നിനക്കറിയാമോ? ഞാൻ കരയുന്നത് ഞങ്ങളുടെ നഷ്ട്ടമായ ദിവസങ്ങളെയോർത്താണ്… ചെറുപ്പത്തിനെയോർത്താണ്…. നിഷ്കളങ്കതയോർത്താണ്…
ശ്യാമിനെന്തു സംഭവിച്ചു? എബി മാർദ്ദവമുള്ള സ്വരത്തിൽ ചോദിച്ചു…
ആ വേനലവധി മുഴുവനും ഞങ്ങൾ മൂവരുമാസ്വദിച്ചു. വീ ഹാഡ് എ ഗ്രേറ്റ് റ്റൈം. ഡാഡി ശ്യാമിനെ എൻ്റെ ഡ്രൈവറായി വിട്ടുതന്നു… പ്രെഗ്നൻസി ഗുളികകളിറങ്ങിയ കാലമായിരുന്നു. കൽക്കട്ടയിൽ നിന്നും ആൻ്റി അഞ്ചാറു സ്റ്റ്രിപ്പ് ടാബ്സെൻ്റെ ബാഗിലിട്ടു തന്നിരുന്നു… എൻജോയ് കിഡ്! ആൻ്റീടെ ചിരിയിപ്പോഴും ഓർമ്മയുണ്ട്…
പിന്നെന്തുണ്ടായി? അവൻ ചോദിച്ചു.
ശ്യാമിൻ്റെ മിയാൻ മരിച്ചതിൻ്റെ രണ്ടു വർഷം തികഞ്ഞപ്പോൾ അവനു കാശിയിൽപ്പോയി കർമ്മങ്ങൾ നടത്തണമെന്നൊരു തോന്നൽ. രണ്ടാഴ്ച കഴിഞ്ഞാണ് തിരിച്ചുവന്നത്. വന്നു രണ്ടുദിവസം കഴിഞ്ഞപ്പോൾ കാണാതായി…
ഇവറ്റകളൊന്നും ഒരിടത്തും നിൽക്കുകേല… നൊറീനാണ് ഡാഡിയോടു പറഞ്ഞത്… എന്നാൽ മൂന്നിൻ്റന്ന് മീൻപിടിത്തക്കാരുടെ വലയിൽ നിന്നും അവൻ്റെ ബോഡി കിട്ടി.. തലയില്ലായിരുന്നു… മീനുകൾ കൊത്തിയ കഴുത്ത്…വെള്ളത്തിൽ കിടന്നു ചീർത്ത ബോഡി… അവളൊന്നു വിറച്ചു… അവൻ്റെ പുറത്തുള്ള മുറിപ്പാടിൻ്റെ കലയും കൈത്തണ്ടയിൽ പച്ചകുത്തിയതും കണ്ടു കുമുദാണ് തിരിച്ചറിഞ്ഞത്…
നിനക്കറിയാമോ? സ്റ്റെല്ല നിറഞ്ഞ കണ്ണുകൾ അവൻ്റെ നേർക്കുയർത്തി… ഞങ്ങൾ തളർന്നുപോയടാ… പിന്നെയവൾ നിശ്ശബ്ദയായി…എബിയവളുടെ പുറത്തു മെല്ലെത്തലോടി… ആ വർഷം തന്നെ കുമുദും പോയി..പിന്നെ ഡാഡീടെ മനസ്സമാധാനത്തിനു വേണ്ടി സന്തോഷം നടിച്ചു… മറക്കാൻ ശ്രമിച്ചു…
ജോണെവിടെ? എബി ചോദിച്ചു.
രണ്ടാഴ്ച്ചത്തെ ടൂർ. മിനിഞ്ഞാന്ന് പോയി.. ആ…ജോണുള്ളതും ഇല്ലാത്തതും ഒരുപോലാണ്… നിനക്കറിയാമോ? ജോൺ ബോംബെയിലൊരു ഫ്ലാറ്റു വാടകയ്ക്കെടുത്തു. അങ്ങോട്ടു മാറുവാണ്. കമ്പനി വാടക കൊടുക്കും. ഞാൻ കൂടെ വരുന്നോ എന്നൊന്നും ചോദിച്ചില്ല. എനിക്കിവിടം വിടാൻ വയ്യടാ…. സ്റ്റെല്ല വീണ്ടും അവൻ്റെ നെഞ്ചിൽ മുഖമമർത്തി.. ഒരു കുഞ്ഞിനെപ്പോലെ അവളെ എബി മെല്ലെ തട്ടിയുറക്കി… ശാന്തമായ ശ്വാസം കേട്ടപ്പോൾ അവളെ മെല്ലെ തലയണയിലേക്ക് കിടത്തിയിട്ട് അവനെണീറ്റു. മത്തായി ചാടിയെണീറ്റു വാലാട്ടി. വാതിലടച്ചിട്ട് അവൻ ആൽബിയുടെ വില്ലയിലേക്ക് വണ്ടി തള്ളി സ്റ്റാൻഡിൽ വെച്ചു. വില്ല വൃത്തിയായിക്കിടക്കുന്നു. പോയി ചൂടുവെള്ളത്തിലൊന്നു കുളിച്ചു.. വേഷം മാറി സ്റ്റെല്ലയ്ക്കൊരു മെസേജുമയച്ചിട്ട് അവൻ മത്തായീടെ കൂടെ നടന്നു…
തലച്ചോറിനുള്ളിൽ പലതരം ചിന്തകളായിരുന്നു. ശ്യാമാരാണ്? താനെങ്ങിനെ ആ മൂന്നുപേരുടെ ജീവിതചക്രത്തിനുള്ളിൽ വന്നുപെട്ടു? ഇതൊക്കെ എബി മനസ്സുകൊണ്ട് അംഗീകരിച്ചിരുന്നു… സ്വീകരിച്ചിരുന്നു… അപ്പോഴേക്കും. പക്ഷേ ശ്യാമെങ്ങിനെ മരിച്ചു? ടീനയ്ക്കെന്തു പറ്റി? ഈ ചോദ്യങ്ങളാണ് ഉള്ളിൽ കരണ്ടുകൊണ്ടിരുന്നത്… ഒപ്പം ഇനിയെന്താവും എന്ന ഇത്തിരി ഭീതിയുളവാക്കുന്ന ചോദ്യവും.