സുഗന്ധമവിടെ പരന്നിരുന്നു… അവൻ ചിരിച്ചുകൊണ്ടെണീറ്റു.
വീട്ടിലേക്ക് പോവാനുള്ള വഴിയറിയാമോ? തടിയൻ ചോദിച്ചു.
ഇല്ല.. എബി ചിരിച്ചു.
സാരമില്ല. അടുത്തുള്ള പള്ളിയറിയാമല്ലോ. ആ മൊബൈലിങ്ങ് തന്നേ. ഫ്രെഡ്ഢി ലൊക്കേഷനടിച്ചു കൊടുത്തു. അകത്തേക്ക് പോയി ഒരു പ്ലാസ്റ്റിക് പാക്കറ്റിൽ പൊതിഞ്ഞ ഇയർഫോണുകൾ അവനെയേൽപ്പിച്ചു.
ഈ സായിപ്പന്മാർക്ക് അവിടൊക്കെ ട്രെയിനിൽ പോവുമ്പം ഫ്രീയായി കിട്ടണതാണ്. ഇവിടെ ഇനീമൊണ്ട്. ഇതൊരു യൂസ് ആൻഡ് ത്രോ സാധനാണ്. മൊബൈലിന്റെ ജാക്കിൽ കുത്തി ചെവീല് തിരുകിക്കോ. ഗൂഗിൾ മദാമ്മ നിന്നെ പള്ളീലെത്തിച്ചോളും. പിന്നെ ഇവിടുത്തെ ലൊക്കേഷനും വാട്ട്സ്ആപ്പ് ചെയ്തിട്ടൊണ്ട്. നാളെ വിളിച്ചിട്ടെറങ്ങ്. തടിയൻ ചിരിച്ചപ്പോൾ കണ്ണുകൾ കവിളിലെ മാംസത്തിൽ പുതഞ്ഞു താണു..
എബി ബൈക്കിന്റെ കീ തിരുകി പഴയ പരുത്ത ജന്തുവിനെ ഒറ്റച്ചവിട്ടിന് സ്റ്റാർട്ടാക്കി. കേറിയിരുന്ന് ഒന്നിരപ്പിച്ചു. പിന്നെ നാലു സ്റ്റ്രോക്കുള്ള എൻജിന്റെ താളവുമനുഭവിച്ച് മെല്ലെയോടിച്ചു. ഇടയിൽ ഹെൽമെറ്റിന്റെ വൈസറുയർത്തിയപ്പോൾ ജലകണങ്ങൾ നിറഞ്ഞ വായു അവനെപ്പൊതിഞ്ഞു..
ഗൂഗിൾപ്പെൺകൊടിയുടെ മധുരമുള്ള സ്വരത്തിന്റെ അകമ്പടിയോടെ അവൻ പള്ളിമുറ്റത്തെത്തി. തണുപ്പുള്ള, ഈർപ്പം നിറഞ്ഞ കാറ്റടിച്ചപ്പോൾ ഉന്മേഷം തോന്നി. അവിടെ നിന്നും വില്ലയിലേക്ക്…
ഏസി ഓൺ ചെയ്യാൻ തോന്നിയില്ല. അവൻ ടീഷർട്ടും പാന്റും ഊരിയെറിഞ്ഞു. ഫാനിട്ടപ്പോൾ കറുത്ത ജട്ടി മാത്രം പൊതിഞ്ഞ, രോമംനിറഞ്ഞ തുടകളിലും നെഞ്ചിലും കാറ്റടിച്ച് വിയർപ്പുണങ്ങി ദേഹമൊന്നു തണുത്തു. അവൻ ലാപ്പു വലിച്ചു തുറന്നു.
“ഇന്ന് കൊറേ നാളു കൂടി ശരിയായ ഗോവയുടെ ഫീൽ കിട്ടി. കടൽത്തീരങ്ങളിലാണ്… തിരമാലകളിലാണ്… മുഖത്തു വീശിയടിക്കുന്ന ജലകണങ്ങൾ നിറഞ്ഞ കാറ്റിലാണ്…..ആർത്തലയ്ക്കുന്ന യൗവ്വനത്തിലാണ്…. ബിയറിലും ഫെനിയിലും മീനിലും പോർക്കിലുമാണ്… വായുവിലലിയുന്ന കഞ്ചാവിന്റെ ഗന്ധത്തിലാണ്…..
ഫ്രെഡ്ഢിയുടെ ചിരിക്കുന്ന സാന്നിദ്ധ്യം കാരണം സമയത്തിന്റെ വർണ്ണങ്ങൾ മാറിമറിഞ്ഞു….”
ഒന്നര മണിക്കൂർ തുടർച്ചയായി ലാപ്പിൽ ടൈപ്പു ചെയ്തു കഴിഞ്ഞാണ് എബി തല പൊക്കിയത്. അവനൊന്നെണീറ്റ് തല കുടഞ്ഞു… മെല്ലെ നടന്ന് ഫ്രിഡ്ജിൽ നിന്നും ഒരു ബിയറിന്റെ ക്യാനെടുത്ത് പൊട്ടിച്ച് വായിലേക്ക് കമിഴ്ത്തി.