ആശുപത്രിക്ക് മുമ്പിൽ വണ്ടി നിർത്തിയപ്പോൾ ഞാൻ കുഞ്ഞുമായി കാഷ്യോലിറ്റിയിലേക്ക് പാഞ്ഞു… ഡോക്ടർക്ക് മുമ്പിൽ കുഞ്ഞിനെ കിടത്തിയപ്പോൾ…. ഹാർട്ട് ബീറ്റ്‌സ് നോക്കിയ ഡോക്‌ടർ പറയാൻ വാക്കുകൾ കിട്ടാതെ പിടഞ്ഞു….. എന്റെ കണ്ണിൽ വെള്ളം വന്നു നിറഞ്ഞ് കാഴ്ചകൾ മങ്ങി… കാതുകളിൽ അവന്റെ കുഞ്ഞു കിന്നാരങ്ങൾ വീണ്ടും വീണ്ടും……..
മോർച്ചറിക്ക് മുമ്പിൽ കരയാൻ പോലുമാകാതെ വിറങ്ങലിച്ചിരിക്കുന്ന അവളേയും നോക്കി മരത്തണലിൽ ഇരിക്കുമ്പോൾ ലോട്ടറിക്കാരി വീണ്ടും എന്റെ അരികിലെത്തി….
“ഏതോ നല്ല വീട്ടിലെ കൊച്ചാ… കോളേജിൽ പഠിക്കുമ്പോൾ ഏതോ ഒരുത്തനോടൊപ്പം ഇറങ്ങി പോന്നതാ… അവനു കള്ളും കഞ്ചാവും മറ്റുപല ഇടപാടും ഉണ്ടെന്ന് അറിഞ്ഞപ്പോളേക്കും വയറ്റിൽ….. പിന്നെ ആരാന്റെ മുറ്റം അടിച്ചും പാത്രം കഴുകിയുമാ ആ കുഞ്ഞിനെ വളർത്തീത്.. ഈ കൊല്ലം അവനെ അംഗനവാടീൽ ചേർത്തു… ഓണപ്പരുപാടിക്ക് എല്ലാ പിള്ളേരും കോടി ഉടുത്തു വരുമ്പോൾ അവൻ മാത്രമെങ്ങനെ…. അതാ അവിടെ ചെന്നത്…. അപ്പോൾ അംഗനവാടീൽ ചേർത്തപ്പോൾ വാങ്ങീതിന്റെ ബാക്കി 150രൂപ കൂടി കൊടുക്കാൻ ഉണ്ടെന്ന് … ബസ്സ് സ്റ്റോപ്പിൽ നിന്ന് കരയുന്നത് കണ്ടപ്പോൾ ഞാൻ നിർബന്ധിച്ചിട്ടാ മോന്റെ മുമ്പിൽ… കിടന്നുപോയ കെട്ട്യോനെ നോക്കാൻ വേറെ വഴിയില്ലാത്തോണ്ടാ ഞാൻ ഇങ്ങനെ ഒരു പണിക്ക്… ഇതീന്ന് കിട്ടുന്ന കൂലിയാ മോനെ ഞങ്ങടെ കഞ്ഞി.. അല്ലാണ്ട് ഇത് വിറ്റിട്ട് ഇപ്പോൾ മരുന്നിനു പോലും തികയൂല… അതാ ഞാൻ അവളെ അങ്ങനെ നിർബന്ധിച്ചേ… ഇപ്പോൾ അതിന്റെ കൂലിയായി കിട്ടിയ ഇത് കയ്യിലിരുന്നു പൊള്ളുവാ…. “
സങ്കടം കാരണം പറഞ്ഞ വാക്കുകളിൽ പലതും അവരുടെ തൊണ്ടയിൽ കുടുങ്ങി…. അതും പറഞ്ഞവർ തുറന്ന് കാണിച്ച വലതുകൈയ്യിൽ നിന്നും താഴെ വീണ നൂറു രൂപ നോട്ട് കാറ്റിനൊപ്പം ലക്ഷ്യമില്ലാതെ പലതിലും തട്ടി തടവി പറന്നു നടന്നു…
ഞാൻ കാരണം അഴുക്കായ ശരീരവും വസ്ത്രവുമായി ചാരാൻ ഒരു തോളോ, തലയിൽ തടവി ആശ്വസിപ്പിക്കാൻ ഒരു കയ്യോ ഇല്ലാതെ…. ഒന്ന് പൊട്ടിക്കരയാൻ പോലുമാകാതെ മകന് വാങ്ങിയ ഓണക്കോടിയും മാറോടണച്ചു ഇരിക്കുന്ന അവളെ എന്ത് പറയണമെന്നോ എങ്ങനെ ആശ്വസിപ്പിക്കണമെന്നോ അറിയാതെ ഞാൻ നോക്കി നിന്നു….
ഇടതുവശത്തു വീട്ടിലേക്കുള്ള വഴിയാണ്, വലതുവശത്തു അവളും……
” എന്റെ വീട്ടിലേക്കാണോ അവളുടെ മനസ്സിലേക്കാണോ ദൂരക്കൂടുതൽ.”