാത്രം. എനിക്കീ ഭാര്യേം പരാതീനങ്ങളുമൊന്നും വയ്യെൻ്റെ ഇഷ്ടാ! തടിയൻ കുലുങ്ങിച്ചിരിച്ചു…
എബി വെളിയിലേക്കു നോക്കിയിരുന്നു… മെയിൻ റോഡിൽ നിന്നും വഴി തിരിഞ്ഞപ്പോൾ വീതി കുറഞ്ഞ നിരത്തുകളായി…രണ്ടു സൈഡിലും പച്ചപ്പു തഴച്ചുവളർന്നിരുന്നു. ചിലയിടങ്ങളിൽ പോർച്ചുഗീസ് മാതൃകയിലുള്ള വില്ലകളുടെ കൂട്ടങ്ങൾ… പിന്നെ ചെറിയ പീടികകൾ.. എങ്ങും കാണാവുന്ന വൈൻഷോപ്പുകൾ…
ഒന്നര മണിക്കൂറിലധികമായി തടിയൻ ഡ്രൈവുചെയ്യുന്നു. പെട്ടെന്ന് കടലിൻ്റെ മണം ശക്തമായി.. ഒരൂടുവഴിയിലൂടെ ഇത്തിരി നേരം. പൂഴികലർന്നു തുടങ്ങിയ മണ്ണിൽ ഒരു വശത്ത് തെങ്ങിൻ്റെ തണലിൽ തടിയൻ വണ്ടി പാർക്കുചെയ്തു. പിന്നെ ഐസ്ബോക്സുമെടുത്തു നടന്നു. എബി പുറകേ വിട്ടു.
ഒരിരുപതടി ദൂരം മാത്രം. എബിയുടെ ശ്വാസഗതി പെട്ടുന്നു കൂടി. മുന്നിൽ മനോഹരമായ ബീച്ച്! പഞ്ചസാരമണൽ… നോർത്തിലെ വൃത്തിയില്ലാത്ത ബീച്ചുകളെപ്പോലെയല്ല. ചപ്പുചവറുകളൊന്നുമില്ല. അടുത്തു തന്നെ ഒരു വലിയ കുടിൽ. തടിയനങ്ങോട്ടു നടന്നു..
ഷാക്കിൻ്റെ വിശാലമായ വരാന്തയിൽ നിന്നും നോക്കിയാൽ മണൽപ്പരപ്പും ശാന്തമായ നീലക്കടലും… ഒന്നോ രണ്ടോ ബോട്ടുകൾ മാത്രം ബീച്ചിലേക്ക് മൂക്കുകയറ്റി ഇരുപ്പുണ്ട്. ചൂരൽക്കസേരയിലിരുന്ന് തടിയൻ നീട്ടിയ ടെക്കീല ഷോട്ടുകൾ എബി രണ്ടെണ്ണം വിഴുങ്ങി. ഒപ്പം ഫ്രെഡ്ഡി ചടുലതയോടെ ഗ്യാസ് സ്റ്റൗവിൽ പാൻ വെച്ച് ഇത്തിരിയെണ്ണയൊഴിച്ച് പൊരിച്ചെടുത്ത നെയ്മീൻ കഷണങ്ങൾ… ആഹ്… അവനൊന്നു റിലാക്സ് ചെയ്തു.