എബി ഒരു ശ്വാസമെടുത്തു… വരുന്നവഴിയ്ക്കാലോചിച്ച് അവനൊരു തീരുമാനത്തിലെത്തിയിരുന്നു… ഇവിടെയിപ്പോൾ സത്യത്തിനെ നേരിട്ടില്ലെങ്കിൽ ഒരിക്കലും ഈ കുരുക്കഴിഞ്ഞില്ലെങ്കിലോ?
സ്റ്റെല്ല… അവനാ കണ്ണുകളിലേക്കു നോക്കി. അമ്മച്ചിക്കൊന്നുമില്ല. ഞാൻ നാട്ടിലേക്കൊന്നും പോയില്ല…
ഹെന്ത്! അവൾ ഞെട്ടിയകന്നു. നീ! അവളവൻ്റെ ചെകിട്ടത്തൊന്നു കൊടുത്തു. കണ്ണിൽക്കൂടെ പൊന്നീച്ച പറക്കുന്നതുപോലെ അവനു തോന്നി… എന്നാലും താടി തഴച്ചുവളർന്നു തുടങ്ങിയ കവിളവൻ തടവിയില്ല. അവളെ സൗമ്യനായി നോക്കി. ഇനിയും തല്ലണോ? അവൻ മന്ദഹസിച്ചു..
അവളുടെ മുഖം വീണു. ആ പാവം സീന. അവളും ഞാനും നിന്നെ വിളിക്കാൻ എന്തോരും ശ്രമിച്ചതാണ്! നൊറീൻ മരിച്ചെടാ… അവളുടെ കണ്ണുകൾ നിറഞ്ഞു…
നൊറീൻ്റെ ജീവനില്ലാത്ത ശരീരം രണ്ടാമതായി കണ്ടയാളാണ് ഞാൻ. സ്വരഭേദങ്ങളില്ലാതെ അവൻ പറഞ്ഞു…
ഏഹ്! അവൾ വീണ്ടും ഞെട്ടി. നീയെന്താ ഈ പറേണത്? നീയെവിടെയായിരുന്നു?
കുമുദിൻ്റെയൊപ്പം!
ഒന്നിനുപിറകെയൊന്നായി വന്ന വെളിപ്പെടലുകൾ അവൾക്കു താങ്ങാനാവുമായിരുന്നില്ല…. സ്റ്റെല്ല അവൻ്റെ കൈകളിലേക്ക് കുഴഞ്ഞുവീണു.
ആവിപറക്കുന്ന ചായയുടെ ഗന്ധം അവളെയുണർത്തി. കണ്ണുകൾ തുറന്നപ്പോൾ മെത്തയിൽ അവൻ്റെ മടിയിൽ തലചായ്ച്ചു കിടപ്പാണ്. അവൻ്റെ വിരലുകൾ നെറ്റിയിലും മുടിയിഴകളിലും തലോടുന്നു… അവളാ വിരലുകൾ പിടിച്ചുമ്മവെച്ചു… ജീവിതകാലം മുഴുവനും ഈ ഇളം ചൂടിൽ…ഈ സുരക്ഷിതത്വത്തിൽ മുഴുകിയിരുന്നെങ്കിൽ!
നീ ചായ കുടിക്ക്.. അവളെ ചാരിയിരുത്തി എബി ചായക്കോപ്പ നീട്ടി.
നീയാരാണ്? ചായ മൊത്തിയിട്ട് സ്റ്റെല്ല നിവർന്നിരുന്നു…
ഞാനെബിയാണ്. ഒപ്പം എവിടെയെല്ലാമോ ശ്യാമും. അവൻ സൗമ്യത കൈവെടിയാതെ പറഞ്ഞു. ഒപ്പം അവളുടെ കരങ്ങൾ കവർന്നു… നീ ഞാൻ പറയാൻ പോവുന്ന കാര്യങ്ങൾ ശാന്തമായി രക്തസമ്മർദ്ദം കൂട്ടാതെ കേൾക്കാമോ?
സ്റ്റെല്ല ആ സുന്ദരമായ മുഖത്തേക്കു നോക്കി. കുറ്റിത്താടി വളർന്നിരിക്കുന്നു… മുടിയും നീണ്ടു… പഴയ ശ്യാമിൻ്റെ ഒരു മുതിർന്ന പതിപ്പ്. ശരി. അവൾ തലയാട്ടി.
അവൻ പറഞ്ഞുതുടങ്ങി.. അവനെ കെട്ടിയിട്ടു പീഡിപ്പിച്ചതറിഞ്ഞപ്പോൾ അവളുടെ കണ്ണുകളിൽ വേദന നിഴലിച്ചു.. നൊറീൻ്റെ ശരീരം കണ്ടത് അവൾ ഞെട്ടലോടെയാണ് കേട്ടത്!
നൊറീൻ! അവളാണ്….അവളാണ്…. സ്റ്റെല്ല മന്ത്രിച്ചു. അപ്പൊഴേക്കും അവളവൻ്റെ നെഞ്ചിലേക്കു വീണിരുന്നു. കുമുദവനെ കണ്ടതും അവൻ്റെ ക്ഷതം പറ്റിയ ദേഹമവൾ അരുമയോടെ പരിചരിച്ചതുമെല്ലാം അവൻ വിവരിച്ചപ്പോൾ അവൻ്റെ നെഞ്ചിൽ അവളുടെ ചൂടുള്ള കണ്ണുനീരു വീണുപടർന്നു… നിശ്ശബ്ദമായി അവൾ തേങ്ങിക്കരഞ്ഞു… അവളുടെ വിറയ്ക്കുന്ന തോളുകളിലവൻ തഴുകി. തേങ്ങലടങ്ങിയപ്പോൾ അവൾ മുഖമുയർത്തി.