ഒരിക്കൽക്കൂടി…2
Orikkalkoodi..2 | Author : Rishi | Previous Part
ഒരു ഷോർട്ട്സ് മാത്രമിട്ട് താഴെ സീനയുടെ മണം പുരണ്ട സോഫയിൽ മുഖമമർത്തി കിടന്നുറങ്ങിയ എബിയെ കാലത്തുണർത്തിയത് ഫ്രെഡ്ഢിയുടെ ചിരിയാണ്.
ബ്രോ എന്തൊരുറക്കമാണ്! നീ വാതിലു ചാരിയിട്ടേ ഒണ്ടായിരുന്നൊള്ളൂ… നിന്നെ ബ്രേക്ഫാസ്റ്റിനു വരാൻ സ്റ്റെല്ല പറഞ്ഞു..
ഓ… എബിയെണീറ്റിരുന്നു. തിരിഞ്ഞു നടക്കാൻ പോയ ഫ്രെഡ്ഢി ഒന്നറച്ചുനിന്നു. പിന്നെ എബിയുടെ രോമങ്ങൾ ചുരുണ്ടു വളർന്നിരുന്ന വിരിഞ്ഞ നെഞ്ചിലേക്കവൻ സൂക്ഷിച്ചു നോക്കി. പിന്നെയടുത്തേക്കു ചെന്നു.
ഈ ഏലസ്സ്…. അവനത് മെല്ലെ എബിയുടെ നെഞ്ഞിൽ നിന്നുമുയർത്തി വിരലുകൾക്കിടയിലിട്ടു തിരുമ്മി… ഫ്രെഡ്ഢിയുടെ വിയർപ്പും ബൈക്കിന്റെ ഓയിലും കലർന്ന മണം എബിയെച്ചുറ്റി… ഒപ്പം വേറെയാരോ തങ്ങളുടെയൊപ്പമുള്ളതു പോലെ എബിക്കു തോന്നി..
ഓ! ഇതമ്മച്ചി തന്നതാ! പുള്ളിക്കാരീടെ അപ്പന്റെയായിരുന്നു. എബിയറിയാതെ പറഞ്ഞുപോയി!
ശരി. ഞാനങ്ങു വിടുവാണ്. നീയങ്ങു വന്നേരെ. ഒരിടം വരെപ്പോണം. നല്ല സ്ഥലമാണ്. ചിരിച്ചുകൊണ്ട് അവൻ പോയി…
ഡൈനിങ്ങ് മുറിയിൽ ജോണുണ്ടായിരുന്നു. ചിരിച്ചുകൊണ്ട് ചായയുടെ കോപ്പയിൽ നിന്നും ഒരു മഗ്ഗിലേക്കു പകർന്ന് എബിക്കു നീട്ടി.
“ഓല കത്തിച്ചുണ്ടാക്കിയ ചായയ്ക്ക് പ്രത്യേകിച്ചും കട്ടൻ ചായയ്ക്ക് സ്കോച്ച് വിസ്കിയുടെ ഗന്ധമായിരിക്കും.”… ചായമൊത്തിക്കൊണ്ട് പുനത്തിലിന്റെ വാക്കുകളോർത്ത് എബി ചിരിച്ചു..
അടുക്കളയിൽ നിന്നും വന്ന സ്റ്റെല്ല ഒരു വിടർന്ന പൂവുപോലെ തിളങ്ങിയിരുന്നു. പോറിഡ്ജും പാലുമവൾ മേശമേൽ നിരത്തി. എബിയെ നോക്കി അവൾ മന്ദഹസിച്ചപ്പോൾ കാറ്റിലാടുന്ന മാമ്പൂക്കളാണ് അവന്റെ മനസ്സിൽ തെളിഞ്ഞത്.
ഒരു കുന്നു സോസേജും ടോസ്റ്റും മറച്ചിരുന്ന ഫ്രെഡ്ഢിയുടെ മുഖം ഭക്ഷണം മെല്ലെ അലിഞ്ഞപ്പോൾ തെളിഞ്ഞു.. എബി പോറിഡ്ജും രണ്ടു സോസേജുകളും അകത്താക്കുമ്പോഴേക്ക് തടിയനെണീറ്റ് ഏമ്പക്കം വിട്ടു.
സ്റ്റെല്ലാ! ജോൺ! ഐ ആം ഓഫ്. ബ്രോ യൂ കമോവർ ടു ദ ഷാക്ക്. വഴിയറിയാമല്ലോ. തോളിനു പുറത്ത് എബിയ്ക്കൊരു ക്ഷണവുമെറിഞ്ഞ് ഫ്രെഡ്ഢി സ്ഥലം കാലിയാക്കി.
ജോൺ വളരെ ഈസിയായി കൊച്ചുവർത്തമാനങ്ങളും പറഞ്ഞ് ചായകുടി തുടർന്നു. എബിയുടെ സാന്നിദ്ധ്യം സ്റ്റെല്ലയേയും നല്ല മൂഡിലാക്കി. ഇടയ്ക്ക് ഫോൺ വന്നപ്പോൾ ജോണെണീറ്റു. അപ്പോഴാണ് വെളിയിലേക്ക് പോവാനുള്ള ഡ്രെസ്സിലാണെന്ന് എബി കണ്ടത്.